
വീടിന്റെ മാറ്റ് കൂട്ടുന്നതാണ് പൂന്തോട്ടം. പക്ഷേ, കാണാനുള്ള ചന്തത്തിനപ്പുറം കഴിക്കാനൊന്നും ഈ പൂന്തോട്ടം തരുന്നില്ലല്ലോ. അവിടെയാണ് ഫുഡ്സ്കേപ്പ് എന്ന ആശയത്തിന്റെ പ്രസക്തി. കഴിക്കാനുള്ള വിളകൾ തരുന്നൊരു പൂന്തോട്ടമാണത്. എഡിബിൾ ലാൻഡ്സ്കേപ്പ് എന്നും അതിന് പേരുണ്ട്. പച്ചക്കറികളും പഴച്ചെടികളുമാണ് ഈ പൂന്തോപ്പിലെ പ്രധാന താരങ്ങൾ. ഒപ്പം അലങ്കാരച്ചെടികൾക്കും ഇടമുണ്ട്. ഈ ആശയത്തിന് നമ്മുടെ നാട്ടിൽ ഇപ്പോഴും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. യൂറോപ്പിലൊക്കെ വ്യാപകമായി നടപ്പാക്കിയ ഈ ആശയം നമ്മുടെ സമൂഹത്തിലും വേരൂന്നേണ്ടതുണ്ട്. വീടെടുക്കുമ്പോൾ ലാൻഡ്സ്കേപ്പിന് വലിയ തുക നമ്മൾ ചെലവഴിക്കാറുണ്ട്. എന്നാൽ, ഈ ലാൻഡ്സ്കേപ്പ് ഫുഡ്സ്കേപ്പാക്കി മാറ്റിയാൽ വീട്ടിലൊരുങ്ങുന്നത് സുന്ദരവും സുരക്ഷിതവുമായൊരു ഭക്ഷണത്തുരുത്താണ്.
എങ്ങനെയൊരുക്കാം
പച്ചക്കറികളും പഴച്ചെടികളും അലങ്കാരച്ചെടികളുമെല്ലാം സൗന്ദര്യാത്മകമായി വിന്യസിച്ചാണ് ഫുഡ്സ്കേപ്പ് ഒരുക്കുന്നത്. അഞ്ചോ പത്തോ സെന്റിൽ താമസിക്കുന്നവർക്കും നഗരവാസികൾക്കുമൊക്കെ ഇത് നടപ്പാക്കാനാകും. ഫുഡ്സ്കേപ്പിന് ആദ്യം വേണ്ടത് ഒരു പ്ലാനാണ്. വീടിന്റെ എലവേഷൻ, സ്ഥലലഭ്യത, സൂര്യപ്രകാശം, മണ്ണിന്റെ ഘടന എന്നിവയൊക്കെ ആശ്രയിച്ചാണ് ഫുഡ്സ്കേപ്പ് രൂപകല്പന ചെയ്യേണ്ടത്. നിലത്തും കണ്ടെയ്നറുകളിലുമായി (ചട്ടികൾ) നടുന്ന ഇവ വ്യത്യസ്ത നിരകളിലായി ഭംഗിയോടെ ക്രമീകരിക്കണം.
പട്ടുചീര, വ്ലാത്താങ്കര ചീര എന്നിവ പ്രത്യേക രൂപകല്പനയോടെ അതിരുചെടികളായി വളർത്താം. പൊന്നാങ്കണ്ണിച്ചീരയും ചെറുചീരയും ‘ബോർഡർ’ ചെടികളായി വളർത്താം. ചുവപ്പ്, പച്ച, സുന്ദരി, മയിൽപ്പീലി തുടങ്ങിയ വ്യത്യസ്ത ചീരകൾ ചട്ടികളിലായി ഒരു നിരയിൽ നടാം. പലതരം മുളകുകളും വഴുതനയും സമാനരീതിയിൽ നടാം. വെണ്ട, തക്കാളി എന്നിവ നിലത്തോ ചട്ടികളിലോ സ്ഥലത്തിന്റെ കിടപ്പനുസരിച്ച് വളർത്തണം. കുറ്റി അമരയും കുറ്റിപ്പയറുമൊക്കെ ചട്ടികളിൽ വളർത്താം.
അധികം ഉയരംവെക്കാത്ത റെഡ് ലേഡി പപ്പായ വശങ്ങളിൽ വളർത്തുന്നത് ഭംഗിക്കൊപ്പം മധുരഫലവും തരും. കറിവേപ്പില വെട്ടിയൊതുക്കി ‘ബുഷായി’ വളർത്താം. വിളവെടുപ്പ് കഴിഞ്ഞ് കാലാവധി കഴിയാറായ പച്ചക്കറിത്തൈകൾക്ക് പകരം കരുതൽശേഖരം ഒരുക്കിവെക്കണം. ഒരേ നിറത്തിലുള്ള ചട്ടികളാണ് ഭംഗി. ഡ്രമ്മുകൾ സ്പ്രേ പെയിന്റടിച്ചും മറ്റും കൂടുതൽ ഭംഗിയോടെ രൂപകല്പന ചെയ്യാനാകും. വൃക്ഷങ്ങളുടെ തടത്തിൽ പുതീന നടാം. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി എന്നിവ ചട്ടികളിൽ നിരകളായി വളർത്താം. വീടിന്റെ പിൻഭാഗത്ത് ജി.ഐ. പൈപ്പുകൊണ്ട് സ്ഥിരംപന്തൽ നാട്ടി പയർ, പാവക്ക, പീച്ചിങ്ങ, കാച്ചിൽ, ഫാഷൻഫ്രൂട്ട് എന്നിവ കൃഷി ചെയ്യാം. സ്ഥലപരിമിതി നേരിടുന്നവർക്ക് മഞ്ഞൾ, ഇഞ്ചി, ചേമ്പ്, ചേന, കൂർക്ക തുടങ്ങിയവയും ചട്ടികളിൽ നടാം.
കണ്ടെയ്നറുകളിലാകാം ഫലവൃക്ഷ കൃഷി
ഫുഡ്സ്കേപ്പിനെ ആകർഷകമാക്കുന്നതും സ്ഥലപരിമിതിയിൽ സാധ്യമായതുമാണ് കണ്ടെയ്നറുകളിലെ ഫലവൃക്ഷ കൃഷി. മാവ്, പേര, സപ്പോട്ട, ചാമ്പ, പപ്പായ, കൈതച്ചക്ക, നാരകങ്ങൾ തുടങ്ങിയ പ്രധാന ഇനങ്ങളൊക്കെ 100 ലിറ്ററിന്റെ ഡ്രമ്മിലോ 20-30 ഇഞ്ച് വിസ്താരമുള്ള വലിയ ചട്ടികളിലോ വളർത്താം. കുളമ്പ്, കാലാപ്പാടി, കോട്ടപ്പറമ്പൻ, ചന്ദ്രക്കാരൻ, എച്ച്.151, കാറ്റിമൂൺ (ചോക്കനാർ-തായ്‌ലാൻഡ്), ബനാന മേംഗോ (ചാങ്ദിയാങ്-തായ്‌ലാൻഡ്), നാംഡോക് മായ് (തായ്‌ലാൻഡ്) തുടങ്ങിയവ കണ്ടെയ്നറുകളിൽ കൃഷിചെയ്യാൻ പറ്റിയ മാവിനങ്ങളാണ്. അർക്കാകിരൺ, അർക്കാമൃദുല, അർക്കാരശ്മി, വി.എൻ.ആർ., ലളിത്, മുന്തിരിപ്പേര, തായ്‌വാൻ പിങ്ക് തുടങ്ങിയവ അനുയോജ്യമായ പേരയിനങ്ങളാണ്.
സപ്പോട്ടയിൽ തായ്ജംബോ, ബനാന സപ്പോട്ട തുടങ്ങിയ രുചികരമായ ഇനങ്ങളാണ്. ദൽഹേരി, ബാലി, ബെൽ, ഗ്രീൻ തുടങ്ങിയ അതിമധുരമുള്ള ചാമ്പയിനങ്ങളും നടാം. മുള്ളുള്ളതും മുള്ളില്ലാത്തതും ഒന്നിൽത്തന്നെ ഒരുപാട് ഫലങ്ങൾ ഒരുമിച്ചുണ്ടാകുന്ന മെഡോസ പൈനാപ്പിളും ഉൾപ്പെടെ കൈതച്ചക്ക ഇനങ്ങൾ ചട്ടികളിൽ നട്ടുവളർത്തുന്നത് അഴകേറിയ കാഴ്ചയാകും. ബുഷ് ഓറഞ്ച്, സ്വീറ്റ് ബുഷ് ഓറഞ്ച്, സീഡ് ലെസ് ലെമൺ, അസം ലെമൺ തുടങ്ങിയ നാരകയിനങ്ങൾ 50 ലിറ്റർ ഡ്രമ്മിലോ ചട്ടികളിലോ വളർത്താം.
ഡ്രമ്മിൽ അടിഭാഗത്തുനിന്ന് മൂന്ന് ഇഞ്ച് ഉയരത്തിൽ ചുറ്റിലുമായി നാല് തുളകളെങ്കിലുമിടണം. രണ്ടാഴ്ച കുമ്മായമിട്ടുവെച്ച മണ്ണും മണലും ചാണകപ്പൊടിയും 1:1:1 അനുപാതത്തിൽ മുക്കാൽഭാഗത്തോളം ഡ്രം നിറയ്ക്കുക. 250 ഗ്രാം എല്ലുപൊടിയും 100 ഗ്രാം ട്രൈക്കോഡെർമയും 500 ഗ്രാം വേപ്പിൻപിണ്ണാക്കും പോർട്ടിങ് മിശ്രിതത്തിൽ ചേർക്കാം. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ മിതമായ വളപ്രയോഗവും ഉയരത്തിൽ വളരാനനുവദിക്കാതെ വർഷംതോറും കൊമ്പുകോതലും (പ്രൂണിങ്) നടത്തണം. ശാസ്ത്രീയമാർഗങ്ങളിലൂടെ ഫുഡ്സ്കേപ്പിങ് വിജയകരമാക്കാം.
Content Highlights: Transform your garden into a beautiful edible landscape with food crops and ornamental plants
Published: 06 Sept 2024, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented