ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കാതിരിക്കുമ്പോഴാണ് പലപ്പോഴും വീട്ടുകൃഷി പരാജയപ്പെടുന്നത്. ചെടികള്‍ക്ക് വേണ്ട പോഷകങ്ങള്‍ മതിയായ അളവില്‍ നല്‍കാതെയും കീടാക്രമണങ്ങളെ തടയാനുള്ള മാര്‍ഗങ്ങള്‍ കൃത്യമായി നടപ്പാക്കാതെയുമൊക്കെയായിരിക്കും കൃഷി. കുരുടിപ്പും മുരടിപ്പുമൊക്കെ ബാധിച്ച് ചെടികള്‍ ദുര്‍ബലമാകുമ്പോള്‍ മടുത്ത് കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. വീട്ടുകൃഷി വിജയമാക്കാനുള്ള വഴി അത് ശാസ്ത്രീയമായി ചെയ്യുകയെന്നതാണ്. ചെടികള്‍ രോഗമുക്തമായി കരുത്തോടെ വളരാനും നന്നായി കായ്ക്കാനും ശ്രദ്ധപുലര്‍ത്തേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.
മണ്ണിന്റെ ആരോഗ്യമാണ് ചെടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്. നീര്‍വാര്‍ച്ചയുള്ളതാകണം മണ്ണ്. ജൈവാംശമുള്ളതും അമ്ല-ക്ഷാരനില തുല്യവുമായിരിക്കണം. മണ്ണ് പരിശോധന നടത്തിയാല്‍ മൂലകങ്ങളുടെ നിലയനുസരിച്ച് കാര്യക്ഷമമായി വളപ്രയോഗം നടത്താം. കൃഷിഭവന്‍ മുഖേനയോ മണ്ണ് പരിശോധനാകേന്ദ്രത്തിലെത്തിയോ മണ്ണ് പരിശോധിക്കാം. എന്നാല്‍ വീട്ടുകൃഷിയില്‍ പലരും അതിനൊന്നും മുതിരണമെന്നില്ല. മണ്ണ് പരിശോധന നടത്തിയില്ലെങ്കിലും ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ വീട്ടുകൃഷി വിജയകരമാക്കാനാകും. മണ്ണിനെ മെച്ചപ്പെടുത്തി കൃഷിക്ക് അനുയോജ്യമാക്കുകയാണ് വേണ്ടത്.
Also Read
മണ്ണില്‍ കുമ്മായമോ ഡോളോമൈറ്റോ ചേര്‍ത്ത് 15 ദിവസം കഴിഞ്ഞാണ് വളക്കൂട്ട് (പോര്‍ട്ടിങ് മിശ്രിതം) തയ്യാറാക്കേണ്ടത്. വിത്താണ് നടുന്നതെങ്കില്‍ സ്യൂഡോമോണസിലോ കഞ്ഞിവെള്ളത്തിലോ ഇട്ടുവെച്ചശേഷമാണ് പാകേണ്ടത്. പാവല്‍, പടവലം, പീച്ചിങ്ങ, ചുരക്ക ഉള്‍പ്പെടെ കട്ടിയുള്ള വിത്താണെങ്കില്‍ 12 മണിക്കൂര്‍ ഈ ലായനികളില്‍ ഇട്ടുവെക്കാം. വെണ്ട, പയര്‍ തുടങ്ങിയ കട്ടികുറഞ്ഞ വിത്തുകള്‍ അരമണിക്കൂര്‍ ഇട്ടാല്‍ മതി. നാലിലപ്രായത്തില്‍ വലിയ ഗ്രോബാഗിലേക്കോ നിലത്തോ മാറ്റിനടാം. തൈകള്‍ അരമണിക്കൂര്‍ സ്യൂഡോമോണസില്‍ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം) മുക്കിവെച്ച ശേഷം നടണം. ചെടികള്‍ക്ക് പ്രതിരോധശേഷി കൂട്ടാന്‍ ഇതുപകരിക്കും.
മണ്ണ്, മണല്‍ (അല്ലെങ്കില്‍ ചകിരിച്ചോറ് കമ്പോസ്റ്റ്), ചാണകപ്പൊടി (അല്ലെങ്കില്‍ കോഴിവളമോ ആട്ടിന്‍കാട്ടമോ മറ്റെന്തെങ്കിലും ജൈവവളമോ) എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്താണ് പോര്‍ട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. ഇനി മിത്രകുമിളായ ട്രൈക്കോ ഡെര്‍മകൊണ്ട് സമ്പുഷ്ടീകരിച്ച ചാണകമാണെങ്കില്‍ വളരെ നല്ലതാണ്. ഇനിയതില്ലെങ്കില്‍ 10 ഗ്രാം ട്രൈക്കോഡെര്‍മ ഒരു ഗ്രോബാഗിലോ തൈക്കോ ഇടുക. വേപ്പിന്‍പിണ്ണാക്ക് 30-50 ഗ്രാം ഇടാം. എല്ലുപൊടി ഉപയോഗിക്കുകയാ ണെങ്കില്‍ ഒരു തൈയ്ക്ക് 10-20 ഗ്രാം ഇടണം. തൈ നടുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്ത് ചുവട്ടിലൊഴിക്കുന്നത് ഫംഗസ്, ബാക്ടീരിയ എന്നിവയുടെ ആക്രണത്തെയും വാട്ടരോഗത്തെയും തടയാന്‍ സഹായകമാകും. 10-15 ദിവസത്തിന്റെ ഇടവേ യില്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കുകയും സ്േ്രപ ചെയ്യുകയുമാകാം.
മഴയില്ലാത്ത സമയങ്ങളില്‍ ദിവസവും ഒരു നേരമെങ്കിലും മിതമായി നനയ്ക്കുക. തോട്ടം വൃത്തിയാക്കി സൂക്ഷി ക്കുക. കളകളെല്ലാം പറിച്ചുമാറ്റണം. അല്ലെങ്കില്‍ അതിലെ പുഴുക്കള്‍ വിളകളിലേക്ക് വരാം. ദിവസവും കൃഷി നിരീക്ഷിക്കണം. പുഴുവോ മറ്റെന്തെങ്കിലും കീടമോ ഉണ്ടെങ്കില്‍ കൈകൊണ്ടുതന്നെ എടുത്തുമാറ്റാം. കീടബാധയുണ്ടാകുന്നതിനു മുന്‍പുതന്നെ അതിനെ പ്രതിരോധിക്കുകയാണ് പ്രധാനമായും വേണ്ടത്. വിളക്കുകെണി (നിശാശലഭങ്ങള്‍ വഴിയുണ്ടാകുന്ന കീടബാധ തടയല്‍), മഞ്ഞക്കെണി (വെള്ളീച്ചയില്‍നിന്നുള്ള മോചനം), ഫെറ മോണ്‍ കെണി(കായീച്ചയെ നശിപ്പിക്കല്‍) തുടങ്ങിയവ കൃഷിയിടത്തില്‍ സ്ഥാപിക്കാം. വളര്‍ച്ചയ്ക്കും കായ്പിടിത്തത്തിനും സഹായകമായ വളങ്ങളും കീടനാശിനികളും അടുക്കളമാലിന്യ ങ്ങളില്‍നിന്നുതന്നെ ഉണ്ടാക്കാം. ഇത്തരം കീടനാശിനിയാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെടികള്‍ക്ക് നല്‍കാം. ജൈവവളം മാസത്തില്‍ ഒന്നോ രണ്ടോ തവണ മിതമായി ചെടികള്‍ക്ക് നല്‍കാം.
വിത്തിന്റെ ഗുണമേന്മ വളരെ പ്രധാനമാണ്. രോഗം ബാധിച്ച ചെടിയില്‍നിന്നുള്ള വിത്ത് വൈറല്‍ രോഗമായ കുരിടിപ്പിന് കാരണമാകും. ഇനി കുരുടിപ്പ് ബാധിച്ചാല്‍ അതിന്റെ അടിഭാഗത്തു നിന്ന് മുറിച്ചശേഷം കത്തിക്കണം. പച്ചക്കറികള്‍ക്കിടയില്‍ ബന്ദിച്ചെടി, ചോളം എന്നിവ വളര്‍ത്തുന്നത് ഗന്ധംവഴി കീടങ്ങളെ അകറ്റും. ബന്ദിച്ചെടികള്‍ നിമാവിരകളെയും അതുവഴി വാട്ടരോഗത്തെയും നിയന്ത്രിക്കും. പരാഗണത്തിനും കായ്പിടിത്തത്തിനും സഹായകവു മാണ്. കീടങ്ങള്‍ വരുന്നതിനു മുന്‍പുത്തന്നെ വേപ്പധിഷ്ഠിത കീടനാശിനികള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് മില്ലി എന്നതോതില്‍ പ്രയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് മില്ലി വേപ്പണ്ണയും ഷാമ്പുവും ചേര്‍ത്ത് സ്‌പ്രേ ചെയ്യാം. ഇലപ്പുള്ളി രോഗം തടയാന്‍ സ്യൂഡോമോണസ് ഇലകളുടെ അടിയിലുള്‍പ്പെടെ പതിക്കുന്നവിധം സ്‌പ്രേ ചെയ്യുക. ചീരകള്‍ ഉള്‍പ്പെടെയുള്ള ഇലക്കറികള്‍ക്ക് ചാണകത്തിന്റെ തെളിയും സ്യൂഡോമോണസും ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നത് ഇലപ്പുള്ളി രോഗത്തെ തടയയുന്നതിനൊപ്പം തഴച്ചുവളരാനും സഹായിക്കും. വേനല്‍ക്കാലത്ത് ശീമക്കൊന്ന, കരിയില എന്നിവകൊണ്ട് പുതയിടാം.
കൃഷി വിജ്ഞാനകേന്ദ്രം, കോഴിക്കോട്
വളച്ചോക്കും സമ്പൂര്‍ണയും
കാര്‍ഷിക സര്‍വകലാശാല പിലിക്കോട് ഗവേഷണകേന്ദ്രം പുറത്തിറക്കുയ വളച്ചോക്ക് പ്രധാനവും സൂക്ഷ്മവുമായ മൂലകങ്ങളടങ്ങിയ വളമാണ്. മൂലകങ്ങള്‍ സാവധാനം ചെടി വലിച്ചെടുക്കുമെന്നതും എപ്പോഴും പോഷകങ്ങള്‍ കിട്ടുമെന്നതുമായ സവിശേഷത ഇതിനുണ്ട്. കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ 'സമ്പൂര്‍ണ' എന്ന സൂക്ഷ്മമൂലകങ്ങളടങ്ങിയ വളവും പച്ചക്കറികളുടെ നല്ല വിളവിന് അനു ഗുണമാണ്. ഏറെ കാര്യക്ഷമമായ നാനോ ദ്രാവക രാസവളങ്ങളും മികച്ച വിളവ് തരും. സഹകരണ കാര്‍ഷികപ്രസ്ഥാനമായ ഇഫ്‌കോ പുറത്തിറക്കിയ നാനോ യൂറിയയും നാനോ ഡൈ അമോണിയം ഫോസ്‌ഫേറ്റും (നാനോ ഡി.എ.പി.) വിപണിയില്‍ ലഭ്യമാണ്. അതേസമയം, വീട്ടില്‍ നിന്നുതന്നെ ചെലവൊട്ടുമില്ലാതെ ഉണ്ടാക്കാവുന്ന വളങ്ങള്‍ക്കൊണ്ട് മാത്രം നന്നായി കൃഷി ചെയ്യാനാകും.
Content Highlights: Home Gardening Success Scientific Tips and Tricks
Published: 08 Sept 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented