
പഴങ്ങളുടെ കൃഷി പാരമ്പര്യങ്ങളുടെ കെട്ടുപാടില്‍നിന്ന് പുതുമകള്‍ തേടുകയാണ്. പാരമ്പര്യ പഴക്കൃഷികളില്‍ ആധുനിക കാലത്ത് കര്‍ഷകന് പലപ്പോഴും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. ഇതിനെ നേരിടാന്‍ വിപണി കീഴടക്കുന്ന പഴങ്ങള്‍ മലയാളിയുടെ പ്രിയമേറിയ ഇനങ്ങളായി മാറിക്കഴിഞ്ഞു.
റംബൂട്ടാനും മാങ്കോസ്റ്റിനും മുള്ളാത്തയും മില്‍ക്ക്ഫ്രൂട്ടും ഡ്രാഗണ്‍ ഫ്രൂട്ടും നാട്ടുകാരുടെ പ്രിയപ്പെട്ടതാകുമ്പോള്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം ഏറുകയാണ്. പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള നഴ്സറികളില്‍ പുതിയ പഴ ഇനങ്ങളുടെ തൈകളുടെ വില്‍പ്പന ഇത്തവണ കുത്തനെ വര്‍ധിച്ചു.
റബ്ബര്‍ വിലയിടിവുമൂലം മറ്റു കൃഷി സാദ്ധ്യതകള്‍ തേടുന്നവര്‍ വര്‍ധിക്കുകയാണ്. എന്നാല്‍, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോഴും കര്‍ഷകര്‍ക്ക് ആശങ്കകളുണ്ട്. രാമപുരത്തെ കര്‍ഷകരായ സണ്ണിയും ജയചന്ദ്രനും ടോമിയും ഈ മാറ്റങ്ങള്‍ തിരിച്ചറിയുന്നവരാണ്.
വാഴക്കൃഷിക്ക് നഷ്ടസാധ്യതകളേറെ
മലയാളികള്‍ പരമ്പരാഗതമായി കൃഷിചെയ്യുന്ന ഏത്തവാഴക്കൃഷി പലപ്പോഴും നഷ്ടസാധ്യതകളുടെ ആശങ്കകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കൊണ്ടാട് അള്ളുങ്കല്‍ ജയചന്ദ്രന്‍ പറയുന്നു. നല്ല വിളവ് ലഭിച്ചാല്‍ ശരാശരി പത്തുകിലോവരെയാണ് വാഴയില്‍നിന്ന് വിളവ് ലഭിക്കുക. നിലവില്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 22രൂപവരെയാണ് ലഭിക്കുക. വിത്തും വളവും പണിക്കൂലിയുമുള്‍പ്പെടെ ഒരുകിലോയ്ക്ക് മൂപ്പതുരൂപ ചെലവുവരുമെന്ന് ജയചന്ദ്രന്‍ പറയുന്നു.
40രൂപയെങ്കിലും ലഭിച്ചാലേ കര്‍ഷകന് വരുമാനം ലഭിക്കുകയുള്ളു. കാറ്റുമൂലവും കീടങ്ങള്‍മൂലവും കൃഷി നശിക്കുന്നതും നഷ്ടക്കണക്ക് വര്‍ധിപ്പിക്കുന്നു. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കിലേ നല്ല വിളവ് ലഭിക്കുകയുള്ളൂ. എന്നാല്‍, നല്ല വിളവും വിലയും ലഭിക്കുന്ന സീസണുകളുണ്ടാകാറുണ്ട്. പലപ്പോഴും സാഹചര്യങ്ങള്‍ എതിരാവുകയാണ്.
റംബൂട്ടാന്‍ വരുമാനം നല്‍കും, പക്ഷേ...
നിലവിലെ സാഹചര്യത്തില്‍ റംബൂട്ടാന്‍ കൃഷി ചെയ്യുന്നത് ആദായകരമാണെന്ന് പാലവേലി വണ്ടനാനിക്കല്‍ ടോമി പറയുന്നു. ഒരേക്കര്‍ തോട്ടത്തില്‍ 40 റംബൂട്ടാന്‍ മരങ്ങള്‍വരെ നടാം. പഴങ്ങള്‍ക്ക് സ്വന്തമായി വിപണി കണ്ടെത്താന്‍ സാധിച്ചാല്‍ 150രൂപ വരെ കിലോയ്ക്ക് ലഭിക്കും. മൊത്തക്കച്ചവടക്കാര്‍ക്ക് വിറ്റാല്‍ 130രൂപ മാത്രമേ ലഭിക്കുകയുള്ളൂ. പത്തുവര്‍ഷം പഴക്കമുള്ളതാണ് ടോമിയുടെ റംബൂട്ടാന്‍ മരങ്ങള്‍. ഓരോ മരത്തിനെയും പൊതിഞ്ഞ് വലയിട്ടാല്‍ മാത്രമേ പഴങ്ങള്‍ മിച്ചം ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം വവ്വാലും കിളികളും അണ്ണാനും ബാക്കിവെയ്ക്കില്ല.
വളപ്രയോഗം
ഒരു തവണയിടുന്ന വല മൂന്നുവര്‍ഷംവരെ ഉപയോഗിക്കാം. ഒരുമരത്തിന് നൂറുകിലോവരെ ജൈവവളങ്ങള്‍ ഇടേണ്ടതുണ്ട്. കോഴിവളമാണ് ഏറെയും നല്‍കുന്നത്. ഇതിന് മുടക്കേറെയാണ്. എങ്കിലും പഴങ്ങള്‍ കൃത്യസമയത്ത് വില്‍ക്കാന്‍ സാധിച്ചാല്‍ ഒരു മരത്തില്‍നിന്ന് പതിനായിരംരൂപ വരെ വരുമാനം ലഭിക്കും.
എറണാകുളത്തെ ചെറുകിട കച്ചവടക്കാര്‍ക്കാണ് പഴങ്ങള്‍ വില്‍ക്കുന്നത്. കൃത്യസമയത്ത് പഴങ്ങള്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അധ്വാനമെല്ലാം വെറുതെയാകും. റംബൂട്ടാന്റെ ഉത്പാദനം നാട്ടില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പഴങ്ങള്‍ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാനുള്ള ശീതികരണികളില്ലാത്ത സാഹചര്യമാണുള്ളത്. ഉദ്പാദനം വര്‍ധിക്കുമ്പോള്‍ ഇത് കര്‍ഷകര്‍ നേരിടുന്ന വന്‍പ്രതിസന്ധിയായി മാറും. പഴങ്ങളുടെ കയറ്റുമതിക്കുള്ള സാധ്യതകളെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
പഴങ്ങള്‍ ഇവ
റംബൂട്ടാന്‍
മലേഷ്യയില്‍നിന്ന് വന്ന അതിഥി. കാഞ്ഞിരപ്പള്ളി താലൂക്കിലായിരുന്നു ആദ്യത്തെ വലിയതോട്ടം. കിലോഗ്രാമിന് 400രൂപ വരെ കിട്ടിയിരുന്ന കാലത്തുനിന്ന് 120-140രൂപവരെയായി വിലയിടിഞ്ഞു. വൈറ്റമിന്‍ സി സാന്നിധ്യം.
പുലോസന്‍
മലേഷ്യന്‍ പഴം. റംബൂട്ടാന്റെ ഗുണങ്ങള്‍ ഇതിനുമുണ്ട്. കൂടുതല്‍ മാംസളമായ ഭാഗമുള്ളതിനാല്‍ ജ്യൂസിനും ഉപയോഗിക്കാം. 100-120രൂപ കിലോഗ്രാമിന്. വൈറ്റമിന്‍ സി സമൃദ്ധം.
മാങ്കോസ്റ്റിന്‍
കേരളത്തില്‍ പുതുമുഖമല്ല. എങ്കിലും റബ്ബര്‍ വെട്ടി ഇതിന്റെ തോട്ടം ഉണ്ടാക്കിയിവരുണ്ട്. തോട് മരുന്നിനും ഉപയോഗിക്കുന്നു.
പുതിയയിനം പ്ലാവുകള്‍
നാടന്‍ ഇനങ്ങളുടെ ബഡ് തൈകള്‍ കൂടാതെ വിദേശയിനങ്ങളും കൃഷിചെയ്യുന്നു. പത്തോളം ഇനങ്ങളാണ് ഈ രീതിയില്‍ വികസിപ്പിച്ചിട്ടുള്ളത്. ആയൂര്‍ജാക്ക് പോലുള്ളവ ഏറെ പ്രചാരം നേടി.
ഡ്രാഗണ്‍ ഫ്രൂട്ട്
വിദേശി. കിലോഗ്രാമിന് 300രൂപവരെ വില കിട്ടും. ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഏറെ പ്രിയം നേടി.
പരീക്ഷിക്കാന്‍ പഴങ്ങളേറെയുണ്ട്
പഴക്കൃഷിയില്‍ വാഴയ്ക്കും റംബൂട്ടാനും മാത്രമല്ല വിഭവങ്ങളേറെയാണെന്ന് വെള്ളിലാപ്പള്ളി ഇടിഞ്ഞാറപ്പള്ളി സണ്ണി പറയുന്നു. പക്ഷേ, നമ്മുടെ കൃഷി ചുരുക്കംചില വിഭവങ്ങളിലേക്ക് ചുരുങ്ങുകയാണ്. വിവിധ പഴവിഭവങ്ങള്‍ കൃഷിചെയ്ത് വൈവിധ്യത്തിനുള്ള പരീക്ഷണത്തിലാണ് സണ്ണി. പുതിയ ഇനങ്ങള്‍ ലാഭകരമാണ്. എന്നാല്‍, ഇവയെല്ലാം കൃത്യസമയത്ത് വിപണനം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇനിയും വികസിക്കേണ്ടതുണ്ട്.
Content Highlights: Tropical and Exotic Fruits Cultivation in Kerala
Published: 09 Jul 2020, 04:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented