ആത്തച്ചക്കയുടെ കുടുംബമായ അനോനേസിയേയിൽ ഉൾപ്പെടുന്ന വ്യത്യസ്തരുചിയുള്ള പഴമാണ് ചെറിമോയ. അനോന ചെറിമോയ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ലാറ്റിനമേരിക്കയാണ് സ്വദേശം.
വളരുന്ന സാഹചര്യം
ഹൈറെയ്‌ഞ്ചുകളിലാണ് സമൃദ്ധമായി കായ്‍ക്കുന്നത്. തണുപ്പുള്ള മലയോരങ്ങളിലും സമതലങ്ങളിലും നന്നായി വളരും. 20 ഡിഗ്രിവരെയുള്ള താപനിലയാണ് ഫലമണിയാൻ അനുകൂലം. കൂടിയതാപനിലയിൽ തഴച്ചുവളരുമെങ്കിലും കായ്‍ക്കാറില്ല, നമ്മുടെ ലിച്ചിയെപ്പോലെ. കേരളത്തിൽ കാന്തല്ലൂരിലാണ് ഇത് വ്യാപകമായി കാണുന്നത്. വയനാട്ടിലെ മണ്ണും കാലാവസ്ഥയും മറ്റുസാഹചര്യങ്ങളും ഈ ചെടിക്ക് അനുയോജ്യമായതിനാൽ പലരും ഇന്നിത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നുണ്ട്.
സസ്യവിവരണം
ഇടത്തരംമരമായി ശാഖോപശാഖകളായി വളരുന്ന മരത്തിൽ നിറയെ ഇലകളുണ്ടാവും. ദീർഘവൃത്താകൃതിയിലുള്ള, അറ്റത്ത് ചെറിയ പിളർപ്പോടെയുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്. വേനലിൽ ഇലകൾ പൊഴിക്കാറുണ്ട്. ശാഖകളിലാണ് പിങ്ക് നിറത്തിലുള്ള ഏതാണ്ട് മൂന്ന് സെന്റീമീറ്റർ വലുപ്പമുള്ള പൂക്കളുണ്ടാവുന്നത്. പൂക്കളിൽ മഞ്ഞയും കാപ്പിയും കലർന്ന കേസരങ്ങളുണ്ടാകും. സാധാരണ വേനൽമാസങ്ങളിലാണ് പൂക്കുന്നത്. ഡിസംബറിനുമുൻപായി ഫലങ്ങൾ മൂപ്പെത്തും.
കായകൾക്ക് കാഴ്ചയിൽ ആത്തച്ചക്കയോട് സാമ്യമുണ്ട്. പച്ചനിറത്തിലുള്ള കായകൾക്ക് പഴുക്കുമ്പോൾ ഇളംമഞ്ഞനിറം വ്യാപിക്കും. ഫലങ്ങൾക്ക് പരമാവധി ഒന്നരക്കിലോഗ്രാംവരെ തൂക്കംകാണും. മൂപ്പെത്തിയകായകൾ പറിച്ചെടുത്ത് പഴുക്കാൻവെക്കണം. ആത്തച്ചക്കയിലെന്നപോലെ ഇളംമഞ്ഞനിറമുള്ള വെള്ള പൾപ്പിനിടയിൽ ചെറിയ കറുത്തവിത്തുകളും കാണാം. ഫലങ്ങൾ പറിക്കാതെവെച്ചാൽ അവ ഉണങ്ങിപ്പോകും. ഇത് കർഷകരെ അലട്ടുന്ന പ്രധാനപ്രശ്നമാണ്.
പഴത്തിന്റെ പ്രത്യേകത
വ്യത്യസ്തപഴങ്ങളുടെ രുചിയാണ് പ്രത്യേകത. നാടൻപഴങ്ങളായി ഗണിക്കുന്ന നമ്മുടെനാട്ടിലെ മാങ്ങ, ചക്ക, വാഴപ്പഴം, പേരക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നിവയുടെയെല്ലാം സമ്മിശ്രരുചിയാണിതിന്. അതിനാൽ ഇതിനെ പ്രകൃതിയുടെ ഫ്രൂട്‌സലാഡ് എന്ന് വിശേഷിപ്പിക്കാറുണ്ട്.
വംശവർധന
സ്വാഭാവികമായി വിത്തുവഴിയാണ് വംശവർധന നടക്കുന്നത്. പഴത്തിൽനിന്ന് ശേഖരിച്ച വിത്ത് മണ്ണിൽ പാകി തൈകളാക്കാം. എന്നാൽ, ഇങ്ങനെയുള്ളതൈകൾ കായ്‍ക്കാൻ കാലങ്ങളെടുക്കും. വേഗത്തിൽ ഫലമുണ്ടാകാനും കുള്ളൻപ്രകൃതമുള്ള ചെടി ഉത്പാദിപ്പിക്കാനും പതിവെച്ചും ഗ്രാഫ്റ്റിങ് വഴിയും തയ്യാറാക്കിയ തൈകളാണ് നല്ലത്. ഇത്തരം തൈകൾ നട്ടുപരിപാലിച്ചാൽ മൂന്നാംവർഷംതന്നെ കായ്‌ച്ചുതുടങ്ങും.
നടീൽ
രണ്ടടി സമചതുരത്തിൽ തയ്യാറാക്കിയ കുഴിയിൽ മേൽമണ്ണും കമ്പോസ്റ്റും എല്ലുപൊടിയും കലർത്തിയെടുത്ത് നിറയ്ക്കാനായി ഉപയോഗിക്കാം. ഇതിനുനടുവിൽ ചെറുകുഴി തയ്യാറാക്കി തൈനടാം. നേരിട്ട് സൂര്യപ്രകാശംകിട്ടുന്നയിടങ്ങളിൽ പ്രത്യേകപരിപാലനമൊന്നുമില്ലാതെ നന്നായി ഫലംനൽകും. കരുത്തോടെവളരുന്ന ഒരു മരം ആണ്ടിൽ 50 കിലോഗ്രാം കായകൾ വരെ ഉത്പാദിപ്പിക്കും.
പഴമഹിമ
ഈ ഫലത്തിൽ 100 കലോറിവരെ ഊർജമുണ്ട്. 2.5 ഗ്രാം പ്രോട്ടീനും 6.5 ഗ്രാം ഡയറ്റി നാരുകളും അടങ്ങിയിട്ടുണ്ട്. ധാതുലവണങ്ങളായ കാത്സ്യം, ഫോസ്ഫറസ്, അയേൺ, കരോട്ടിൻ എന്നിവയും നല്ലതോതിൽ അടങ്ങിയിരിക്കുന്നു. വിറ്റമിൻ സി, വിറ്റമിൻ ബി വിഭാഗത്തിലെ തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ എന്നിവയും പഴത്തിലുണ്ട്. ഈ പഴത്തിന് പ്രത്യേകഗന്ധം നൽകുന്നത് ഡൈടെർ പീനുകളാണ്. കാലവർഷാരംഭത്തോടെ ഉയർന്നപറമ്പുകളിൽ മിക്കപഴവർഗത്തൈകളും നട്ടുതുടങ്ങാം. തൈകൾ സ്വകാര്യനഴ്‌സറികളിലും കൃഷിവകുപ്പ്, കാർഷികസർവകലാശാലാ ഫാമുകളിലും വിതരണത്തിന് തയ്യാറാവുന്നതും ജൂണോടെയാണ്. ഈയടുത്തകാലത്തുമാത്രം പ്രചാരത്തിൽവന്നതിനാൽ വ്യാപകമായി അത് എല്ലാനഴ്‌സറികളിലും എത്താറായിട്ടില്ല. ആവശ്യക്കാരുണ്ടെങ്കിലേ നഴ്‌സറിയിലും അത് സ്റ്റോക്ക്ചെയ്ത് തുടങ്ങുകയുള്ളൂ. വിവരങ്ങൾക്ക്: 9446088605.
Content Highlights: Cherimoya, a unique fruit with a blend of flavors. Learn about its cultivation, benefits & more.
Published: 11 May 2025, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented