ഉമ്മുമ്മയുടെ കൈപിടിച്ച് തൊടിയിലൂടെ നടന്ന ആ അഞ്ചാംക്ലാസുകാരനിൽ നിന്ന് ഷിഹാബ് ഏറെ വളർന്നെങ്കിലും മനസിപ്പോഴും മലപ്പുറത്തെ ആ നാട്ടിൻപുറത്ത് തൊടിയിലൂടെ ഓടികളിച്ച് പ്രകൃതിയെ അറിഞ്ഞ് മണ്ണിനോട് ചേർന്ന് നിൽക്കുന്നതിൽ നിന്ന് ഒട്ടും പിന്നോട്ട് വലിഞ്ഞിട്ടില്ല. വർഷങ്ങൾക്കിപ്പുറം ജില്ലകളും സംസ്ഥാനങ്ങളും പിന്നിട്ട് വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ച് അ​ഗ്രോ ഇക്കോളജി എന്ന സങ്കല്പവുമായി പ്രകൃതിക്ക് കവചമൊരുക്കുകയാണ് ഈ യുവ കർഷകൻ. 50,000-ൽ അധികം മരങ്ങൾ നട്ടുപിടിപ്പിച്ചും നൂറുകണക്കിന് ഫുഡ് ഫോറസ്റ്റുകൾ നിർമ്മിച്ചും ജൈവവൈവിധ്യത്തിലൂടെ ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുകയാണ് അദ്ദേ​ഹം. 

To advertise here,

തരിശുഭൂമിയിൽ നിന്ന് ഭക്ഷ്യവനത്തിലേക്ക്

കുട്ടിക്കാലമത്രയും മണ്ണിനെയും പ്രകൃതിയെ അറിഞ്ഞ് വളർന്നതുക്കൊണ്ട് ഷിഹാബിന് എല്ലാക്കാലത്തും ഏത് സാഹചര്യത്തിലും അത് ജീവിതത്തിന്റെ ഭാ​ഗമായി മാറിക്കഴിഞ്ഞിരുന്നു. ഒഴിവുസമയമത്രയും മരം നടാനും ചെടികൾ പരിപാലിക്കുന്നതിനുമൊക്കായായാണ് ചിലവഴിച്ചിരുന്നത്. പിതാവും നല്ല ഒരു കർഷകനാണ്. നാട്ടിലെ സ്ഥലത്ത് നിരവധി കാർഷിക വിളകളും കൃഷിയുമെല്ലാം ഉണ്ട്. എഞ്ചിനിയറിങ് പഠനം പൂർത്തിയാക്കി ബെം​ഗളൂരുവിൽ ജോലിക്കെത്തിയപ്പോൾ കൃഷി ചെയ്യുന്നതിനുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ജീവിതത്തിന്റെ ഭാ​ഗമായി മാറിയ കൃഷി ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കാൻ സാധിക്കുന്നതായിരുന്നില്ല. താമസിച്ചിരുന്ന വീടിന്റെ ടെറസിൽ ​ഗ്രോബാ​ഗിൽ കൃഷി മുന്നോട്ടുകൊണ്ടുപോയി.

കൃഷിയോടും പ്രകൃതിയോടുമുള്ള തന്റെ താത്പര്യം മനസിലാക്കിയ സുഹൃത്തിന്റെ സുഹൃത്താണ് കർണാടക തമിഴ്നാട് അതിർത്തിയിലുള്ള ഹൊസൂരിൽ കുറച്ച് സ്ഥലത്ത് ഒരു ഫുഡ് ഫോറസ്റ്റുണ്ടാക്കാനുള്ള ആശയം പങ്കുവെച്ചത്. ഇവിടം സ്വർ​ഗമാണ് എന്ന സിനിമയിലേതുപോലെ ഒരു സ്വർ​ഗം തീർക്കണമെന്നതായിരുന്നു സ്വപ്നം. ഇത് ഒരു ഉദ്യമമായി കണ്ട് ഏറ്റെടുക്കുകയായിരുന്നു. 2014-15 കാലഘട്ടത്തിലായിരുന്നു ഈ ചുവടുവെപ്പ്. വാരാന്ത്യ അവധികൾ ഇതിനായി മാറ്റിവെച്ചു. നാട്ടിൽ നിന്നും തൈകളും മറ്റും എത്തിച്ചായിരുന്നു തുടക്കം. ആദ്യം പരീക്ഷണാർഥം അഞ്ച് ഏക്കറിൽ ആരംഭിച്ച ഉദ്യമം വർഷങ്ങൾക്കിപ്പുറം 320 ഏക്കറിലേക്ക് വ്യാപിച്ച കമ്യൂണിറ്റിയായി വളർന്നു. കേരളത്തിലെപോലെ കൂടുതൽ മഴ ലഭിക്കുന്ന കാലാവസ്ഥയല്ല ഹൊസൂരിലുള്ളത്. ഭക്ഷ്യവനമൊരുക്കേണ്ടത് തരിശുഭൂമിയിലും.. തരിശു ഭൂമിയെ ഹരിതവനമാക്കുക, നടക്കുമോയെന്ന് പലരും സംശയിച്ചപ്പോഴും മണ്ണിനെ അറിഞ്ഞ് അതിനനുസരിച്ചുള്ള കൃഷിരീതികൾ സ്വീകരിക്കുകയാണെങ്കിൽ ഇതൊന്നും ഒരു ബാലികേറാമലയല്ലെന്ന് ഷിഹാബ് ഉറപ്പിച്ചുപറയുന്നു.

placeholder
ഫുഡ്‌ഫോറസ്റ്റായി മാറിയ സ്ഥലം തരിശുഭൂമിയായിരുന്നപ്പോൾ | Photo: Special Arrangement

"ഫുഡ് ഫോറസ്റ്റ്" എന്ന വാക്കിനർത്ഥം നിങ്ങളുടെ സ്ഥലത്തെ ഭക്ഷ്യയോഗ്യമായ സ്ഥലമാക്കി മാറ്റുക എന്നതാണ്. ആവശ്യത്തിനും സ്ഥലത്തിനും അനുസൃതമായി ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ വൈവിധ്യമാർന്ന കൃഷിയാണ് ഈ ആശയം മുന്നോട്ടുവെയ്ക്കുന്നത്. പ്ലാവും മാവും മുതൽ പച്ചക്കറികളും കിഴങ്ങു വർഗങ്ങളുമൊക്കെയായി വൈവിധ്യങ്ങളുടെ മുഖമാണ് ഫുഡ് ഫോറസ്റ്റിന്. വിവിധതരം മാവുകൾ, പ്ലാവുകൾ, അവക്കാഡോ, നാരകം, സ്റ്റാർ ഫ്രൂട്ട്, കസ്റ്റാർഡ് ആപ്പിൾ, ചെറികൾ, മൾബറി, വിവിധ തരം കിഴങ്ങു വർ​ഗങ്ങൾ, പച്ചക്കറികൾ തുടങ്ങി പറഞ്ഞാൽ തീരാത്തത്ര വൈവിധ്യങ്ങളാണ് ഈ ഭക്ഷ്യവനത്തിലുള്ളത്. പ്രതിവർഷം ഏകദേശം ഒരു ചെറിയ പ്രദേശത്തുള്ള മാവുകളിൽ നിന്ന് മാത്രം ആയിരത്തിലധികം കിലോഗ്രാം മാങ്ങ ലഭിക്കുന്നുണ്ട്. അതുപോലെ എല്ലാ വിളകളിൽ നിന്നും നല്ല രീതിയിൽ ആദായം ലഭിക്കുന്നുണ്ട്. ഷിഹാബ് പറയുന്നു.

കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകൾ

മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ കൃഷിരീതി തിരഞ്ഞെടുക്കുകയെന്നതാണ് പ്രധാനം. എല്ലാ വിളകൾക്കും എല്ലാ മണ്ണും ഉത്തമമല്ല. കാലാവസ്ഥയും പ്രധാനമാണ്. ധാരാളം മഴ ലഭിക്കുന്ന പ്രദേശത്ത് കൂടുതലായി ഉത്പാദനം ലഭിക്കുന്ന വിളകൾ ചൂടു കൂടിയ പ്രദേശത്ത് അനുയോജ്യമാകണമെന്നില്ല. ഇതെല്ലാം തരിച്ചറിഞ്ഞ് വ്യക്തമായ ധാരണയോടെ വേണം പദ്ധതികൾ ആസൂത്രണം ചെയ്ത് മണ്ണിലേക്ക് ഇറങ്ങാൻ.

ഓരോ വിളകളും തമ്മിൽ കൃത്യമായ അകലം ആവശ്യമാണ്. ഒന്ന് മറ്റൊന്നിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണം. ഓരോരുത്തരുടെയും ആവശ്യങ്ങൾക്കും ഭൂമിക്കും അനുസൃതമായി വിളവൈവിധ്യം തിരഞ്ഞെടുക്കാം. ആദ്യമൊക്കെ ഇത്തരം വിഷയങ്ങളിൽ കൃത്യമായ അറിവുകളുണ്ടായിരുന്നില്ല. വായനയിൽ നിന്നും മറ്റു ഉറവിടങ്ങളിൽ നിന്നും വിവരങ്ങൾ കണ്ടെത്തി പഠിച്ച് പ്രായോ​ഗികമായി ഉപയോ​ഗിച്ചാണ് ഓരോ കാര്യങ്ങളും പഠിച്ചത്. ഇപ്പോഴും പുതിയ പുതിയ അറിവുകൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. അത് പകർന്നു നൽകുകയും ചെയ്യുന്നുണ്ട്.

ഭക്ഷ്യ വനം പരിപാലിക്കുന്നതിലെ പ്രധാന കാര്യം, അതിലെ ഓരോ ഘടകങ്ങളെയും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നതാണ്. പുതയിടൽ ഒരു പ്രധാന ഘടകമാണ്. നിരവധി ഉണങ്ങിയ ഇലകൾ ഈ ഭക്ഷ്യവനത്തിലുടനീളമുണ്ട്. ഇവ മണ്ണിന് പുതയിടുന്നതിലൂടെ മണ്ണിൽ ജൈവകാർബൺ നിലനിർത്താനും മണ്ണിന്റെ ഫലഭൂയിഷ്ടത വർധിക്കുന്നതിനും സഹായകരമാകും. മഴ കുറഞ്ഞ, അധികം ഫലഭൂയിഷ്ഠമല്ലാത്ത മണ്ണിൽ ഒരു ഹരിതവനം ഒരുക്കുന്നതിന് മിയാവാക്കി വനമാതൃക ഉത്തമമാണ്. 

placeholder
തരിശുഭൂമിയിൽ നിന്ന് ഫുഡ്‌ഫോറസ്റ്റിലേക്ക്‌| Photo: Special Arrangement

പ്രധാനമായും ഏഴു ലെയറുകളാണ് ഒരു ഫുഡ് ഫോറസ്റ്റിനുള്ളത്. ഉയർന്ന വിതാനമുള്ള മാവ്, പ്ലാവ് മുതലായവയാണ് ആദ്യ ലെയറിൽ ഉൾപ്പെടുന്നത്. ചെറിയ വിതാനമുള്ള നാരകം, സ്റ്റാർ ഫ്രൂട്ട്സ് എന്നിവയാണ് അടുത്ത ലെയറിൽ. മൂന്നാമത്തെ ലെയർ എന്നു പറയുന്നത് പെട്ടെന്ന് കായ്ക്കുന്ന പപ്പായ, വാഴ മുതലായവയുടേതാണ്. മധുര കിഴങ്ങ്, കാച്ചിൽ, ചേമ്പ് മുതലായ കിഴങ്ങുവർ​ഗങ്ങളുടേതാണ് അടുത്ത ലെയർ. പയർ മുതലായവ കവർ ക്രോപ്പുകളായി നടുന്നു. നൈട്രജൻ ഫിക്സിങ് ആയിട്ടുള്ള ചെടികളാണ് അടുത്ത ലെയറിൽ ഉൾപ്പെടുന്നത്. കൃഷിയെയും പരിസ്ഥിതിയെയും സമീകരിച്ചുള്ള അ​ഗ്രോ ഇക്കോളജി എന്ന സങ്കല്പമാണ് പിന്തുടരുന്നത്.  ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് ഫുഡ് ഫോറസ്റ്റ് ഒരുക്കൽ വിപുലപ്പെടുത്തി ഇപ്പോൾ ഷിഹാബ് മറ്റു രാജ്യങ്ങളിലുൾപ്പെടെ ഭക്ഷ്യവനങ്ങളൊരുക്കി നൽകുന്നുണ്ട്.

കമ്യൂണിറ്റി രൂപവത്കരണം

ഓരോ വ്യക്തിയും അവരവരുടെ ഭക്ഷ്യവനങ്ങളൊരുക്കേണ്ടതിനെ കുറിച്ച് അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരു കമ്യൂണിറ്റി രൂപവത്കരിച്ചത്. ഭക്ഷ്യവനം നിർമ്മിക്കുന്നതിനെക്കുറിച്ച് അവബോധം നൽകുകയും അവർക്ക് ഭക്ഷ്യവനം നിർമ്മിക്കാൻ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മണ്ണ്, അതിന്റെ ഘടന മനസിലാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളകൾ എങ്ങനെ തിരഞ്ഞെടുക്കാനും ആ പ്രദേശത്ത് വളരെ തദ്ദേശീയമായ വിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിളവെടുക്കുന്നതിനെ കുറിച്ചൊക്കയും ഒരു ബോധ്യം നൽകുക, പിന്തുണ നൽകുകയെന്നതാണ് ചെയ്തുവരുന്നത്.  

ഒരു സുപ്രഭാത്തിൽ ഒന്നും ചിന്തിക്കാതെ ജോലി ഉപേക്ഷിക്കരുതെന്ന് ഷിഹാബ് പറയുന്നു. സമയമെടുത്ത് കൃത്യമായ പഠനത്തിലൂടെ വ്യക്തമായ ആശയം ഉരുത്തിരിഞ്ഞതിന് ശേഷം മാത്രമേ പൂർണ്ണമായും ഇതിലേക്ക് ഇറങ്ങി തിരിക്കാൻ പാടുള്ളൂ. വാരാന്ത്യ സമയം അല്ലെങ്കിൽ ഒഴിവു സമയം സമാന്തരമായി കൃഷിക്കായി ഉപയോഗിച്ച് തുടക്കമിടുന്നതാവും ഉചിതം. സ്വയം നിലനിൽക്കാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാക്കിയെടുത്തതിന് ശേഷം മാത്രം ഇതിലേക്ക് തിരിയുന്നതിലൂടെ പെട്ടെന്നുള്ള മാറ്റത്തെതുടർന്ന് ഉണ്ടാവാൻ സാധ്യതയുള്ള മടുപ്പും നിരാശയും നഷ്ടവും ഒഴിവാക്കാൻ സാധിക്കും. അഞ്ചു വർഷത്തോളം ജോലി ചെയ്തതിന് ശേഷം കോവിഡിന് ശേഷം മാത്രമാണ് പൂർണ്ണമായും കൃഷിയിലേക്കും ഫുഡ് ഫോറസ്റ്റ് നിർമ്മാണത്തിലേക്കും നീങ്ങുന്നതിനുള്ള തീരുമാനത്തിലേക്കെത്തുന്നത്.

placeholder

മൂന്നു വർഷങ്ങൾക്കുള്ളിൽ ഫുഡ് ഫോറസ്റ്റ് സ്വയം പര്യാപ്തതയിലെത്തി തുടങ്ങും. പിന്നീട് വളരെ കുറച്ച് ശ്രദ്ധ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. നിരവധി പ്രോജക്ടുകൾ ഏറ്റെടുത്ത് ഫുഡ് ഫോറസ്റ്റുകൾ നിർമ്മിച്ചു നൽകുന്നുണ്ട്. വളരെ ശാസ്ത്രീയമാണ് ഓരോ ഫുഡ് ഫോറസ്റ്റും നിർമ്മിച്ചുനൽകുന്നത്. ജൈവ വളങ്ങളും കീടനാശിനികളുമാണ് ഉപയോ​ഗിക്കുന്നത്. സ്വന്തമായി നിർമ്മിച്ചെടുക്കുന്ന കമ്പോസ്റ്റും കൃഷിയിടത്തിൽ ഉപയോ​ഗിക്കുന്നു. എന്നാൽ ഇതെല്ലാം ആവശ്യാനുസരണം മാത്രമാണ് പ്രയോ​ഗിക്കുന്നത്. 

മാറുന്ന കാലത്ത് കാർബൺ സീക്വസ്‌ട്രേഷൻ വളരെയധികം പ്രാധാന്യമർഹിക്കുന്നു (ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വേണ്ടി അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ്  പിടിച്ചെടുത്ത് സംഭരിക്കുന്ന പ്രക്രിയ). അഗ്രോഫോറസ്ട്രി, കവർ ക്രോപ്പിങ്, പോലുള്ള കൃഷിരീതികൾ മണ്ണിന്റെ കാർബൺ സംഭരണവും (സോയിൽ കാർബൺ സീക്വസ്‌ട്രേഷൻ) മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു

കാർഷിക ടൂറിസം

കാർഷിക ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. അത് പ്രയോജനപ്പെടുത്തുന്നതിലൂടെ വലിയൊരു സമൂഹത്തെ കൃഷിയിലേക്കും ആകർഷിക്കാൻ കഴിയും മാത്രമല്ല കാർഷികവൃത്തിക്കപ്പുറം ഇതൊരു വരുമാനമാർ​ഗമാകുകയും ചെയ്യും. ആളുകൾക്ക് ഒഴിവുസമയം ഇത്തരം ഹരിതവനങ്ങളിൽ ചിലവഴിക്കാൻ വലിയ താത്പര്യമുണ്ട്. മാമ്പഴ ഫെസ്റ്റുകൾക്കൊക്കെ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. കൂടുതൽ വൈവിധ്യങ്ങൾ നിറയ്ക്കുന്നതിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കുന്നു. 

വെറുതെ ഫെസ്റ്റുകൾ സംഘടിപ്പിക്കുകയല്ല ചെയ്യുന്നത്, ചെടി നടുന്നതിനെ കുറിച്ചും പരിപാലിക്കുന്നതിനെ കുറിച്ചൊക്കെയും അവബോധം നൽകാറുമുണ്ട്. ഒരിക്കൽ ഒരു ചെറിയകുട്ടി ഫെസ്റ്റ് കഴിയാറായപ്പോൾ കരയുകയായിരുന്നു. കുട്ടിയുടെ അമ്മ വന്ന് അവനൊരു ചെടി കൊടുക്കാമോയെന്നാണ് ചോദിച്ചത്. ഒരു മാവിൻ തൈ നൽകിയപ്പോൾ കുട്ടിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നു.

placeholder

പക്ഷികളെ മരങ്ങളെ കുട്ടികൾ തിരിച്ചറിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. കുട്ടികൾക്ക് പ്രകൃതിയെ അറിഞ്ഞു വളരുന്നതിനൊരു സാഹചര്യമൊരുക്കുകയെന്നത് വലിയ ഉത്തരവാദിത്വമാണ്. കുട്ടികൾക്ക് ക്യാമ്പ് നടത്തുന്നതും വളരെ രസകരമാണ്. അവർ ഒരുപാട് സംശയങ്ങൾ ചോദിക്കും. പ്രകൃതിയിലെ ഓരോ ചലനവും അവർ അത്ഭുതത്തോടെ യാണ് വീക്ഷിക്കുന്നത്. വരും തലമുറകളിലേക്കും മണ്ണിനെയും പ്രകൃതിയെ അറിയുന്നതിനും സംരക്ഷിക്കുന്നതിനും വലിയ മാറ്റങ്ങളുടെ പാത കൂടി തുറക്കുകയാണ് ചെയ്യുന്നത്. ഇത് വലിയൊരു ഉദ്യമമാണ്. കുട്ടികൾ പ്രകൃതിയെ തൊട്ടറിഞ്ഞ് വളരണം. ഓരോ വൃക്ഷത്തിന്റെയും ഫലത്തിന്റെയും ചെടികളുടെയും കിളികളുടെയും മൃ​ഗങ്ങളുടെയും എല്ലാം പേരും സവിശേഷതകളും മനസിലാക്കി വളരണം. എങ്കിൽ മാത്രമേ അവർക്ക് നല്ലൊരു ബാല്യം ഉണ്ടാകുകയുള്ളൂ.

ഇന്ത്യയിലെ കൃഷി രീതിയിൽ 90 ശതമാനവും പരാജയമാണെന്നതാണ് യാഥാർത്ഥ്യം. കർഷകർ പ്രയാസപ്പെടുകയാണ്. ഒരൊറ്റവിള മാത്രം കൃഷി ചെയ്യുന്നതാണ് ഇതിന് പിന്നിൽ. വൈവിധ്യവത്കരണമാണ് ഉചിതമായ പരിഹാരം. ഒരു ഫുഡ് ഫോറസ്റ്റിൽ എപ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കാനുണ്ടാകും. സ്വയം പര്യാപ്തരാകുകയെന്നതാണ് ഫുഡ് ഫോറസ്റ്റിന്റെ ആധാരം. ഇതുകൊണ്ട് കൃഷിയുടെ മുഖം മൊത്തത്തിൽ മാറുമെന്നല്ല. ഉത്പന്നങ്ങളുടെ ബാഹുല്യം ഉണ്ടായാൽ വില കുറയും. അല്ലെങ്കിൽ കയറ്റുമതി പോലുള്ള മാർ​ഗങ്ങളിലേക്ക് കടക്കണം. വിപണിക്കനുസൃതമായി ചിന്തിക്കാൻ സാധിക്കുന്നിടത്താണ് വിജയം.

അൻപതിനായിരത്തിലധികം മരങ്ങൾ നട്ടിട്ടുണ്ട്. അഞൂറിലധികം ചെറുതും വലുതുമായ ഫുഡ് ഫോറസ്റ്റുകൾ രാജ്യത്തിനകത്തും പുറത്തുമായി സജ്ജമാക്കിയിട്ടുണ്ട്. ലോകം മുഴുവൻ ചുറ്റി നടന്ന് മരങ്ങൾ നടണമെന്നാണ് ആ​ഗ്രഹം. തരിശുഭൂമികൾ ഹരിതവനമാക്കണം. കൃഷി വെല്ലുവിളി നിറഞ്ഞ മേഖലയാണ്. സംയോജിത രീതിയാണ് ഇവിടെ സ്വീകരിക്കേണ്ടത്. ഇവിടെ വർക് ഷോപ്പുകൾ നടത്താറുണ്ട്, ഫുഡ് ഫോറസ്റ്റിലെ ഉത്പന്നങ്ങൾ വിൽക്കാറുണ്ട്, ഫുഡ് ഫോറസ്റ്റുകൾ ആളുകൾക്ക് നിർമ്മിച്ചു നൽകാറുണ്ട്. ഇത്തരത്തിൽ സംയോജിത രീതി പിന്തുടർന്നാൽ മാത്രമേ വിജയകരമായി കൃഷി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.