മഴക്കാലം പലപ്പോഴും നായ്ക്കള്‍ക്ക് രോഗങ്ങളുടെ കാലം കൂടിയായി മാറാന്‍ സാധ്യതയുണ്ട്. സാംക്രമിക രോഗങ്ങള്‍, ദഹനക്കേട്, ശ്വാസകോശ പ്രശ്‌നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ചെവിയുടെ പ്രശ്‌നങ്ങള്‍ എന്നിവ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. പെരുമഴക്കാലത്ത് നായ്ക്കളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. നായ്ക്കള്‍ മഴ നനയുന്നതും ശരീരത്തില്‍ ഈര്‍പ്പമേല്‍ക്കുന്നതും ഒഴിവാക്കുക. ശരീരവും രോമക്കെട്ടും പരിപൂര്‍ണ്ണമായി പരമാവധി ഉണക്കി സൂക്ഷിക്കുക. ടവലുകള്‍, ബ്ലോവര്‍/ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ശരീരം ഉണക്കി സൂക്ഷിച്ചില്ലെങ്കില്‍ ഫംഗസ്, ബാക്ടീരിയ എന്നിവമൂലം ചര്‍മ്മരോഗമുണ്ടാക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിഫംഗല്‍ പൗഡറുകള്‍, വാട്ടര്‍ലെസ് ഷാംപൂ തുടങ്ങിയവ പ്രതിരോധത്തിനായി ഉപയോഗിക്കാം. പുറത്തിറങ്ങുമ്പോള്‍ പെട്ടെന്നു മഴ പെയ്താല്‍ സംരക്ഷിക്കാന്‍ നായ്ക്കള്‍ക്കായി റെയിന്‍ കോട്ടുകളും വിപണിയില്‍ കിട്ടും.
2. മഴക്കാലത്തിനു മുന്‍പേ നായ്ക്കളെ പൊതുവായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുക. വിരയിളക്കലും രോഗപ്രതിരോധ കുത്തിവെയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മഴയെത്തുന്നതിനു മുന്‍പേ നല്‍കണം. മഴക്കാലത്ത് വിരബാധയും സാംക്രമിക രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.
3.നായ്ക്കള്‍ ശുദ്ധജലം മാത്രമാണ് കുടിക്കുന്നതെന്ന് ഉറപ്പാക്കുക. മലിനജലം വഴി രോഗമെത്താം. തിളപ്പിച്ചാറ്റിയ വെള്ളം നല്‍കാന്‍ ശ്രമിക്കുക. കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാന്‍ അവസരം നല്‍കരുത്.
4.പുറത്തുള്ള നടത്തവും കളിയും മഴക്കാലത്ത് മുടങ്ങും. വ്യായാമം കുറയുന്നത് ദഹനത്തെയും ശോധനയേയും ബാധിക്കുന്നു. അതിനാല്‍ നാരുകളാല്‍ സമ്പന്നമായ ഭക്ഷണം നല്‍കുക. മാംസാഹാരവും എണ്ണ കൂടുതലുള്ള ഭക്ഷണവും അധികമാകരുത്. വീടിനകത്ത് ചെയ്യാന്‍ കഴിയുന്ന വ്യായാമം നായ്ക്കള്‍ക്ക് നല്‍കാം. ഉദാഹരണത്തിന് പടികള്‍ കയറുന്നത്. മഴക്കാലത്ത് നായക്ക് ലഭിക്കുന്ന ആക്ടിവിറ്റിയുടെ അടിസ്ഥാനത്തിലാവണം തീറ്റയുടെ അളവ് തീരുമാനിക്കേണ്ടത്.
5.നായയുടെ ചര്‍മ്മത്തിന് ചേര്‍ന്ന ( ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന) ഷാമ്പൂ ഉപയോഗിച്ച് പത്തു ദിവസം കൂടുമ്പോള്‍ അല്ലെങ്കില്‍ ഡോക്ടര്‍ പറയുന്ന ഇടവേളകളില്‍ നായ്ക്കളെ കുളിപ്പിക്കണം. കുളിക്കുശേഷം മുടി ഉണക്കുന്നത് പ്രധാനം. പുറത്ത് നടക്കാന്‍ പോകുമ്പോള്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക. കൊതുകുകടിയും മറ്റു ബാഹ്യ പരാദ ശല്യവും കുറയ്ക്കാന്‍ ഇത് സഹായിക്കും.
6.നഖംവെട്ടല്‍, ചെവികള്‍ വൃത്തിയാക്കല്‍, പല്ലുകളുടെ പരിശോധന, രോമാവരണപരിപാലനം എന്നിവയടങ്ങുന്ന ഗ്രൂമിങ്ങ് കൃത്യമായ ഇടവേളകളില്‍ ചെയ്യണം. മഴക്കാലത്ത് പുറത്തുപോയി വരുമ്പോഴെല്ലാം ചെവി വൃത്തിയാക്കണം. മറ്റു കാലാവസ്ഥകളില്‍ മാസത്തിലൊരിക്കല്‍ ചെവികള്‍ വൃത്തിയാക്കുമ്പോള്‍ മഴക്കാലത്ത് അത് ദിവസേന ചെയ്യേണ്ടി വരും. ദിവസത്തില്‍ രണ്ടു നേരമെങ്കിലും രോമക്കുപ്പായം ബ്രഷ് ചെയ്യണം.
7.കൊടുങ്കാറ്റും ഇടിയും മിന്നലുമൊക്കെ നായ്ക്കളില്‍ മാനസികസമ്മര്‍ദ്ദമുണ്ടാക്കാം. നായ്ക്കളെ സുരക്ഷിത സ്ഥലത്ത് പാര്‍പ്പിക്കുകയും നമ്മുടെ സാന്നിധ്യവും സ്പര്‍ശവും ഉറപ്പാക്കി ആശ്വസിപ്പിക്കുകയും വേണം .മാനസിക പ്രശ്‌നങ്ങള്‍ അധികമായി പ്രകടിപ്പിച്ചാല്‍ വെറ്ററിനറി സഹായം തേടാം.
8.നായ്ക്കളുടെ പാദങ്ങള്‍ സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഇതിനായി നായ്ക്കള്‍ക്ക് ഷൂ / ബൂട്ടുകള്‍ ധരിക്കാന്‍ നല്‍കുന്നവരുണ്ട്. പാദരക്ഷകള്‍ ധരിക്കാന്‍ മടി കാട്ടുന്ന നായ്ക്കളുടെ പാദങ്ങള്‍ അതീവശ്രദ്ധയോടെ വൃത്തിയായി ഉണക്കി സൂക്ഷിക്കണം.പുറത്തു നടക്കാന്‍ പോയി വരുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കൈകാലുകള്‍ കഴുകി, ടവല്‍/ ബ്ലോട്ടിങ്ങ് പേപ്പര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
9.നായ കിടക്കുന്ന സ്ഥലം ഈര്‍പ്പമില്ലാതെ ഉണക്കി സൂക്ഷിക്കണം. കിടക്കാന്‍ മെത്തകള്‍ നല്‍കണം. കൂടും പരിസരവും ശുചിയായി നനവില്ലാതെ കാക്കണം.
10.ചൂടും ഈര്‍പ്പവും ചേര്‍ന്ന കാലാവസ്ഥ ബാഹ്യ പരാദങ്ങള്‍ പെരുകാന്‍ കാരണമാകും. നിരവധി രോഗങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്ക് കഴിയുമെന്നതിനാല്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇത്തരം പരാദബാധയ്‌ക്കെതിരായ ഷാംപൂ, കോളര്‍, സ്‌പ്രേ, പൗഡര്‍ എന്നിവ ഉപയോഗിക്കാം.എലികള്‍, തെരുവുമൃഗങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കമുണ്ടാകാതെ ശ്രദ്ധിക്കുക. പുല്ലില്‍ നടക്കാന്‍ കൊണ്ടുപോകുന്നത് പരാദബാധയ്ക്ക് സാധ്യതയേറ്റുന്നു.
Content Highlights: tips to keep your pet healthy during rainy season
Published: 21 Jun 2024, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented