കട്ടപ്പന: ആഭ്യന്തരവിപണിയിലെ ഉയർന്ന ആവശ്യംമൂലം ഏലം, കുരുമുളക് വിലകളിൽ ഉണ്ടായ ഉയർച്ച ഹൈറേഞ്ചിന് പ്രതീക്ഷയാകുന്നു. നിലവിൽ ഉത്പാദനം കുറവാണെങ്കിലും ഉയർന്നവില ലഭിക്കുന്നത് പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വില അതേപടി നിലനിന്നാൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ നഷ്ടം നികത്താമെന്നും ഇവർ കരുതുന്നു.

To advertise here,

കോവിഡ് കാലത്ത് ഹൈറേഞ്ചിലെ ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഇല്ലാതായതോടെ കിലോയ്ക്ക് 250-270 രൂപയായിരുന്നു കുരുമുളകിന് വില. നിലവിൽ 660 രൂപയാണ്. ഏലത്തിന്റെ വില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 2600 മുതൽ 3200 വരെയുണ്ട്. എങ്കിലും, പ്രതീക്ഷിച്ചതുപോലെ ഉത്പാദനം ഉയരാത്തത് ചെറിയ ആശങ്കയാണ്.

വിലയിടിവിനെത്തുടർന്ന് ഹൈറേഞ്ചിലെ കർഷകരിൽ പലരും ഭാഗികമായി കുരുമുളക് കൃഷിയിൽനിന്നും പിന്മാറിയതോടെ ഉത്പാദനം ഇടിഞ്ഞു. ഇതാണ് ഗുണമേന്മയേറിയ ഹൈറേഞ്ച് കുരുമുളകിന്റെ വില ഉയരാൻ കാരണം. വിലയിടിഞ്ഞ സമയത്ത് കർഷകരിൽ പലരും തങ്ങളുടെ പക്കലുള്ള മുളക് വിറ്റില്ല. വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ മുളക് സംഭരിച്ചു. വില ഉയർന്നതോടെ ഇവർക്കെല്ലാം നല്ല ലാഭംകിട്ടി.

ഒരു മാസത്തോളമായി ഇടുക്കിയിൽ ഏലത്തിനും മികച്ച വിലയാണ് ലഭിക്കുന്നത്. ശനിയാഴ്ച ഗ്രീൻ ഹൗസ് കാർഡമം മാർക്കറ്റിങ് ഇന്ത്യ നടത്തിയ ഇ-ലേലത്തിൽ 3120 രൂപ ഉയർന്നവിലയായി ലഭിച്ചു. ശരാശരി വില 2718 രൂപയാണ്. ഇതോടെ പ്രാദേശിക കമ്പോളങ്ങളിലും 2750 രൂപവരെ വില ലഭിക്കുന്നുണ്ട്.

സംഭരിച്ചുവെച്ചവർക്കും നേട്ടം

ഏലത്തിനും കുരുമളകിനും വിലയുണ്ടെങ്കിലും ഉത്പാദനം കുറവാണ്. സംഭരിച്ചുവെച്ച കുരുമുളകിനും ഏലത്തിനും വില ലഭിക്കുന്നത് സാധാരണക്കാരായ കർഷകർക്ക് ഗുണംചെയ്യും. ഓണനാൾവരെ ഏലംവില നിലനിന്നാൽ ഹൈറേഞ്ചിലെ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകും. ചെറുകിട കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.

മികച്ച വില നിലനിൽക്കണം

വില വർധിച്ചശേഷം ഒരു തവണയാണ് കർഷകർ വിളവെടുത്തത്. അനുകൂല കാലാവസ്ഥ ലഭിച്ചശേഷം ആദ്യത്തെ വിളവെടുപ്പായിരുന്നു അത്. ഇത്തവണത്തെ വിളവിൽ മികച്ച വില ലഭിച്ചെങ്കിലും വരുംകാലത്തെ വിളവെടുപ്പുകളിൽ വില ഇതേരീതിയിൽ തുടർന്നാലേ കർഷകർക്ക് നേട്ടമുള്ളൂ. പുളിയൻമലയിലെ ഏലം കർഷക അനിത സെന്തിൽകുമാർ പറയുന്നു.