മറയൂർ (ഇടുക്കി): അഞ്ചുനാട്ടിലെ ഗോത്രവർഗ ഗ്രാമങ്ങളിൽ ‘നറുംനൂറ്’ പദ്ധതി പ്രകാരം വിളഞ്ഞത് 800 കിലോ കിഴങ്ങ് വർഗങ്ങൾ. പണ്ട് കൃഷി ചെയ്തിരുന്നതും ഇപ്പോൾ അന്യംനിന്നുപോകുന്നതുമായ 26 ഇനം കാച്ചിലും 15 ഇനം ചേമ്പുമാണ് പദ്ധതിപ്രകാരം രണ്ട് കുടികളായി കൃഷി ചെയ്തത്. യാതൊരു രാസവളവും ചേർക്കാതെ വിളവെടുത്ത കാച്ചിലുകൾ വിത്തുകളാക്കി ഒൻപത് കുടികളിലെ കർഷകർക്ക് വിതരണം ചെയ്തു.

To advertise here,

കേരളത്തിലെ അന്യംനിന്നുപോയ കിഴങ്ങ് വർഗങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മറയൂർ സാൻഡൽ ഡിവിഷൻ നറുംനൂറ് (പരിശുദ്ധമായ കിഴങ്ങ്) പദ്ധതി തുടങ്ങിയത്. പലയിടത്തുനിന്നുമായി 40 ഇനം വിത്തുകൾ ശേഖരിച്ചു. ഇത് കമ്മാളംകുടിയിലെ വനസംരക്ഷണ സമിതിക്കും ഊഞ്ചാംപാറ കുടിയിലെ എൺപതുകാരി ലക്ഷ്മിയമ്മയ്ക്കും കൈമാറി. ഇവർ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തു. ആറ് മാസത്തിന് ശേഷം നൂറുമേനി വിളവാണ് ഉണ്ടായത്.

ലക്ഷ്മിയമ്മ 415 കിലോ ഉത്പാദിപ്പിച്ചു. കമ്മാളംകുടി വനസംരക്ഷണസമിതി 385 കിലോയും വിളയിച്ചു. ഒരു കിലോയ്ക്ക് 70 രൂപവീതം നൽകി 800 കിലോ കാച്ചിലും ചേമ്പും വനംവകുപ്പിന്റെ കീഴിലുള്ള വനവികസന ഏജൻസിതന്നെ വാങ്ങി.

ഇതിൽ 150 കിലോ പ്രദർശനത്തിനായി മാറ്റിവെച്ചു. ബാക്കി 650 കിലോ മറയൂരിലെ എട്ടുകുടികളിലും കാന്തല്ലൂരിലെ തീർഥമലക്കുടിയിലുമുള്ള വനസംരക്ഷണസമിതിയുടെ കീഴിലുള്ള കർഷകർക്ക് വില ഈടാക്കാതെ നല്കി. തീർഥമല കുടിക്കാർ 150 കിലോ കിഴങ്ങാണ് വാങ്ങിയത്. അടുത്ത സീസണിൽ പത്തിരട്ടി വിളവാണ് ലക്ഷ്യമിടുന്നത്. മറയൂർ പഞ്ചായത്ത് പ്രസിഡൻറ്‌ ദീപാ അരുൾ ജ്യോതി വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. മറയൂർ ചന്ദന ഡിവിഷൻ ഡിഎഫ്ഒ പി.ജെ. സുഹൈബ് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ ഹെൻട്രി, റേഞ്ച് ഓഫീസർമാരായ അബ്ജു കെ. അരുൺ, ടി. രഘുലാൽ, ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ വി.ആർ. ശ്രീകുമാർ, ഷൈജു വിശ്വനാഥൻ എന്നിവർ സംസാരിച്ചു.