ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ പിന്മാറ്റത്തിനൊപ്പം വ്യക്തിഗത ആനുകൂല്യങ്ങളും കുറഞ്ഞതോടെ സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനം ഗണ്യമായി കുറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ ഉത്പാദനം സംസ്ഥാനത്ത് മാസം ശരാശരി 7000 ടണ്ണോളമാണ് കുറഞ്ഞത്. കോവിഡ് കാലത്തുപോലും ഉലയാതെനിന്ന കേരള ഫീഡ്സിന്റെ തിരുവങ്ങൂര്‍ ഫാക്ടറിയിലെ ഉത്പാദനം 60 ശതമാനത്തിലേക്കിടിഞ്ഞു. മില്‍മയുടെ തീറ്റ ഉത്പാദനത്തിലും ഇടിവുണ്ടായി. ഏപ്രില്‍ മാസത്തെക്കാള്‍ 1000 ടണ്ണോളം കുറവാണ് തുടര്‍ന്നുള്ള മാസങ്ങളിലുണ്ടായത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ 250 രൂപ സബ്സിഡി പ്രഖ്യാപിച്ചതിനാല്‍ മലബാര്‍ മേഖലയില്‍മാത്രം അവര്‍ക്ക് പിടിച്ചുനില്‍ക്കാനായി.
ക്ഷീരകര്‍ഷകരുടെ പിന്മാറ്റം തിരിച്ചടി
കന്നുകുട്ടിപരിപാലനത്തിന് നടപ്പാക്കുന്ന ഗോവര്‍ധനി പദ്ധതിവഴി 2023-'24-ല്‍ സബ്സിഡി നല്‍കാതിരുന്നതും 'ക്യാപ്' പദ്ധതി മുടങ്ങിയതും ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ പിന്മാറ്റത്തിന് കാരണമായി. കന്നുകുട്ടി പരിപാലനത്തിനായി മൃഗസംരക്ഷണവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കിയിരുന്ന 'ക്യാപ്' പദ്ധതി പുനരാരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 2022-'23-ല്‍ സര്‍ക്കാര്‍വിഹിതം ലഭിക്കാതിരുന്നതോടെ പഞ്ചായത്തുകള്‍ തനിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു. വകുപ്പുവിഹിതമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍. പുതിയ സാമ്പത്തികവര്‍ഷംമുതല്‍ ഗോവര്ധനിപദ്ധതിക്കുള്ള തുകയനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഒരു പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 30 കിടാരികള്ക്കുമാത്രമാണ് ആനുകൂല്യം ലഭിക്കുക.
ഇടപെടലുണ്ട്, ലക്ഷ്യം കാണുന്നില്ല
ക്ഷീരമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ല. 2018-'23 കാലയളവില്‍ ക്ഷീരവികസനവകുപ്പ് 23 കോടിയിലധികം രൂപ നേരിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി 19 കോടിയും കോഴിക്കോട് ജില്ലയില്‍മാത്രം ചെലവഴിച്ചു. സര്ക്കാര്സഹായത്തില് 1,14,300 ടണ്‍ തീറ്റപ്പുല്ലും ഉത്പാദിപ്പിച്ചു. 2024-ലും സമാനരീതിയില്‍ 16.35 കോടിയോളം ചെലവഴിച്ചു.
ബാധിച്ചത് കേരള ഫീഡ്സിനെ
വ്യക്തിഗത ആനുകൂല്യങ്ങളുള്ള പദ്ധതികള്‍ വെട്ടിക്കുറച്ചത് കേരള ഫീഡ്സിനെയാണ് സാരമായി ബാധിച്ചത്. കന്നുകുട്ടിപരിപാലന പദ്ധതിവഴി എട്ടുജില്ലകളില്‍ കേരള ഫീഡ്സും ആറുജില്ലകളില്‍ മില്‍മയുമാണ് തീറ്റയെത്തിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യത്തിന് ഭൂരിപക്ഷം കര്‍ഷകരും ആശ്രയിക്കുന്നത് കേരള ഫീഡ്സിനെയാണ്. ജനുവരി, ജൂലായ് മാസങ്ങളിലെ ഉത്പാദനം താരതമ്യംചെയ്യുമ്പോള്‍ 5,69,114 ലിറ്ററിന്റെ കുറവാണുള്ളത്. ആകെ ഉത്പാദനത്തിന്റെ 30 ശതമാനം മാത്രമാണ് ക്ഷീരസംഘങ്ങള്‍ വഴി ശേഖരിക്കുന്നത്.
Content Highlights: Cattle Feed Manufacturers Kerala Animal husbandry
Published: 19 Aug 2024, 10:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented