കോട്ടയം: കാർഷിക കടാശ്വാസത്തിനായി, 2022 വരെയുള്ള അപേക്ഷകൾ സ്വീകരിക്കാൻ ശുപാർശ നൽകി കൃഷിവകുപ്പ്. ഇതുസംബന്ധിച്ച് കാർഷിക കടാശ്വാസ കമ്മിഷൻ കൊടുത്ത ശുപാർശ, വകുപ്പ് ധനവകുപ്പിന് കൈമാറുകയായിരുന്നു. നയപരമായ തീരുമാനമായതിനാൽ മന്ത്രിസഭയാകും അന്തിമനടപടിയെടുക്കുക.
ഇടുക്കി, വയനാട് ജില്ലകളിൽ 2020 ഓഗസ്റ്റ് 31 വരെയും മറ്റുജില്ലകളിൽ 2016 ഓഗസ്റ്റ് 31 വരെയുമുള്ള കടങ്ങളാണ് നിലവിൽ ആശ്വാസത്തിന് പരിഗണിക്കുന്നത്. ഇനിയും അർഹതപ്പെട്ടവരുണ്ടെന്ന് തോന്നിയതിനാൽ 2025 ഡിസംബർവരെ അപേക്ഷ നൽകാൻ അവസരം നൽകി. കമ്മിഷൻ തുടർച്ചയായി സിറ്റിങ് നടത്തി ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ അപേക്ഷകളിൽ ഏറെക്കുറെ തീർപ്പാക്കി. ഇടുക്കിയിൽ 34,000 അപേക്ഷ ഇനിയും തീർപ്പാക്കാനുണ്ട്.
ഇടുക്കി, വയനാട് ജില്ലകളിൽ 2020 സെപ്റ്റംബർമുതലും മറ്റുജില്ലകളിൽ 2016 സെപ്റ്റംബർമുതലുമുള്ള അപേക്ഷകളാണ് ഇനി നൽകേണ്ടത്. കോവിഡ് കാലമായിരുന്നതിനാൽ കർഷകർക്ക് വൻനഷ്ടമാണുണ്ടായത്. രണ്ടരലക്ഷത്തോളം കൃഷിക്കാരുടെ അപേക്ഷകളെങ്കിലും എത്താനുണ്ടാകും എന്നാണ് കണക്ക്. പ്രാഥമിക സംഘങ്ങളിൽനിന്ന് രണ്ടുലക്ഷം രൂപവരെ വായ്പയെടുത്തവരുടെ അപേക്ഷയാണ് ആശ്വാസത്തിന് പരിഗണിക്കുന്നത്. കമ്മിഷൻ അംഗീകരിച്ചാൽ വായ്പയിൽ പാതി സർക്കാർ, സംഘത്തിന് അടയ്ക്കും. ബാക്കി പാതി കർഷകൻ വഹിച്ചാൽമതി. കമ്മിഷൻ അംഗീകരിച്ച അപേക്ഷകളിൽ സംഘങ്ങൾക്ക് സർക്കാർവിഹിതം ഇനിയും കിട്ടാനുണ്ട്.
അംഗീകരിച്ചതിൽ കൊടുക്കാനുണ്ട്, 401 കോടി
സമീപകാലത്ത് 747 കോടി രൂപയുടെ കടാശ്വാസം കമ്മിഷൻ അംഗീകരിച്ചതിൽ 346 കോടിമാത്രമാണ് സംഘങ്ങൾക്ക് സർക്കാർ നൽകിയത്. 401 കോടി ഇപ്പോഴും ബാക്കി. സർക്കാർവിഹിതം കിട്ടുംവരെ കർഷകൻ കടക്കാരനായി തുടരും. അത് അവരുടെ സിബിൽ സ്കോറിനെയും ബാധിക്കും.
കാർഷിക കടാശ്വാസത്തിനുള്ള വർഷപരിധി ഉയർത്തണമെന്നാണ് കൃഷിവകുപ്പിന്റെ അഭിപ്രായമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അപേക്ഷകളിൽ യഥാസമയം തീരുമാനമെടുക്കുന്നുണ്ട്. കമ്മിഷന്റെ ശുപാർശ അംഗീകരിച്ചതും കർഷകതാത്പര്യം പരിഗണിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Kerala agriculture department recommends accepting farm loan waiver applications up to 2022. Over ₹401 crore pending. Get debt relief now!
Published: 06 Jan 2026, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented