കൃഷി ലാഭകരമല്ലെന്ന് കണ്ട് പിന്തിരിയുന്നവരുടെ കാലത്ത് കാർഷികമേഖലയിൽ വിജയംകൊയ്ത് മാതൃകയാവുകയാണ് ഇടുക്കി കട്ടപ്പന ചേലകാട്ട് ജിസ് സെബാസ്റ്റ്യൻ. മണ്ണറിഞ്ഞ് കൃഷിയിറക്കി വളർച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ട പരിചരണം നൽകി നൂറുമേനി വിളവ് നേടുന്നതിലും സന്തുഷ്ടി നൽകുന്ന മറ്റൊന്നും ഇല്ലെന്നാണ് ഈ യുവകർഷകൻ പറയുന്നത്. മൂന്ന് വർഷം സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തശേഷമാണ് എംബിഎ ബിരുധാരിയായ ഈ യുവാവ് മുഴുവൻ സമയം കൃഷിയിലേക്ക് തിരിയുന്നത്. മൂന്നേക്കറിൽ ഏലം പ്രധാന വിളയായും കാപ്പി, കുരുമുളക് എന്നിവ ഇടവിളകളായും കൃഷി ചെയ്തുവരുന്നു. കൃഷി ലാഭകരമാണോയെന്ന് ജിസിനോട് ചോദിച്ചാൽ തെല്ലും സംശയമില്ലാതെ അദ്ദേഹം മറുപടി പറയും... 'തീർച്ചയായും... അതേ..' അറിയാം ജിസിന്റെ കൃഷി വിശേഷങ്ങൾ....

To advertise here,

ചെറുപ്പം മുതൽ കൃഷിയിൽ താത്പര്യം 

ഹൈറേഞ്ചിന്റെ മണ്ണിൽ സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ജിസിന് കൃഷി രക്തത്തിലലിഞ്ഞു ചേർന്നതാണ്. കർഷകരായ മാതാപിതാക്കളാണ് കൃഷിയുടെ ആദ്യപാഠം പകർന്നു നൽകിയത്. പത്താം വയസുമുതൽ പപ്പയ്ക്കും അമ്മയ്ക്കുമൊപ്പം കൃഷിയിൽ സഹായികളായി ജിസും സഹോദരൻ ജിജോയും ഉണ്ടായിരുന്നു. ഏലം തന്നെയായിരുന്നു പ്രധാന കാർഷികവിള. കാപ്പിയും കുരുമുളകും ഇടവിളയായി അന്നും കൃഷി ചെയ്തിരുന്നു. കൂടാതെ കപ്പകൃഷിയും. അന്നുമുതലേ  അത്രമേൽ താത്പര്യത്തോടെയായിരുന്നു കൃഷിയത്രയും. വളരുംതോറും അത് കൂടികൂടിവന്നു. സ്കൂളിൽ പോയി തിരികെയെത്തുമ്പോഴും അവധി ദിവസങ്ങളും കൂടുതൽ കൃഷിയിലായിരുന്നു ചെലവഴിച്ചിരുന്നത്. 

മൂന്ന് വർഷം മുമ്പ് വരെ  വീട്ടിൽ‍ പശുവളർത്തലുണ്ടായിരുന്നു. ഇതിൽ നിന്ന് കൃഷിക്കാവശ്യമായ ചാണകവും പാൽവിൽപനയിൽ നിന്ന് ഒരു അധികവരുമാനവും ലഭിച്ചിരുന്നു. പശുവിന്റെ തീറ്റയ്ക്കാവശ്യമായ പുല്ലുചെത്തുന്നതിനും പശുവിനെ കുളിപ്പിക്കുന്നതും കറവയും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ജിസും സഹായിക്കാറുണ്ടായിരുന്നു. ചെറുപ്പം മുതൽ ഒപ്പംകൂടുന്ന ഇഷ്ടങ്ങൾ പലതും അങ്ങനെ വിട്ടുപോകുകയില്ല. അതങ്ങനെ നമുക്കൊപ്പംതന്നെയുണ്ടാവും. അത് വിട്ടുകളയുന്നിടത്ത് വലിയൊരു ശൂന്യത അനുഭവപ്പെട്ടുതുടങ്ങുമെന്നാണ് ഈ യുവ കർഷകൻ പറയുന്നത്.

ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം കൃഷിയിലേക്ക്

ഇടുക്കി ജില്ലയിൽ തന്നെയായിരുന്നു ഡി​ഗ്രിവരെയുള്ള വിദ്യഭ്യാസം. കൃഷിയോടും നാടിനോടുമുള്ള ഇഷ്ടകൂടുതൽ കാരണം എംബിഎ ഡിസ്റ്റന്റ് ആയിട്ടായിരുന്നു ചെയ്തത്. അന്നും കൃഷിയിൽ നിന്നും ഒരു പിൻവലിവുണ്ടായിരുന്നില്ല. ജോലിക്ക് പോയിത്തുടങ്ങിയ കാലത്തും ഒഴിവുസമയങ്ങൾ കൃഷിയിൽ ചെലവഴിക്കുമായിരുന്നു. കൃഷിയിൽ നിന്ന് കിട്ടുന്ന സന്തോഷവും തൃപ്തിയും വേറൊന്നിനും ലഭിക്കില്ലെന്ന തിരിച്ചറിവിൽ നിന്നാണ് മുഴുവൻ സമയം കൃഷിയിലേക്ക് തിരിയാമെന്ന തീരുമാനത്തിലെത്തുന്നത്. അന്നും ഇന്നും ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്ന മാതാപിതാക്കൾ ആ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ആരും പിന്തിരിപ്പിക്കാതെ ഒപ്പം നിന്നതും വലിയ പിന്തുണയായിരുന്നു. പിന്നിടിങ്ങോട്ട് കൃഷി തന്നെയായി ജീവിതം. ഒരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഏലച്ചെടികൾക്കൊപ്പമായി.

കൃഷി ലാഭകരമാക്കാനുള്ള മാർ​ഗങ്ങളിലേക്ക്

കാലങ്ങളായി മണ്ണിൽ കൃഷിയിറക്കുന്ന കർഷകന് സാധാരണ വിളകൾക്ക് ബാധിക്കാനിടയുള്ള രോ​ഗങ്ങളൊക്കെ മനസിലാകും. അതിനനുസരിച്ചുള്ള വളപ്രയോ​ഗമാണ് ചെയ്തുവരുന്നത്. പുതിയ രോഗങ്ങൾ കണ്ടുതുടങ്ങുമ്പോൾ മണ്ണ് പരിശോധനയടക്കം നടത്തിയാണ് രോ​ഗപ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കുന്നത്. ഇത്തവണ അഴുകൽ രോ​ഗം കൂടുതലായിരുന്നതിനാൽ അതിനനുസൃതമായ മരുന്നും വളവുമാണ് നൽകിയത്. മണ്ണിന്റെ പിഎച്ച് ഉൾപ്പെടെ പരിശോധിക്കുന്നതിന് ഓൺലൈനിൽ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാണ്. ഇതൊക്കെ ഉപയോ​ഗിച്ച് മണ്ണിന്റെ സ്വഭാവം മനസിലാക്കി ആവശ്യമായ മൂലകങ്ങളും മറ്റും കൃത്യമായ അനുപാതത്തിൽ നൽകാൻ സാധിക്കും. അനാവശ്യമായി കൂടുതൽ മരുന്ന് പ്രയോ​ഗിക്കുന്നത് മണ്ണിന്റെ ഘടനയെതന്നെ ബാധിക്കുകയും ഇത് ഭാവിയിൽ കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വളരെ ശ്രദ്ധയോടെയും കൃത്യതയോടെയും  ചെയ്യേണ്ടതാണ് കൃഷി. അത്യവശ്യം ജോലികളെല്ലാം തന്നെ ഒറ്റയ്ക്കും കുടുംബമായുമാണ് ചെയ്യുന്നത്. ഏലക്ക വിളവെടുക്കുമ്പോഴും ഏലച്ചെടികൾക്ക് കവാത്ത് ചെയ്യുമ്പോഴുമാണ് പുറത്തുനിന്നും ആളെ ജോലിക്ക് നിർത്തുന്നത്. പരമാവധി ചെലവ് ചുരുക്കുക എന്നതാണ് കൃഷി ലാഭകരമാക്കുന്നതിന് ചെയ്യാൻ സാധിക്കുന്നത്. 

കട്ടൻകാപ്പിയാണ് ഇവിടെ സാധാരണ രാവിലെ കുടിക്കാറുള്ളത്. രാവിലെ ഒരു കട്ടൻ കുടിച്ച് കൃഷിയിടത്തിലേക്കിറങ്ങുന്നതാണ്. പിന്നെ ഒരോന്നും നോക്കിയും കണ്ടും ചെയ്തുവരുമ്പോൾ സമയം പോകുന്നത് അറിയത്തേയില്ല. പിന്നേ രാവിലത്തെ ഭക്ഷണം കഴിക്കാനാവും വീട്ടിലെത്തുന്നത്. ഒരു ചെറിയ വിശ്രമത്തിന് ശേഷം വീണ്ടും പറമ്പിലേക്ക്... വൈകുന്നേരം അഞ്ചുമണി വരെയൊക്കെയും പലപ്പോഴും അവിടെ തന്നെയായിരിക്കും. ഇതൊക്കെയാണ് സന്തോഷവും. ഇതൊന്നുമില്ലാത്ത ഒരു ദിവസവും ചിന്തിക്കാൻ കൂടി സാധിക്കുകയില്ല. 

ആറു വർഷത്തോളമായി കൃഷി ​ഗൗരവമായി ചെയ്തുവരികയാണ്. ഇതുവരെ നഷ്ടം സംഭവിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുമ്പോഴും പുതിയ സാങ്കേതികവിദ്യകളൊക്കെ ഫലപ്രദമായി ഉപോ​ഗിച്ച് ചെടികൾ നശിക്കാതെ നോക്കുന്നുണ്ട്. എങ്കിലും ഉത്പാദനം കഴിഞ്ഞ വർഷം നന്നേ കുറയുകയും ചെടികൾ ഉണങ്ങുകയും ചെയ്തിരുന്നു. എന്നാൽ വില ഉയർന്നത് അപ്പോൾ സഹായകരമായി. അനുകൂല കാലവസ്ഥയാണെങ്കിൽ ഒരു വർഷം ഒരേക്കറിൽ നിന്ന് 600 മുതൽ 700 കിലോവരെ ഉണക്ക ഏലക്ക ലഭിക്കും. മോശമല്ലാത്ത വിലകൂടി ലഭിക്കുമ്പോൾ ലാഭകരമാണ്. ഇനി മുന്നോട്ട് കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുകതന്നെ ചെയ്യും. പ്രതിരോധമാർ​ഗങ്ങൾ കണ്ടെത്തുകയെന്നത് മാത്രമാണ് മാർ​ഗം. മണ്ണറിഞ്ഞ് കൃഷിയിറക്കുക.. നേട്ടങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന വിശ്വാസത്തിലാണ് മുന്നോട്ടുള്ള യാത്ര.

സ്വന്തമായി ഇപ്പോൾ ഡ്രയർ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതും ഒരു അധികവരുമാനമാർ​ഗമാണ്. സ്വന്തം പറമ്പിൽ ഉത്പാദിപ്പിക്കുന്ന ഏലക്കയ്ക്ക് പുറമേ പുറത്തുനിന്നും ഏലക്കായെടുത്ത് ഉണക്കിക്കൊടുക്കുന്നുണ്ട്. ഡ്രയർ യൂണിറ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതും ആലോചനയിലുണ്ട്. മലയാളികളെ ഇപ്പോൾ ജോലിക്ക് കിട്ടാറില്ല. ഏലക്ക എടുക്കുന്നതിനും മറ്റും കൂടുതലായി ഇതരസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിച്ചുവരുന്നത്. അസമിൽ നിന്നും ബം​ഗാളിൽ നിന്നുമായി നിരവധിപേർ തൊഴിൽ തേടിയെത്തുന്നതിനാൽ നിലവിൽ തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നില്ല. സാധരണ പണികൾക്ക് 500 രൂപയാണ് വേതനമായി നൽകുന്നത്. മരത്തിന്റെ ശിഖരം മുറിക്കുന്നതിനും മറ്റും ജോലി സമയത്തിനനുസൃതമായി 1000 ന് മുകളിൽ കൂലി നൽകേണ്ടതുണ്ട്. 

placeholder
ജിസ് ഡ്രയർ യൂണിറ്റിൽ

ഏലക്കാ വില ഒരു സമയത്ത് ഉയർന്നതോടെ ഒരുപാട് ആളുകൾ പാട്ടത്തിന് വരെ സ്ഥലമെടുത്ത് കൃഷിയാരംഭിച്ചിരുന്നു. വലിയ തുകയ്ക്ക് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നത് പലപ്പോഴും ലാഭകരമാകണമെന്നില്ല. കൃത്യമായ പരിചരണവും വളപ്രയോ​ഗവും ഇല്ലെങ്കിൽ കൃഷിയിൽ വലിയ നഷ്ടമുണ്ടാക്കും. ചെറിയ തുകക്ക് സ്ഥലം പാട്ടത്തിനെടുക്കുകയും കൃത്യമായ പരിചരണം നൽകി കൂടുതലും തൊഴിലാളികളെ നിർത്താതെ സ്വന്തം രീതിയിൽ ജോലികൾ ചെയ്യുകകൂടിയാണെങ്കിൽ കൃഷി ലാഭകരമാക്കിയെടുക്കാൻ സാധിക്കും. കൂടുതൽ സ്ഥലമുള്ള എസ്റ്റേറ്റ് ഒക്കെ നടത്തുന്നവർക്ക് ജോലിക്ക് ആളെ നിർത്തേണ്ടതായുണ്ട്. സാധാരണ ചെറുകിട കർഷകർക്ക് ഇത് അപ്രായോ​ഗികമാണ്. 

ഇടവിളകളും വരുമാനമാർ​ഗം

കാപ്പി, കുരുമുളക് എന്നിവ ഏലത്തിന് ഇടവിളയായി കൃഷി ചെയ്യുന്നവയാണ്. ഇവ രണ്ടിനും കാര്യമായ പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. മാത്രമല്ല, ഇതിന്റെ വിളവെടുപ്പ് വേനൽക്കാലത്താണ് നടക്കുന്നത്. ഈ സമയത്ത് ഏലക്ക വിളവെടുപ്പ് കുറവായിരിക്കും. സാധരണ 45-50 ദിവസത്തിനുള്ളിൽ  ഏലം വിളവെടുക്കാൻ സാധിക്കുമെങ്കിൽ വേനൽക്കാലമാകുമ്പോൾ 80 ദിവസം വരെയും നീണ്ടേക്കാം ഈ സമയത്ത് കാപ്പി, കുരുമുളക് എന്നിവ വിളവെടുക്കാൻ പാകമാകുന്നതോടെ ഇതും ഒരു വരുമാനമാർ​ഗമായി മാറും. എന്നാൽ, കുരുമുളകിനെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ വില താഴേക്ക് പോകുന്നത് കർഷകർക്ക് വെല്ലുവിളിയാണ്. 

വന്യമൃ​ഗശല്യം

ജില്ലയിലെ മറ്റുമേഖലകളെ വച്ചുനോക്കുമ്പോൾ പൊതുവേ വന്യമൃ​ഗശല്യം കുറഞ്ഞ മേഖലയാണിത്. എങ്കിലും കാട്ടുപന്നികളുടെയും കുരങ്ങൻമാരുടെയും ശല്യമുണ്ട്. കൂട്ടമായിയെത്തുന്ന കുരങ്ങൻമാർ പിഞ്ചുകായ ഉൾപ്പെടെ നശിപ്പിക്കും. ചക്കയുടെ ഒക്കെ സീസൺ ആകുമ്പോൾ കുരങ്ങൻമാർ ഏലച്ചെടികൾക്ക് വലിയ നാശമൊന്നും വരുത്തില്ല. കാട്ടുപന്നികളുടെ ശല്യം മിക്കപ്പോഴുമുണ്ട്. 

അമിതമരുന്ന് പ്രയോ​ഗമില്ല

ഒരു കാലത്ത് അമിതമായ മരുന്ന് പ്രയോ​ഗത്തിലൂടെ ഏലക്കായുടെ കയറ്റുമതിയെ ഉൾപ്പെടെ ബാധിച്ചിരുന്നു. ഏലക്കയ്ക്ക് നിറം ലഭിക്കുന്നതിന് കൃത്രിമ നിറങ്ങളും ചേർത്തിരുന്നു. ഇതൊക്കെ കൃത്യമായ മരുന്ന് പ്രയോ​ഗം നടത്തുന്ന സാധാരണ കർഷകർക്കുൾപ്പെടെയുള്ളവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. എന്നാൽ പിന്നീട് കർശന നിയന്ത്രണങ്ങൾ വന്നതോടെ ഇത്തരത്തിലുള്ള മരുന്ന് വിൽപ്പനക്കുൾപ്പെടെ നിരോധനം വന്നു. ശരിക്കും താത്കാലിക ലാഭത്തിനുവേണ്ടി ഇത്തരം മരുന്നും വളവും പ്രയോ​ഗിക്കുമ്പോൾ അത് മണ്ണിന്റെ സ്വാഭാവിക ഘടനയിലുൾപ്പെടെ മാറ്റങ്ങൾ വരുത്തും. ഇത് ഭാവിയിൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. കൃഷിയെ ​ഗൗരവമായി കാണുന്ന ഒരു കർഷകനും ഇത്തരത്തിൽ താത്കാലിക ലാഭത്തിനുവേണ്ടി മണ്ണിനെ നശിപ്പിക്കുന്ന മാർ​ഗങ്ങൾ സ്വീകരിക്കില്ല. 

വീട്ടിലേക്ക് ജൈവപച്ചക്കറികൾ

അത്യാവശ്യം വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ സ്വന്തമായി ജൈവരീതിയിൽ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. പണ്ടുമുതലേ അങ്ങനെയാണ് ചെയ്യുന്നത്. എല്ലാവരും വീടിനോട് ചേർന്ന് ഒരു ചെറിയ അടുക്കളത്തോട്ടം നിർമ്മിക്കുന്നതാണ് നല്ലത്. പയർ, ചീര, കോവൽ, ബീൻസ്, പച്ചമുളക് മുതലായവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വിഷരഹിതമായ പച്ചക്കറികൾ സ്വന്തം മണ്ണിൽ ഉത്പാദിപ്പിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ സഹായകരമാണ്. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പല പച്ചക്കറികളും അമിതമായ മരുന്ന് പ്രയോ​ഗത്തിലൂടെ ഉത്പാദിപ്പിക്കുന്നവയാണ്. ഇത് പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സ്വന്തമായി ജൈവരീതിയിൽ അവനവന് ആവശ്യമായ പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നതാണ് എക്കാലവും നല്ലത്.

placeholder

പാലിനും വളത്തിനും ആട്

നാല് ആടുകളെ വളർത്തുന്നുണ്ട്. മുമ്പ് പശുക്കളെ വളർത്തിയിരുന്നു. പശുവിനെക്കാൾ പരിപാലിക്കാൻ എളുപ്പം ആടുകളായതിനാൽ അതിലേക്ക് മാറുകയായിരുന്നു. പശുക്കളെ പരിപാലിക്കുന്നതിന് കൂടുതൽ സമയവും സ്ഥലവും ആവശ്യമാണ്. എന്നാൽ ആടുകൾക്ക് അങ്ങനെയല്ല. കൃഷിപ്പണികൾക്കിടയിൽ ഒട്ടും ഭാരമാകാതെ ചുരുങ്ങിയ ചെലവിൽ ആടുകളെ പരിപാലിക്കാൻ സാധിക്കുന്നുണ്ട്. കുറച്ചു കോഴികളെയും വളർത്തുന്നുണ്ട്.

റംബൂട്ടാൻ കൃഷിയിലേക്കും ചുവടുവെപ്പ്

റംബൂട്ടാൻ പോലുള്ള ഫലവൃക്ഷങ്ങൾക്കും യോജിച്ച മണ്ണും കാലാവസ്ഥയുമാണ് ഇവിടെയുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ വീടിനോട് ചേർന്ന് റംബൂട്ടാൻ കൃഷി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മികച്ച വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതും ചിന്തയിലുണ്ട്. വാനിലയും ചെറിയതോതിൽ കൃഷി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സമ്മിശ്ര കൃഷി പരീക്ഷിക്കുമ്പോൽ ഒന്നിന് വില കുറഞ്ഞാലും കൃഷി ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. മാത്രമല്ല എല്ലാ സമയത്തും കൃഷിയിൽ നിന്ന് ആദായവുമുണ്ടാകും. 

ഏലക്ക ഓൺലൈനിൽ വിൽക്കാനുള്ള ശ്രമങ്ങളും

ആമസോണിൽ ഉൾപ്പെടെ ഏലക്ക ഓൺലൈനായി വിൽക്കുന്നതിനെ കുറിച്ചുള്ള പദ്ധതികളാണ് ഇപ്പോൾ ആലോചനയിലുള്ളത്. ഇതിനാവശ്യമായ ലൈസൻസുകൾ എടുത്തുകഴിഞ്ഞു. ​ഗുണമേൻമയുള്ള ഏലക്ക നേരിട്ട് ആവശ്യക്കാരിലെത്തിക്കുക വഴി വരുമാനം ഉയർത്താൻ സാധിക്കും. പുതിയ കാലത്തിനൊപ്പം കൃഷിയിലും വില്പനയിലും സാങ്കേതികവിദ്യ ഉപയോ​ഗിച്ച് കൃഷി ലാഭകരമാക്കുകയാണ് ഇനി ചെയ്യാൻ  സാധിക്കുക. 

കൃഷി ലാഭകരമല്ലെന്ന് പലരും പറയുമ്പോഴും പുതു മാർ​ഗങ്ങളിലൂടെ വിജയകരമായി കാർഷികവ‍ൃത്തിയുമായി മുന്നേറുകയാണ് ഈ യുവ കർഷകൻ. മുന്നോട്ടുള്ള യാത്രയിൽ ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തവിധം ആത്മബന്ധമാണ് ഇദ്ദേഹത്തിന് കൃഷിയോടുള്ളത്. എംബിഎ പഠനത്തിന് ശേഷം വൈറ്റ്കോളർ ജോലി ഉപേക്ഷിച്ച് മണ്ണിലേക്ക് ഇറങ്ങിയതിൽ സന്തോഷം മാത്രമാണ് ജിസിനുള്ളത്.