കേരളത്തിലെ കാര്‍ഷികമേഖല പല കാരണങ്ങളാല്‍ തകര്‍ച്ച നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനം, പാരമ്പര്യ കൃഷിരീതികളില്‍ വന്ന മാറ്റം, കാര്‍ഷിക പ്രവൃത്തികള്‍ക്കുള്ള ചെലവുകളുടെ വര്‍ധന, ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, കാര്‍ഷിക കമ്പോളങ്ങളുടെ അപര്യാപ്തത തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നു.

To advertise here,

മാറിവരുന്ന കാലഘട്ടങ്ങളില്‍ കൃഷി ലാഭകരമാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ പ്രധാന കാര്‍ഷികവിളയായ വാഴ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഉല്‍പ്പാദനച്ചെലവ്. കേരളത്തില്‍ വാഴയില്ലാത്ത ഒരു വീട് സങ്കല്‍പ്പിക്കാനാവാത്തതാണ്. ഗ്രാമ-നഗരഭേദമന്യേ, ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതും വ്യാപാരം നടത്തുന്നതുമായ കാര്‍ഷികോല്പന്നവും വാഴയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വരുമാന മാര്‍ഗമാക്കി വാഴകൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. കേരളം ഇന്നും വാഴപ്പഴത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഈ അവസ്ഥ മാറുന്നതിനും കൂടുതല്‍ കര്‍ഷകരെയും യുവതലമുറയെയും വാഴകൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും വാഴ ലാഭമുള്ള കൃഷിയാക്കി മാറ്റണം. അതിനുള്ള പ്രധാന മാര്‍ഗമാണ് വാഴയില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം.

ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ വാഴപ്പഴത്തിന്റെ വിളവെടുപ്പിനുശേഷമുള്ള നഷ്ടം ഏകദേശം 5-16% വരെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗമായും മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം പ്രോത്സാഹിപ്പിക്കേണ്ടതാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രം വാഴക്കൃഷിയുടെ പഠനത്തിനായി സ്ഥാപിതമായിട്ടുള്ള കേരളത്തിലെ ഏക ഗവേഷണകേന്ദ്രമാണ്. ഈ കേന്ദ്രത്തിന് കീഴില്‍ വിവിധങ്ങളായ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും പഠനങ്ങളും നടന്നുവരുന്നു. 

placeholder
വാഴനാരുൽപ്പന്നങ്ങൾ

വാഴകൃഷി ലാഭകരമായി നിലനിര്‍ത്തുവാന്‍ അതില്‍നിന്നു ലഭിക്കുന്ന വൈവിധ്യമാര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ സംസ്‌കരണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും അനിവാര്യമാണ്. വാഴയുടെ ഏതെല്ലാം ഭാഗങ്ങളാണ് അസംസ്‌കൃതവസ്തുവായി ഉപയോഗിക്കാവുന്നതെന്നു നോക്കിയാല്‍ ഒരു ഭാഗം പോലും പാഴാക്കിക്കളയേണ്ടതില്ല എന്ന് മനസ്സിലാക്കാം. എന്നാല്‍, വാഴയുടെ കുല ഒഴികെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്താതെ പാഴാക്കിക്കളയുന്നതാണ് കാലങ്ങളായുള്ള രീതി. ഇത്തരത്തില്‍ പാഴാക്കുന്ന വസ്തുക്കളുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണനത്തിലെത്തിച്ചാല്‍ വാഴകൃഷി നഷ്ടകൃഷിയാവാതെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും.

തെങ്ങുപോലെ തന്നെ എല്ലാ ഭാഗവും ഉപയോഗിക്കാവുന്ന ഒരു കാര്‍ഷികവിളയാണ് വാഴ. വാഴയുടെ ഇല മുതല്‍ വാഴക്കട (കന്ന്) വരെ ഉപയോഗിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഭക്ഷ്യയോഗ്യമായ ഉല്‍പ്പന്നങ്ങള്‍ക്കും കരകൗശല നിര്‍മാണത്തിനും വാഴയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. അത്തരം ചില ഉല്‍പ്പന്നങ്ങളെ പരിചയപ്പെടാം. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ താഴെ പറയുന്ന ഉല്‍പ്പന്നങ്ങള്‍ പോഷകമൂല്യം നഷ്ടപ്പെടാത്ത വിധത്തില്‍ ഉല്‍പ്പാദിപ്പിച്ചുവരുന്നു.

പച്ചക്കായ വിഭവങ്ങള്‍

കായ ഉപ്പേരി (ചിപ്‌സ്), മാസല ചിപ്‌സ്, ശര്‍ക്കര വരട്ടി, വാഴപ്പഴം ഉപ്പേരി,ചോക്ലേറ്റ് കായ ചിപ്‌സ്, ഫ്‌ലേക്കി ചിപ്‌സ്, കായപ്പൊടി (കുന്നന്‍, നേന്ത്രന്‍), ബനാന ഹെല്‍ത്ത് മിക്‌സ്, കായപ്പൊടി സൂപ്പ്, കായപുട്ട് പൊടി (അരിപ്പൊടി ചേര്‍ത്തത്), കായ ചപ്പാത്തിപ്പൊടി (ഗോതമ്പുപൊടി ചേര്‍ത്തത്), കായ നൂല്‍പ്പുട്ടുപൊടി, കായപ്പൊടി കുക്കീസ്, കായപ്പൊടി ബര്‍ഫി, കായപ്പൊടി സെവണ്‍ കപ്പ്, കായപ്പൊടി മൈസൂര്‍ പാവ്, കായപ്പൊടി ഗുലാബ് ജാം, കായപ്പൊടി ഹല്‍വ, കായപ്പൊടി പ്ലം കേക്ക്, കായപ്പൊടി ക്രീം കേക്ക്, കായപ്പൊടി ടീ കേക്ക്, കായപ്പൊടി സ്‌പോഞ്ച് കേക്ക്, കായപ്പൊടി പൊക്കുവട, കായപ്പൊടി മുറുക്ക്, കായപ്പൊടി ബിസ്‌ക്കറ്റ്, ന്യൂഡില്‍സ്, സാള്‍ട്ടഡ് ബ്രെഡ്, സ്വീറ്റ് ബ്രെഡ്, ബണ്‍, റൊട്ടി, മാക്രോണി, കായത്തൊലി കൊണ്ടാട്ടം, കായത്തൊലി-അരിപ്പൊടി കൊണ്ടാട്ടം, കായത്തൊലി അച്ചാര്‍, ബജി, പപ്പടം.

വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

ഫിഗ്, തേന്‍ പ്രിസര്‍വ്, പഞ്ചസാര പ്രിസര്‍വ്, പഴം വരട്ടി, കാന്‍ഡി, ജാം, പീസ് മിക്‌സ് ജാം, ജെല്ലി, ഹല്‍വ, ടോഫി, പായസം മിക്‌സ്, ചോക്ലേറ്റ് ഫിഗ്, പഴം ബാര്‍, തെര (പഴം അരച്ചെടുത്ത് മധുരം ചേര്‍ത്ത് വഴറ്റിയെടുത്ത് ഉണക്കിയാണ് പഴം തെര തയാറാക്കുന്നത്), വാഴപ്പഴം അച്ചാര്‍, സ്‌പ്രെഡ്, ചോക്ക്‌ലേറ്റ് കാന്‍ഡി, പഴം കേക്ക്, ലഡു, ഐസ്‌ക്രീം, സ്വീറ്റ് സോസ്, സ്‌പൈസി സോസ്, സ്വീറ്റ് ചട്ണി, കപ്പ് കേക്ക്, ഉണ്ണിയപ്പം, പഞ്ചാമൃതം, മഫിന്‍സ്

വാഴപ്പഴത്തില്‍ നിന്നുള്ള പാനീയങ്ങള്‍

പഴം ജ്യൂസ്, വാഴപ്പഴം നെക്ടര്‍, ജ്യൂസ് ആര്‍ടിഎസ്, വാഴപ്പഴം ജ്യൂസ് പൗഡര്‍, ജ്യൂസ് സോഡ, വാഴപ്പഴം തേന്‍, ജ്യൂസ് സ്‌ക്വാഷ്, വാഴപ്പഴം തേന്‍ പാനീയം, ജ്യൂസ് ക്രഷ്, കോണ്‍സന്‍ട്രേറ്റഡ് പെക്റ്റിന്‍, ജ്യൂസ് സിറപ്പ്

വാഴപ്പിണ്ടിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

വാഴപ്പിണ്ടി അച്ചാര്‍, വാഴപ്പിണ്ടി ജ്യൂസ്, വാഴപ്പിണ്ടി വെള്ളക്ക, വാഴപ്പിണ്ടി ഇഞ്ചി സ്വീറ്റ് ജ്യൂസ്, വാഴപ്പിണ്ടി ക്യാന്‍ഡി , വാഴപ്പിണ്ടി ജ്യൂസ് കോണ്‍സന്‍ട്രേറ്റഡ്, വാഴപ്പിണ്ടി കൊണ്ടാട്ടം, വാഴപ്പിണ്ടി ജ്യൂസ് വിത്ത് സോഡ

വാഴക്കല്ല ഉല്‍പ്പന്നങ്ങള്‍

വാഴക്കല്ല അച്ചാര്‍, വാഴക്കല്ല ക്യാന്‍ഡി

വാഴപ്പൂവ് ഉല്‍പ്പന്നങ്ങള്‍

അച്ചാര്‍

വൈന്‍

സ്‌ട്രോങ്ങ് വൈന്‍, ലൈറ്റ് വൈന്‍, മീഡിയം വൈന്‍, സ്പാര്‍ക്ലിങ് വൈന്‍

മറ്റ് ഉല്‍പ്പന്നങ്ങള്‍

ചൊറുക്ക (വിനാഗിരി), ആല്‍ക്കഹോള്‍

വാഴനാരുല്‍പ്പന്നങ്ങള്‍

വാഴയില, വാഴ നാര് എന്നിവ ഉപയോഗിച്ച് ധാരാളം കരകൗശലവസ്തുക്കള്‍ നിര്‍മിക്കാം. വാഴനാരില്‍നിന്നു സാരി, ഷര്‍ട്ട്, ചെരുപ്പ്, ബാഗ്, പേഴ്‌സ്, പെന്‍ ഹോള്‍ഡര്‍, ടേബിള്‍ മാറ്റ്, ഫ്‌ലോര്‍മാറ്റ്, ഫ്‌ലെവര്‍ വേയ്‌സ്, ബോട്ടില്‍ ആര്‍ട്ട്, വാള്‍ ഹാങ്ങറുകള്‍ (wall hangers), പായ... കൂടാതെ ധാരാളം അലങ്കാരവസ്തുക്കളും നിര്‍മിക്കാം. വാഴയിലയും വാഴനാരും ഉപയോഗിച്ചുള്ള ബൊക്കെ നിര്‍മാണം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രകൃതിക്കിണങ്ങാത്ത പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കും പകരം വാഴനാരുപയോഗിച്ചുള്ള അലങ്കാരവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നിര്‍മിക്കുകവഴി കര്‍ഷകര്‍ക്കും കലാപരമായ നൈപുണ്യമുള്ളവര്‍ക്കും ഒരു കൈത്താങ്ങായി മാറും. ഉപ്പുവെള്ളത്തെ നിയന്ത്രിക്കാന്‍ പ്രാപ്തമായതിനാല്‍ മീന്‍വലകള്‍ നിര്‍മിക്കാന്‍പോലും വാഴനാരുപയോഗിക്കാന്‍ സാധിക്കും. കൂടാതെ, കാളാമുണ്ടന്‍ ഉപയോഗിച്ച് ഷാംപുവും വാഴപ്പോള ഉപയോഗിച്ച് കൂണ്‍, കമ്പോസ്റ്റ് ഉല്‍പ്പാദനം നടത്താനും സാധ്യമാണ്. 

വാഴകൃഷി ലാഭകരമാക്കാന്‍ വാഴയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ആയതിനാല്‍, സാധ്യമായ അവസരങ്ങള്‍ മുതലെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ട് വന്ന്, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതുവഴി വ്യക്തിഗത  സാമൂഹിക പുരോഗതി കൈവരിക്കാം.

ചില മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം പരിചയപ്പെടാം

ഫിഗ്: പാകത്തിന് പഴുത്ത പഴം കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് മുഴുവനായും ഒരു ട്രേയില്‍ നിരത്തി ഒരാഴ്ച ഉണക്കി കഴിയുമ്പോള്‍ പഞ്ചസാരയോ ശര്‍ക്കരയോ പാനി ഉണ്ടാക്കി അതില്‍ മുക്കി ഒന്ന് രണ്ട് ദിവസം കൂടി ഉണക്കി എടുക്കുന്ന പഴങ്ങള്‍ ആണ് ഫിഗ്.

പഴം പ്രിസര്‍വ്: നേന്ത്രന്‍ പഴം വട്ടത്തില്‍ അരിഞ്ഞ് 70% വീര്യമുള്ള പഞ്ചസാര അല്ലെങ്കില്‍ തേന്‍ ലായനിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതിയാണ് പഴം പ്രിസര്‍വ്.

പഴം വരട്ടി: 70% വീര്യമുള്ള പഞ്ചസാര ലായനിയില്‍ സൂക്ഷിച്ച പഴം ലായനില്‍ നിന്നും മാറ്റി സാവധാനം ഉണക്കി എടുക്കുന്നതാണ് ക്യാന്‍ഡി. നേന്ത്രപ്പഴം വേവിച്ച് പള്‍പ്പാക്കി പഞ്ചസാര ചേര്‍ത്ത് വരട്ടി എടുക്കുന്നതാണ് പഴം വരട്ടി ക്യാന്‍ഡി.

ചോക്ലേറ്റ് കോട്ടഡ് ഉല്‍പ്പന്നങ്ങള്‍: ഫിഗ്, ക്യാന്‍ഡി, പഴം ബാര്‍ എന്നിവയ്ക്ക് ഒരു ആവരണമായി ചോക്ലേറ്റ് കോട്ട് ചെയ്ത് വിഭിന്ന ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാം.

ജാം: വിവിധ ചെറുപഴങ്ങള്‍ പ്രത്യേകം പള്‍പ്പാക്കി തുല്യ അളവില്‍ പഞ്ചസാരയും ചേര്‍ത്ത് സാവധാനം അടുപ്പത്തുവെച്ച് കുറുക്കി എടുക്കുന്നതാണ് ജാം.

പഴം പീസ് മിക്‌സ് ജാം: ജാം കുറുക്കി പാകമായി വരുമ്പോള്‍ അതില്‍ ക്യാന്‍ഡി ചെറിയ കഷണങ്ങളായി അരിഞ്ഞു ചേര്‍ത്ത് സംയോജിപ്പിച്ചു എടുക്കുന്നതാണ് പഴം പീസ് മിക്‌സ് ജാം.

ജെല്ലി: വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ജെല്ലി ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. ഇതിനായി നന്നായി പഴുക്കുന്നതിനു മുമ്പ് വേണം പഴം എടുക്കേണ്ടത്.

പഴം ഹല്‍വ: പഴം പള്‍പ്പ്, പഞ്ചസാര, കോണ്‍ഫ്‌ലോര്‍ അല്ലെങ്കില്‍ കൂവപ്പൊടി എന്നിവ ചേര്‍ത്ത് വരട്ടി ആകര്‍ഷണത്തിനും രുചി കൂട്ടുന്നതിനും അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് പഴം ഹല്‍വ ഉണ്ടാക്കാം

ടോഫി: പഴത്തിന്റെ പള്‍പ്പ്, പഞ്ചസാര, സിട്രിക്ആസിഡ്, പാല്‍പ്പൊടി, ഗ്ലൂക്കോസ്, ഉപ്പ് എന്നിവ നന്നായി സംയോജിപ്പിച്ച് എടുത്ത ശേഷം ഉരുളിയില്‍ കുറിക്കിയെടുത്ത് വെണ്ണ ചേര്‍ത്ത് ഇളക്കി മിഠായി രൂപത്തില്‍ ആക്കി ബട്ടര്‍ പേപ്പര്‍ കൊണ്ട് ആവരണം ചെയ്യുന്നതാണ് ടോഫി.

പഴം ബാര്‍/ തെര: ഒരു കിലോഗ്രാം പള്‍പ്പില്‍ 150 ഗ്രാം പഞ്ചസാര പഴത്തിന്റെ മധുരത്തിനനുസരിച്ച് ചേര്‍ത്ത് എണ്ണമയമുള്ള പാത്രത്തില്‍ ഒഴിച്ച് പരത്തി ഉണക്കിയെടുക്കുകയും ഇത് പലപ്രാവശ്യമായി ഒന്നിന്മേലെ ഒന്നായി മിശ്രിതം ഒഴിച്ചാണ് തെര തയ്യാറാക്കുന്നത്

പായസം മിക്‌സ്: അല്പം വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുക്കിയെടുത്ത് ചൂടാക്കിയ ഉരുളിയില്‍ നെയ്യ് ചേര്‍ത്ത ശേഷം പഴം പള്‍പ്പ് ശര്‍ക്കര പാനി ചേര്‍ത്ത് ഇളക്കി ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ഇത്.

സ്‌പ്രെഡ്: ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കിയെടുത്ത് അതില്‍ പഴം കഷണങ്ങളാക്കി ചേര്‍ത്ത് നല്ലപോലെ ഇളക്കി കുറുക്കിയെടുക്കുകയും അതില്‍ അണ്ടിപ്പരിപ്പും ജെല്ലിയും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് സ്‌പ്രെഡ്

പഴം കേക്ക്: കായപ്പൊടി, ബേക്കിങ് സോഡാ, ഏലക്കാ പൊടി എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്തശേഷം മുട്ട പഞ്ചസാര എണ്ണ നെയ്യ് എന്നിവ ചേര്‍ത്ത് വാനിലയും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് പഴം കേക്ക്

പഴം ലഡു: നേന്ത്രക്കായ പൊടി വെള്ളവും എണ്ണയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ തവിട്ടു നിറമാകുംവരെ വറുത്തെടുത്ത ശേഷം ലഡുവിലേക്കുള്ള മറ്റു ചേരുവകളും ചേര്‍ത്ത് പഞ്ചസാരപ്പാവ് കാച്ചി വലിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുന്നതാണിത്.

പഴം ഐസ്‌ക്രീം: പാല്‍, മില്‍ക്ക് ക്രീം, പഞ്ചസാര, പാല്‍പ്പൊടി, ഐസ്‌ക്രീം സ്റ്റബിലൈസര്‍ എന്നീ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്തു അര ദിവസം റഫ്രിജറേറ്ററില്‍ വെച്ച ശേഷം തണുത്ത ഈ മിശ്രിതത്തിന്റെ 15 ശതമാനം വരെ പള്‍പ്പോ ജൂസോ ചേര്‍ത്ത് അനുയോജ്യമായ പാത്രങ്ങളിലാക്കി തയ്യാറാക്കാം

മധുരമുള്ള പഴം ചട്‌നി: പഴം കഷണങ്ങളാക്കിയത്, പഞ്ചസാര, വെള്ളം, ഇഞ്ചി, വെളുത്തുള്ളി, വലിയ ഉള്ളി, മുളകുപൊടി, കറുവപ്പട്ട, ഗ്രാമ്പൂ, വിനാഗിരി, ഉപ്പ് എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. 

പഴം ജ്യൂസ്: പഴവും പെക്ടിനേസ് എന്‍സൈം ചേര്‍ത്ത് രുചികരമായ പഴം ജ്യൂസ് തയ്യാറാക്കാം.

ജ്യൂസ് ആര്‍ടിഎസ്: 15% പഴം ജ്യൂസില്‍ 10% പഞ്ചസാരയും ബാക്കി തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് ഒരു ലിറ്റര്‍ പഴം ജ്യൂസ് ആര്‍ടിഎസ് തയ്യാറാക്കാം.

ജ്യൂസ് സോഡ: വാഴപ്പഴത്തില്‍ നിന്നും തയ്യാറാക്കിയ ജ്യൂസില്‍ കാര്‍ബണേറ്റ് ചെയ്ത വെള്ളം ചേര്‍ത്ത് സോഡാ തയ്യാറാക്കാം.

സ്‌ക്വാഷ്: സ്‌ക്വാഷില്‍ ചുരുങ്ങിയത് 25% ജ്യൂസും 40% പഞ്ചസാരയും അടങ്ങിയിരിക്കണം.

ക്രഷ്: ക്രഷ് എന്ന ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തില്‍ 25% ജൂസും 55% പഞ്ചസാരയും ഉപയോഗിക്കേണ്ടതാണ്.

സിറപ്പ്: സിറപ്പ് തയ്യാറാക്കുമ്പോള്‍ 25 % ജ്യൂസും 65% പഞ്ചസാരയും ചേര്‍ത്തിരിക്കണം

നെക്ടര്‍: ഒരു ലിറ്റര്‍ ജ്യൂസില്‍ 200 ഗ്രാം പഞ്ചസാര ചൂടാക്കി ലയിപ്പിച്ച ഉല്‍പ്പന്നമാണ് നെക്ടര്‍.

പഴം തേന്‍: ജ്യൂസില്‍ പഞ്ചസാരയും ഗ്ലൂക്കോസും സിട്രിക് ആസിഡ് ചേര്‍ത്തുവെച്ച് അരമണിക്കൂര്‍ ശേഷം തേന്‍ പരുവം ആകുന്നതുവരെ തിളപ്പിച്ച് പഴം തേന്‍ ഉണ്ടാക്കാം.

പഴം സോസ് (മധുരമുള്ളത്): പുളിയുള്ള പാളയംകോടന്‍ പഴങ്ങള്‍, പഞ്ചസാര, വെള്ളം, വെളുത്തുള്ളി, ചെറിയ ഉള്ളി, സവാള, മുളകുപൊടി, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് മധുരമുള്ള പഴം സോസ് തയ്യാറാക്കാം.

പഴം സോസ് (സ്‌പൈസി ): മധുരമുള്ള പഴം സോസിന്റെ ചേരുവകളില്‍ പഞ്ചസാരയുടെ അളവ് കുറച്ച് ഉള്ളി സവാള സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ അളവ് ഇരട്ടിയെടുത്തു തയ്യാറാക്കുന്നതാണ് സ്‌പൈസി സോസ്.

പഴം തേന്‍: ജ്യൂസില്‍ പഞ്ചസാരയും ഗ്ലൂക്കോസും സിട്രിക് ആസിഡും ചേര്‍ത്ത് അരമണിക്കൂര്‍ വെച്ച ശേഷം തേന്‍ പരുവമാകുന്നതുവരെ തിളപ്പിക്കുക. ചൂടോടെ കുപ്പികളിലാക്കി തണുക്കുമ്പോള്‍ സീല്‍ ചെയ്യണം. 

തേന്‍ ആര്‍ടിഎസ്: പഴം തേന്‍ തയ്യാറാക്കി അതില്‍ നിന്ന് 20 മില്ലി തേന്‍ 100 മില്ലി തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കലര്‍ത്തി, 25 ഗ്രാം പഴത്തിന്റെ കഷ്ണങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് തേന്‍ ആര്‍.ടി.എസ്. ഇത് തണുപ്പിച്ചെടുത്താല്‍ സ്വാദിഷ്ഠമായ ഒരു പാനീയമാണ്. 

മസാല ഉപ്പേരി: പൊപൗലു, നേന്ത്രന്‍ എന്നീ ഇനങ്ങള്‍ ഉപയോഗപ്പെടുത്തി നീളത്തില്‍ അരിഞ്ഞ് വറുത്തെടുത്ത് എണ്ണ വലിഞ്ഞതിനുശേഷം മസാലചേര്‍ത്ത് പ്രത്യേക സ്വാദോടുകൂടിയ ഉപ്പേരികളും തയ്യാറാക്കാം.

കായപ്പൊടി/പൊടിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍: കായപ്പൊടി തന്നെ വളരെ പോഷകസമ്പുഷ്ടമായ ഒരു വിഭവമാണ്. പ്രാചീനകാലം മുതല്‍ തന്നെ കായപ്പൊടി പ്രത്യേകിച്ച് 'കുന്നന്‍കായപ്പൊടി' ശിശു ആഹാരമായി ഉപയോഗിച്ചിരുന്നു. പൊട്ടാസ്യം കാത്സ്യം എന്നീ മൂലകങ്ങള്‍ ഉയര്‍ന്ന അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കായപ്പൊടി മുതിര്‍ന്നവര്‍ക്കും ഒരു ഉത്തമ ആഹാരമായി ഉപയോഗപ്പെടുത്താം.

കായപ്പൊടി സൂപ്പ് മിക്‌സ്: കുന്നന്‍ പൊടി, ഗോതമ്പ് മുളപ്പിച്ചത്, പഞ്ചസാര, വെള്ള കുരുമുളക്, ഗരം മസാല, ഉപ്പ്, സിട്രിക്ക് ആസിഡ്, ഉണക്കിയ പച്ചക്കറികള്‍, ഉള്ളി പൊടി, ഇഞ്ചി പൊടി, ചുക്ക് പൊടി എന്നീ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് 100 ഗ്രാം സൂപ്പ് മിക്‌സ് തയ്യാറാക്കാം.  

ഹെല്‍ത്ത് മിക്‌സ്: കായപ്പൊടി, ചെറുപയര്‍ പൊടി, കൂവരക്, ബാര്‍ലി, പഞ്ചസാര, ഉപ്പ്, ഏലക്ക പൊടി, പാല്‍ പൊടി, കശുവണ്ടി പരിപ്പ്, ബദാം, ഗോതമ്പ് മുളപ്പിച്ചത, ഓട്ട്‌സ് എന്നീ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് ഹെല്‍ത്ത് മിക്‌സ് തയ്യാറാക്കാം. 50% കായപ്പൊടിയും, 50% അരിപ്പൊടിയും ചേര്‍ത്ത് പുട്ടുപൊടി, നൂല്‍പുട്ടുപൊടി എന്നിവയും, 50% ഗോതമ്പുപ്പൊടി, 50% കായപ്പൊടി എന്നിവ ചേര്‍ത്ത് ചപ്പാത്തിപ്പൊടിയും തയ്യാറാക്കാം. ഈ അനുപാതത്തില്‍ ഉപയോഗിക്കുമ്പൊള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ സ്വാദും ഗുണമേന്മയും ലഭിക്കുന്നു.

കായപ്പൊടി കുക്കീസ്: കായപ്പൊടി, പഞ്ചസാര പൊടിച്ചത്, കൊക്കൊ പൗഡര്‍/കാപ്പിപൊടി, വെണ്ണ ഉപ്പ് ചേര്‍ത്തത്, വെണ്ണ ഉപ്പ് ചേര്‍ക്കാത്തത്, ബേക്കിങ് സോഡ, വാനില എസന്‍സ്, കാപ്പി പൊടി, പാല്‍, ഉപ്പ്, പാല്‍പ്പൊടി, മുട്ടയുടെ വെള്ള എന്നീ ചേരുവകള്‍ ഉപയോഗിച്ച് കായപ്പൊടി കുക്കീസ് തയ്യാറാക്കാം.

കായപ്പൊടി ബര്‍ഫി: കായപ്പൊടി, പഞ്ചസാര, നാളികേരം (ചിരവി ഒതുക്കിയത്), പാല്‍, നെയ്യ് എന്നീ ചേരുവകള്‍ ഉപയോഗിച്ച് കായപ്പൊടി ബര്‍ഫി തയ്യാറാക്കാം. 

കായപ്പൊടി സെവണ്‍ കപ്പ്: പഞ്ചസാര, പാല്‍, നെയ്യ്, കായപ്പൊടി, നാളികേരം (ചിരകിയത്) എന്നീ ചേരുവകള്‍ ഉപയോഗിച്ച് കായപ്പൊടി സെവണ്‍ കപ്പ് തയ്യാറാക്കാം. 

കായപ്പൊടി മൈസൂര്‍ പാവ്: കായപ്പൊടി, നെയ്യ്, പഞ്ചസാര, പാല്‍ എന്നിവയാണ് ചേരുവകള്‍. പഞ്ചസാര പാല്‍ എന്നിവ ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ച് ഇതില്‍ കായപ്പൊടി ചേര്‍ത്ത് കട്ടപിടിക്കാതെ ചെറുതീയില്‍ ഇളക്കികായപ്പൊടി മൈസൂര്‍ പാവ് തയ്യാറാക്കാം.

കായപ്പൊടി ഗുലാബ് ജാം: പാല്‍, കായപ്പൊടി, പാല്‍ പ്പൊടി, വെണ്ണ എന്നിവയാണ് ചേരുവകള്‍. പാല്‍ അടുപ്പത്തു വച്ച് നന്നായി കുറുക്കി വറ്റിച്ചെടുക്കുക. ഇതിലേക്ക് കായപ്പൊടി, പാല്‍പ്പൊടി, ഏലക്ക പൊടി, വെണ്ണ, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് കായപ്പൊടി ഗുലാബ് ജാം തയ്യാറാക്കാം.

കായപ്പൊടി ഹല്‍വ: കായപ്പൊടി, പഞ്ചസാര, നെയ്യ്, ഏലക്കാ പൊടി , ഉണക്കമുന്തിരി, കശുവണ്ടിപരിപ്പ് എന്നിവയാണ് ചേരുവകള്‍. കായപ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് ഒരു ബ്ലെണ്ടറില്‍ നന്നായി സംയോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി കായപ്പൊടി ഹല്‍വ തയ്യാറാക്കാം

കായപ്പൊടി പ്ലം കേക്ക്: സാധാരണ പ്ലം കേക്കില്‍ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും മൈദയ്ക്കു പകരം കായപ്പൊടിയും ചേര്‍ത്ത് പോഷകഗുണങ്ങളും സ്വാദിഷ്ടവുമായ പ്ലം കേക്കുകള്‍ തയ്യാറാക്കാം

മറ്റു വിഭവങ്ങള്‍: അരിപ്പൊടി, മൈദ എന്നിവ ചേര്‍ത്തുള്ള വിവിധങ്ങളായ എണ്ണ പലഹാരങ്ങള്‍ മുറുക്ക്, പൊക്കവട, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം മുതലായവ കായപ്പൊടി ചേര്‍ത്ത് ഉണ്ടാക്കാം.

വാഴപ്പിണ്ടി ജ്യൂസ്: ഉണ്ണിപ്പിണ്ടി വട്ടത്തില്‍ നാരു നീക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ക്രഷറില്‍ ചതച്ചെടുക്കുക. ചതച്ചെടുത്ത ഉണ്ണിപ്പിണ്ടി വല ഉപയോഗിച്ച് നന്നായി അരിച്ചെടുത്ത് കറ അടിഞ്ഞ് തെളിഞ്ഞ ജ്യൂസ് ലഭിക്കുന്നതാണ്.

മധുരമുള്ള വാഴപ്പിണ്ടി  ഇഞ്ചി ജ്യൂസ്: വാഴപ്പിണ്ടി  ജ്യൂസ്, പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തയ്യാറാക്കുന്ന മധുരമുള്ള ജ്യൂസ് റഫ്രിജറേറ്ററില്‍ മൂന്നുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

വാഴപ്പിണ്ടി  ജ്യൂസ് സോഡ: മേല്‍പ്പറഞ്ഞ മധുരമുള്ള വാഴപ്പിണ്ടി ജ്യൂസ് കാര്‍ബണേറ്റ് ചെയ്ത വെള്ളം ചേര്‍ത്ത് വാഴപ്പിണ്ടി ജ്യൂസ് സോഡാ തയ്യാറാക്കാം.

അച്ചാര്‍: ഉണ്ണിപ്പിണ്ടി, വാഴക്കല്ല, വാഴപ്പൂവ് (കൊടപ്പന്‍), കായത്തൊലി എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാറുകള്‍ തയ്യാറാക്കാം. കൂടാതെ പഴം ഉപയോഗിച്ച് മധുരമുള്ള അച്ചാറുകളും ഉണ്ടാക്കാം. വാഴപ്പൂവ് അച്ചാര്‍ ഇടുന്നതിന് പാളയന്‍കോടന്‍, യങ്ങാമ്പി കെ.എം.5, നേന്ത്രന്‍, പൂവന്‍ തുടങ്ങിയ ഇനങ്ങളുടെ പൂവ് നല്ലതാണ്

വൈന്‍: വാഴപ്പഴം പ്രത്യേകിച്ചും ചെറുപഴങ്ങള്‍ ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായ വൈന്‍ തയ്യാറാക്കാം. പാളയന്‍ കൊടന്‍, കര്‍പ്പൂരവള്ളി, യങ്ങംബി, കെ. എം-5, പൊപൗലു തുടങ്ങിയ ഇനങ്ങളെല്ലാം വൈന്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗപ്പെടുത്താം.

ചൊറുക്ക (വിനാഗിരി): വൈന്‍ തയ്യാറാക്കിയതിന് ശേഷം അതില്‍ മദര്‍ വിനീഗര്‍ ചേര്‍ത്ത് ചൊറുക്ക തയ്യാറാക്കാം.

ആല്‍ക്കഹോള്‍: വൈന്‍ ഡിസ്റ്റില്‍ ചെയ്താണ് ആല്‍ക്കഹോള്‍ തയ്യാറാക്കുന്നത്.

മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പോലെ തന്നെ പ്രധാനമാണ് വാഴപ്പഴ സംസ്‌കരണവും. വിളവെടുപ്പിനുശേഷം ഉണ്ടാകുന്ന നാശനഷ്ടം ഒഴിവാക്കാന്‍ സംസ്‌കരണത്തിലൂടെ സാധിക്കുന്നു. അതുവഴി, മൂല്യവര്‍ധന ഉണ്ടാക്കുന്നു. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. അധിക വരുമാനം ലഭിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഉല്‍പ്പന്നങ്ങളുടെ രുചി, ഘടന, പോഷകമൂല്യങ്ങള്‍ എന്നിവ കഴിയുന്നത്ര നിലനിര്‍ത്തികൊണ്ട് നിര്‍ജലീകരണം, ശീതീകരണം, ചൂടാക്കല്‍, രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സംസ്‌കരണം, പഞ്ചസാര, ഉപ്പ്, എണ്ണ, വിനാഗിരി എന്നിവ ഉപയോഗിച്ചുള്ള സംസ്‌കരണം, കിണ്വനം/പുളിപ്പിക്കല്‍, അണുപ്രസരണം എന്നീ മാര്‍ഗങ്ങള്‍ വഴി നമുക്ക് വാഴപ്പഴ സംസ്‌കരണം നടത്താം. ഇതുവഴി വിളവെടുപ്പിനുശേഷമുള്ള നഷ്ടങ്ങള്‍ ഒഴിവാക്കി ഭാവിയിലേയ്ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ ശേഖരിച്ചുവെയ്ക്കാം.

ഇന്ന് കേരളത്തിലെ ഒട്ടുമിക്ക കര്‍ഷകരും വാണിജ്യാടിസ്ഥാനത്തില്‍ നേന്ത്രവാഴ കൃഷി വളര്‍ത്തുന്നത് അധികരിച്ചതിന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. തുടക്കത്തില്‍ ചിപ്‌സില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മൂല്യവര്‍ധന ഇന്ന് വാഴനാര് ഉല്‍പ്പന്നങ്ങളില്‍ എത്തിനില്‍ക്കുന്നത് ഇതിന്റെ മഹത്വം അറിയിക്കുന്നു.

വാഴയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം ചെയ്യുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ തൃശ്ശുര്‍ ജില്ലയിലെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2699087 എന്ന ഓഫീസ് നമ്പറിലോ ഡോ. രശ്മി ജെ, :9496827965 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. രശ്മി ജെ, ബിന്ദു. കെ വി, ചിഞ്ചു പോള്‍സണ്‍, കിഷോര്‍ കുമാര്‍)