ഇടതിങ്ങിയ പച്ചിലച്ചാര്‍ത്തുകളോടുകൂടി ഏകദേശം 15 മീറ്റര്‍വരെ ഉയരത്തില്‍ ശിഖരിച്ചു വളരുന്ന വൃക്ഷമാണ് പനിനീര്‍ചാമ്പ അഥവാ മലയന്‍ ആപ്പിള്‍. നല്ല ജൈവവളാംശവും നീര്‍വാര്‍ച്ചയുള്ളതും സാമാന്യം നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ പ്രദേശങ്ങളിലെ ഏതുതരം മണ്ണിലും അനായാസം വളരും. എന്നാല്‍, കഠിനമായ സൂര്യപ്രകാശമേല്‍ക്കുന്ന വരണ്ട പ്രദേശങ്ങള്‍ പനിനീര്‍ചാമ്പ നടാന്‍ യോജിച്ചതല്ല.

To advertise here,

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് ഇവയുടെ പുഷ്പ-ഫല കാലം. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തചംക്രമണം വര്‍ധിപ്പിക്കാനും അസ്ഥികളെ ബലപ്പെടുത്താനും ഫലങ്ങള്‍ ഗുണകരമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വിത്തുകള്‍ പാകിമുളപ്പിച്ച് തൈകള്‍ ഉണ്ടാക്കാം. ഇത്തരം തൈകളില്‍ ഫലങ്ങള്‍ പിടിക്കാന്‍ ഏഴുവര്‍ഷംവരെ കാത്തിരിക്കേണ്ടതാണ്. എന്നാല്‍, ഗ്രാഫ്റ്റ് തൈകളില്‍ മൂന്നരവര്‍ഷംകൊണ്ട് ഫലങ്ങള്‍ വിളയും. മൂന്നടി നീളം, വീതി, ആഴം ഉള്ള കുഴികള്‍ എടുത്ത് മേല്‍ മണ്ണും കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതം മുക്കാല്‍ ഭാഗം നിറച്ചശേഷം തൈകള്‍ നടാം (തൈകള്‍ക്ക്: റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ അമ്പലവയല്‍- 9961367895).

വര്‍ണാഭമായ പൂക്കളും മനോഹരമായ ഫലങ്ങളും വിളയുന്ന പനിനീര്‍ചാമ്പ പൊതുപാര്‍ക്കുകളിലും വളര്‍ന്ന് പന്തലിക്കാന്‍ സ്ഥലമുള്ള വലിയ വാണിജ്യസമുച്ചയങ്ങളിലും ലാന്‍ഡ്സ്‌കേപ്പ് വൃക്ഷമായും നട്ടുവളര്‍ത്താം. 

വിവരങ്ങള്‍ക്ക്: akpradeep1@uoc.ac.in

Content Highlights: Grow Panineer Chamba Syzygum Jambos