പാലക്കാട്: കൃഷിയാവശ്യത്തിനായി കർഷകർക്ക് അനുവദിച്ചിരുന്ന കാർഷികവായ്പകൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിർത്തിവെച്ചത് ഒന്നാംവിള നെൽക്കൃഷിക്കൊരുങ്ങുന്ന കർഷകർക്ക് തിരിച്ചടിയാകുന്നു.
സഹകരണ ബാങ്കുകൾ കർഷകർക്ക് നൽകിവന്നിരുന്ന പലിശരഹിത വായ്പയും ദേശസാത്കൃത ബാങ്കുകൾ സ്വർണപ്പണയത്തിന്മേൽ നാലുശതമാനം പലിശയ്ക്ക് നൽകിയിരുന്ന വായ്പയുമാണ് ഈ വിളക്കാലംമുതൽ കർഷകർക്ക് ലഭിക്കാതായത്.
കൃഷിച്ചെലവിനായി വായ്പ അന്വേഷിച്ചെത്തുന്ന കർഷകർക്ക് നിലവിൽ ഇത്തരം വായ്പകൾ ലഭ്യമല്ലെന്ന മറുപടിയാണ് ബാങ്കധികൃതർ നൽകുന്നത്. ചുരുക്കം ചില സഹകരണ ബാങ്കുകൾ കർഷകരിൽനിന്ന് അപേക്ഷകൾ വാങ്ങിവെയ്ക്കുന്നുണ്ടെങ്കിലും വായ്പ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.
കഴിഞ്ഞ ഒന്നാംവിളയുടെയും രണ്ടാംവിളയുടെയും നെല്ലുവില ലഭിക്കാതെ നട്ടംതിരിയുന്ന കർഷകരാണ് കൃഷിയാവശ്യത്തിനുള്ള വായ്പതേടി ബാങ്കുകളെ സമീപിക്കുന്നത്. നെല്ലുവില എന്നുനൽകുമെന്ന് സപ്ലൈകോയുടെ ഭാഗത്തുനിന്നു കൃത്യമായ മറുപടിയില്ലാത്തതിനാൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും ആശ്രയിക്കാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.
ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് ഫണ്ടുപയോഗിച്ച് ആരംഭിച്ച പലിശരഹിത വായ്പാവിതരണം 2011 മുതലാണ് സഹകരണവകുപ്പ് ഏറ്റെടുത്തത്. ഏഴുശതമാനം പലിശ നിരക്കിലുള്ള കാർഷികവായ്പയുടെ നബാർഡ് സബ്സിഡിയായ മൂന്നുശതമാനം ഒഴിച്ചുള്ള തുക സഹകരണവകുപ്പ് ബാങ്കുകൾക്ക് തിരിച്ചുനൽകുന്ന രീതിയിലാണ് സംവിധാനം.
മുൻസീസണുകളിൽ നൽകിയ വായ്പയ്ക്ക് സർക്കാർ സഹകരണബാങ്കുകൾക്ക് നൽകേണ്ട പലിശവിഹിതം കുടിശ്ശികയായതോടെ സഹകരണ ബാങ്കുകളിലേറെയും പദ്ധതിയിൽനിന്ന് പിൻവലിഞ്ഞു. ഒക്ടോബറിനുശേഷം വായ്പകൾക്കുള്ള സഹായം നിലച്ചു. ഇതോടെ, വായ്പാ പലിശയിളവിനായി ബാങ്കുകൾ മറ്റു വരുമാനസ്രോതസ്സുകൾ കണ്ടെത്തേണ്ട സ്ഥിതിയായെന്ന് സഹകരണബാങ്ക് അധികൃതർ പറയുന്നു.
സ്വർണപ്പണയത്തിന്മേൽ നാലുശതമാനം പലിശനിരക്കിൽ ലഭിച്ചിരുന്ന കാർഷികവായ്പയ്ക്കാണ് ദേശസാത്കൃത ബാങ്കുകളെ കർഷകർ ആശ്രയിച്ചിരുന്നത്. ഇത്തരം വായ്പകളുടെ വിതരണം ഇനി പ്രോത്സാഹിപ്പിക്കേണ്ടെന്ന് പ്രധാന ഓഫീസിൽനിന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ഒരു ദേശസാത്കൃത ബാങ്കിന്റെ മാനേജർ പറഞ്ഞു.
Content Highlights: Hard times for farmers no interest free farm loans
Published: 29 Jun 2024, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented