പുളിയും മധുരവും ചേർന്ന ‘ഉള്ളിച്ചാമ്പകൾ’ നമ്മുടെ കൃഷിയിടത്തിൽ പണ്ടേയുണ്ടായിരുന്നു. പറിച്ചുകഴിക്കുന്നതിനെക്കാൾ കൂടുതലും ഇവ മരച്ചുവട്ടിൽവീണ് നശിക്കുകയാണ് പതിവ്. രുചിക്കുറവാണ് ഈ നാടൻചാമ്പകളെ അത്ര പ്രിയങ്കരമല്ലാതാക്കിയത്. തായ്‌ലാൻഡ്, ഇൻഡൊനീഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്ത ചാമ്പയിനങ്ങൾ ക്രമേണ നമ്മുടെ നാട്ടിലുമെത്തിത്തുടങ്ങി. കശുമാങ്ങയുടെ മാതൃകയിലും ‘ബെൽ’ ആകൃതിയിലുമൊക്കെ വലുതും പല നിറഭേദങ്ങളുമുള്ളവയാണ് ഇത്തരം ചാമ്പകൾ.
നൂറുകണക്കിന് ഇനങ്ങളുണ്ടെങ്കിലും നല്ലൊരു ശതമാനം ചാമ്പകളും മധുരത്തിലും രുചിയിലും പിന്നിലാണ്. എന്നാൽ, അവയിൽ ആപ്പിളിനെ വെല്ലുന്ന മധുരവും ‘ക്രിസ്പി’യുമായ ചില ഇനങ്ങളുണ്ട്. തായ്‌ലാൻഡ് റെഡ് (ഹൈറേയ്ഞ്ച് ഫ്ലോറ), ബാലി ചാമ്പ, റെഡ് തായ്‌വാൻ (കിങ്), ദെൽഹേരി, മധു, മധുബെല്ലി, എഗ് വൈറ്റ് എന്നിവയെല്ലാം തേനൂറുന്ന മധുരം തരുന്നു. നമ്മുടെ കാലാവസ്ഥയിൽ ഇവയെല്ലാം നന്നായി കായ്ക്കുകയും ചെയ്യും. നട്ട് ഒന്നരവർഷംകൊണ്ട് കായ്ഫലവും തരും. വർഷത്തിൽ രണ്ടോ മൂന്നോ തവണ കായ്ക്കുമെന്നതും ഇത്തരം ചാമ്പകളുടെ സവിശേഷതയാണ്. ദെൽഹേരി ഒഴിച്ച് മിക്കയിനങ്ങളും പൂവിട്ട് 40-45 ദിവസത്തിനകം പാകമാകും. ദെൽഹേരി പാകമാകാൻ 55-60 ദിവസമെടുക്കും. മഴക്കാലത്ത് മധുരം കുറയുമെങ്കിൽ വേനൽക്കാലത്ത് ഇവ അതിമധുരം തരുമെന്നുറപ്പ്.
ഉമ്മർ ചാമ്പ
മധുരത്തിലും ‘ക്രിപ്സി’യിലുമെല്ലാം ഏറെ മുന്നിലാണ് ഉമ്മർ ചാമ്പ. വളാഞ്ചേരി സ്വദേശിയായ ഉമ്മർ പാലാറ തായ്‌ലാൻഡ് ഇനത്തിൽപ്പെട്ട ചാമ്പയിൽനിന്ന് 15 വർഷംമുൻപ് കൂടുതൽ മധുരമുള്ള ഒരിനം കണ്ടെത്തുകയായിരുന്നു. അത് ലെയർ ചെയ്ത് തൈകളുണ്ടാക്കി കർഷകരിലെത്തിച്ചു. ഇതോടെ ‘ഉമ്മർ ചാമ്പ’ എന്ന പേരിൽ ഈ ഇനം കർഷകർക്കിടയിൽ പ്രിയങ്കരമായി. കശുമാങ്ങയുടെ ആകൃതിയിലുള്ള ഈ ചുവന്നചാമ്പയ്ക്ക് ശരാശരി 150 ഗ്രാം ഭാരമുണ്ടാകും. അകം വെള്ളനിറമായിരിക്കും. കുലകളായി കായ്ക്കും.
ബാലി ചാമ്പ
ഇൻഡൊനീഷ്യൻ സ്വദേശിയായ ബാലി ചാമ്പയും രുചിയിൽ കേമനാണ്. ചുവപ്പു നിറമുള്ള കുരുവില്ലാത്ത ഈ ചാമ്പ ശരാശരി 100 ഗ്രാം തൂക്കം വരും.
റെഡ് തായ്‌വാൻ
കിങ് കോങ് എന്ന പേരിലും അറിയപ്പെടുന്ന റെഡ് തായ്‌വാൻ ‘ബെൽ’ ആകൃതിയിലുള്ള ചാമ്പയാണ്. മാംഗോസ്റ്റിന്റേതു പോലുള്ള വലിയ ഇലയാണ് ഇതിനുള്ളത്. പുഴുശല്യം താരതമ്യേന കുറവാണ്. ചുവപ്പ് നിറമുള്ള ഇതിന്റെ ഒരു കുലയിൽ 15 എണ്ണം വരെയുണ്ടാകും. നന്നായി കായ്ക്കുമെന്ന പ്രത്യേകതയുമുണ്ട്.

തായ്‌ലാൻഡ് റെഡ്
ഹൈറേഞ്ച് ഫ്ളോറ എന്ന പേരിലും അറിയപ്പെടുന്ന തായ് ലാൻഡ് റെഡ് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന ചാമ്പകളിലൊന്നാണ്. ചുവപ്പുനിറമുള്ള ഇത് പ്രചാരത്തിലും മധുരത്തിലും മുന്നിലാണ്. കുരുവില്ലാത്ത തായ് ലാൻഡ് റെഡിന് ശരാശരി 120 ഗ്രാം ഭാരമുണ്ടാകും.
ദെൽഹേരി
അടുത്തകാലത്ത് കേരളത്തിലെത്തിയ ചാമ്പകളിൽ രുചിയിലും പ്രചാരത്തിലും മുന്നിലാണ് ദെൽഹേരി. തായ്‌ലാൻഡിൽനിന്നുള്ള ഇതിന്റെ ഇല മറ്റു ചാമ്പകളിൽനിന്ന് അല്പം വ്യത്യസ്തമാണ്. നീണ്ട കട്ടികുറഞ്ഞ ഇലയാണ് ഇതിനുള്ളത്. മറ്റു ചാമ്പകളിൽനിന്ന് വ്യത്യസ്തമായി ഇത് പാകമാകാൻ 10-15 ദിവസം അധികമെടുക്കും. അതായത് പൂവിട്ട് 55-60 ദിവസം വേണ്ടിവരും.
പാകമാകുന്ന കര്യത്തിൽ ആളുകളെ കുഴയ്ക്കുന്ന സ്വഭാവം ഇതിനുണ്ട്. മറ്റു ചാമ്പകളെപ്പോലെ 40-45 ദിവസമാകുമ്പോഴേക്കും പഴത്തിന് ചുവപ്പ് നിറമാകുമെങ്കിലും അത് പൂർണമായി പാകമായതാവില്ല. പഴം മുഴുവൻ ഇരുണ്ട ചുവപ്പ് (ഡാർക്ക് റെഡ്) നിറമാകുമ്പോഴാണ് പൂർണമായും പാകമാകൂ. പൂർണമായി പാകമായ പഴത്തിന്റെ ഉൾഭാഗത്ത് ചുവപ്പ് ഷെയ്ഡുണ്ടാകും.
പച്ചച്ചാമ്പകൾ
ഒട്ടേറെ ഇനം പച്ചച്ചാമ്പകൾ ഉണ്ടെങ്കിലും മധുരത്തിൽ മുന്നിലുള്ളത് വളരെ കുറച്ച് ഇനങ്ങൾ മാത്രമാണ്. മദർ പ്ലാന്റിൽനിന്നുള്ള പഴങ്ങളുടെ ഗുണം അറിഞ്ഞ് വിശ്വസ്തമായ നഴ്സറികളിൽനിന്നോ കർഷകരിൽനിന്നോ വേണം തൈകൾ ശേഖരിക്കാൻ. തായ് ലാൻഡിൽനിന്നുള്ള കരിമ്പിന്റെ രുചിയുള്ള പച്ചച്ചാമ്പ (ഷുഗർകെയ്ൻ) അതിലൊന്നാണ്. പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. രുചിയിൽ നേരിയ വ്യത്യാസമുള്ള ‘ഗ്രീൻ’ ഇനങ്ങളുണ്ട്. ഇൻഡൊനീഷ്യയിൽനിന്നുള്ള മധുബെല്ലി, തായ് ലാൻഡിൽനിന്നുള്ള കിയോജോക്ക് തുടങ്ങിയവ രുചിയേറിയ പച്ചച്ചാമ്പകളാണ്.
വെള്ളച്ചാമ്പകൾ
ഇൻഡൊനീഷ്യയിൽനിന്നുള്ള ‘മധു’, വിയറ്റ്നാമിൽനിന്നുള്ള ‘എഗ് വൈറ്റ്’ എന്നിവ മികച്ച വെള്ളച്ചാമ്പകളാണ്. കൂടാതെ, തായ് ലാൻഡിൽനിന്ന് ഉൾപ്പെടെയുള്ള ചിലയിനം വെള്ളച്ചാമ്പകൾ പ്രചാരത്തിലുണ്ടെങ്കിലും അവയിൽ രുചിയുള്ള ഇനങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടു മാത്രമേ തൈകൾ ശേഖരിക്കാവൂ.
എങ്ങനെ കൃഷിചെയ്യാം
രണ്ടടി വിസ്തൃതിയും ആഴവുമുള്ള കുഴിയെടുത്ത് അഞ്ച് കിലോ ഉണക്കച്ചാണകവും അരക്കിലോ വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി മേൽമണ്ണിനോട് ചേർത്ത് കുഴിമൂടുക. മധ്യത്തിൽ ചെറിയൊരു കുഴിയെടുത്ത് (പിള്ളക്കുഴി) അതിൽ ലെയർചെയ്ത തൈകൾ നടുക. ചാമ്പയ്ക്ക് ലെയർ ചെയ്ത തൈകളാണ് കൂടുതൽ അഭികാമ്യം. വെയിലുള്ള സ്ഥലത്താണ് നടേണ്ടത്. നന അധികംവേണ്ട. ആഴ്ചയിൽ ഒരു തവണയോ വാട്ടം അനുഭവപ്പെടുമ്പോഴോ നനച്ചാൽ മതിയാകും. പൂവിട്ട് കഴിഞ്ഞാൽ നന പരമാവധി കുറയ്ക്കണം. നന കൂടിയാൽ അത് പഴത്തിന്റെ രുചിയെ ബാധിക്കും.
കണ്ടെയ്നറിലാണ് (ചട്ടിയിലോ ഗ്രോബാഗിലോ) കൃഷിയെങ്കിൽ നന അല്പംകൂടി അധികം വേണം. എങ്കിലും മറ്റു ഫലവൃക്ഷങ്ങൾക്ക് നൽകുന്നത്ര വേണ്ട. കൂടുതൽ വിളവിന് മണ്ണിൽത്തന്നെ നടുന്നതാണ് നല്ലത്. വർഷത്തിൽ രണ്ടുതവണ ജൈവവളമിടണം. രാസവളം പ്രയോഗിക്കുന്നുണ്ടെങ്കിൽ യൂറിയ, എൻ.പി.കെ. വളം, പൊട്ടാഷ് എന്നിവ യഥാക്രമം 60 ദിവസത്തെ ഇടവേളകളിൽ മൂന്ന് ഘട്ടങ്ങളിലായി അല്പം (രണ്ട് ടീസ്പൂൺ) ഇടാം. തൈകൾ പൂവിടേണ്ട ഘട്ടത്തിലാണ് പൊട്ടാഷ് ഇടേണ്ടത്.
കായീച്ച ശല്യവും പുഴുക്കേടുമാണ് ചാമ്പകൃഷിയിൽ നേരിടുന്ന പ്രധാന പ്രശ്നം. തളിരിലകൾ പുഴുക്കൾ തിന്ന് നശിപ്പിക്കും. കൃഷിയിടത്തിൽ ഫെറമോൺ കെണി സ്ഥാപിച്ചാൽ കായീച്ചകളിൽനിന്ന് ചെടിയെ രക്ഷിക്കാനാകും. സാഫ്പോലുള്ള ഫംഗിസൈഡോ ജൈവകീടനാശിനിയോ പ്രയോഗിക്കുന്നതും ഒരുപരിധിവരെ പുഴുക്കുത്തിൽനിന്ന് മോചനം നേടാൻ ഉപകരിക്കും. പക്ഷികളിൽനിന്നും കേടുപാടുകളിൽനിന്നും സംരക്ഷിക്കാൻ പഴങ്ങൾ വായുസഞ്ചാരമുള്ള കവറുകളിൽ മൂടുന്നത് നല്ലതാണ്. നല്ല വളർച്ചയ്ക്കും കായ്‌പിടിത്തത്തിനും കൊമ്പുകോതൽ (പ്രൂണിങ്) അത്യന്താപേക്ഷിതമാണ്. വിളവെടുത്ത ശേഷമാണ് കൊമ്പുകോതേണ്ടത്. ഇത് വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും ചെയ്യണം.
കൊള്ളാവുന്ന ഇനങ്ങൾ കുറച്ചുമാത്രം
നൂറുകണക്കിന് ഇനം ചാമ്പകളുണ്ടെങ്കിലും രുചിയിൽ മുന്നിലുള്ളത് കുറച്ചുമാത്രം. വിശ്വസ്തമായ നഴ്സറികളിൽനിന്നോ കർഷകരിൽനിന്നോ തൈകൾ ശേഖരിക്കുകയാണ് പ്രധാനം.
-റഷീദ് തൊണ്ടിക്കോടൻ, കർഷകൻ, അധ്യാപകൻ, രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂൾ
നന കൂടരുത്
മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച് ചാമ്പയ്ക്ക് കുറച്ചുമാത്രം നന മതി. വാട്ടംവരുമ്പോൾ മാത്രമേ കാര്യമായി നനയ്ക്കേണ്ടതുള്ളൂ. വർഷത്തിൽ രണ്ടു തവണയെങ്കിലും ജൈവവളങ്ങളിടണം.
-ഡയസ് പി. വർഗീസ്, കർഷകൻ, കൂത്താട്ടുകുളം
Content Highlights: High-Yield Sweet Champaka Varieties
Published: 21 Jan 2025, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented