
തിരുവനന്തപുരം: 2024-ലെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്. മികച്ച ക്ഷീരകർഷകനായി വയനാട് ജില്ലയിലെ യവനാർകുളത്ത് പുൽപ്പറമ്പിൽ വീട്ടിൽ പി.ഐ. തങ്കച്ചനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഇദ്ദേഹത്തിന് ലഭിക്കും. ഒരു ദശാബ്ദമായി നാൽപ്പതോളം കാലികളെ വളർത്തുന്നു. പ്രതിദിനം 500 ലിറ്ററോളം പാൽ ക്ഷീരസംഘങ്ങളിൽ അളക്കുന്നു. 48 ലിറ്റർ പാൽ പ്രതിദിനം കറവയുള്ള പശുക്കളും ഇദ്ദേഹത്തിനുണ്ട്.
വാണിജ്യ അടിസ്ഥാനത്തിൽ പശുക്കളെ വളർത്തുന്ന മികച്ചക്ഷീരകർഷകനുള്ള പുരസ്‌കാരത്തിന് വയനാട് ജില്ലയിലെ മാനന്തവാടിയിലെ അയ്യാനിക്കാട്ട് വീട്ടിൽ ലില്ലി മാത്യു അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. കുറഞ്ഞത് 50 പശുക്കളെ വളർത്തുന്ന കർഷകൻ എന്നതാണ് ഈ പുരസ്‌കാരത്തിന്റെ നിബന്ധന. ലില്ലി മാത്യു, 149 പശുക്കളെ വളർത്തുന്നുണ്ട്. ലില്ലീസ് ഫാം പ്രോഡക്ട്‌സ് എന്ന പേരിൽ 16 തരത്തിലുള്ള പാലുൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുന്നു.
മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്‌കാരം ഇടുക്കി, പുറപ്പുഴ കാവനാൽ വീട്ടിൽ നിഷ ബെന്നിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. മൂന്നോ അതിലധികമോ ഇനത്തിൽപെട്ട മൃഗ-പക്ഷി പരിപാലനം നടത്തുന്നവരെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്. പശുക്കൾ, ആട്, പന്നി, എരുമ, മുട്ടക്കോഴികൾ, കാടക്കോഴികൾ, ടർക്കിക്കോഴികൾ, അലങ്കരപ്പക്ഷികൾ, കിവി എന്നിവയും നിഷ ബെന്നിക്കുണ്ട്.
മികച്ച വനിതാ കർഷകയ്ക്കുള്ള പുരസ്‌കാരത്തിന് കൊല്ലം പുത്തൻകുളം കാവേരിയിൽ പ്രമീള അർഹയായി. 50,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവ ലഭിക്കും. 200 കറവപ്പശുക്കൾ, എരുമകൾ, ആട്, മുട്ടക്കോഴികൾ, താറാവ്, ടർക്കി എന്നിവ പ്രമീള വളർത്തുന്നുണ്ട്.
മികച്ച യുവകർഷകനായി പത്തനംതിട്ട ജില്ലയിൽ പന്തളം മാന്തറയിൽ എം. ആനന്ദകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. 35 വയസ്സിൽ താഴെയുള്ള യുവതീയുവാക്കളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്. ഫാമിലെ വരുമാനം, ശാസ്ത്രീയ പരിപാലനമുറകൾ, മാലിന്യ സംസ്‌കരണം, യന്ത്രവൽക്കരണം മുതലായ ഘടകങ്ങളെ ഇതിൽപരിഗണിച്ചിട്ടുണ്ട്.
മികച്ച പൗൾട്രി കർഷകയായി കണ്ണൂർ കാനൂർ, ബക്കളം ഗ്രീൻസിൽ കെ.വി. സിമിയെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. മുട്ടക്കോഴി, ഇറച്ചിക്കോഴി, കാട, താറാവ് എന്നിവയെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന കർഷകരെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്. വില്ലേജ് ടേസ്റ്റ് എന്ന പേരിൽ സിമി, മുട്ടകൾ ബ്രാൻഡ് ചെയ്ത് വിൽക്കുകയും ചെയ്യുന്നുണ്ട്.
ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരങ്ങൾ പ്രശസ്തിപത്രവും ഫലകവും
മൃഗസംരക്ഷണ വകുപ്പിലെ ഏഴ് ഉദ്യോഗസ്ഥർക്ക് മികവിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരങ്ങൾ
1.മികച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസർ- ഡോ. പി.കെ. മനോജുകുമാർ, (കോട്ടയം)
2.മികച്ച ഡെപ്യൂട്ടി ഡയറക്ടർ- ഡോ. സഖരിയ സാദിഖ് മധുരക്കറിയൻ (മലപ്പുറം)
3.മികച്ച ഫാം ഓഫീസർ- ഡോ. സിബി.കെ. ചാക്കോ,
(അസിസ്റ്റന്റ് ഡയറക്ടർ, പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം, ചാത്തമംഗലം, കോഴിക്കോട്)
4.മികച്ച എക്സ്റ്റൻഷൻ ഓഫീസർ- ഡോ. മുഹമ്മദ് ആസിഫ്( വെറ്ററിനറി സർജൻ, കട്ടിപ്പാറ, കോഴിക്കോട്)
5.മികച്ച വെറ്ററിനറി സർജൻ- ഡോ. നെൽസൺ എം. മാത്യു (വെറ്ററിനറി സർജൻ, പാറത്താനം, കോട്ടയം)
6.മികച്ച ഫീൽഡ് ഓഫീസർ- ബിജുക്കുട്ടി. (ജില്ലാ മൃഗസംരക്ഷണ ഓഫീസ്, തിരുവനന്തപുരം)
7.മികച്ച ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ- മനേഷ് കുമാർ.എസ്.എസ്. (വെറ്ററിനറി ഡിസ്‌പെൻസറി, ഇലകമൺ, തിരുവനന്തപുരം)
വാർത്താസമ്മേളനത്തിൽ ക്ഷീര-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ഡയറക്ടർ ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്‌മെന്റ് ഡോ. റെജിൽ എം.സി. ഐഎഎസ്, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. ഷൈൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: animal husbandry department award 2024
Published: 21 Feb 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented