കാർഷികമേഖലയിൽ ആധുനിക സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. പ്രകൃതിക്ക് അനുയോജ്യമായ കൃഷിരീതികൾ കൈക്കൊണ്ട് ഈ നൂറ്റാണ്ടിന്റെ കർഷകരെ കാർഷിക മേഖലയിൽ പിടിച്ചുനിർത്തുന്നതിന് ഇന്നിന്റെ സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ തനതായ കാർഷിക പാരമ്പര്യത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി കോർത്തിണക്കി വിസ്മയം തീർക്കുകയാണ് കേരളത്തിലെ മികച്ച അഗ്രി-സ്റ്റാർട്ടപ്പായി തിരഞ്ഞെടുക്കപ്പെട്ട ഫ്യൂസലേജ് ഇന്നൊവേഷൻ. കർഷകുടുംബത്തിൽ ജനിച്ചു വളർന്ന ആലപ്പുഴ സ്വദേശി ദേവൻ ചന്ദ്രശേഖരൻ എന്ന എയ്‌റോനോട്ടിക്കൽ എൻജിനീയറുടെ ആശയമാണ് ഇന്ത്യൻ കാർഷിക രംഗത്തിന് പുതിയൊരു ദിശാബോധം നൽകുന്നത്. ഒരു ബി.ടെക് പ്രോജക്റ്റിൽനിന്നു തുടങ്ങി, പ്രതിരോധ മേഖലയ്ക്കും കർഷകർക്കും ഒരുപോലെ കരുത്തേകുന്ന വൻകിട സംരംഭമായി മാറിയ ഈ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ കഥ യുവതയ്ക്ക് വലിയ പ്രചോദനവുമാണ്.

To advertise here,

ബി.ടെക് പ്രോജക്റ്റിൽനിന്ന് പാടത്തേക്ക്

ദേവന്റെ ബി.ടെക് എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് പഠനകാലത്തെ അവസാന വർഷ പ്രോജക്റ്റാണ് ഈ ആശയത്തിന് വിത്തുപാകിയത്. കാർഷിക പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നു വന്നതുകൊണ്ട് പ്രളയത്തിന് ശേഷമുള്ള വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാനം കൃഷിയെ എങ്ങനെ ബാധിക്കുന്നുവെന്നും നേരിട്ടറിയാമായിരുന്ന ദേവൻ ചന്ദ്രശേഖരൻ മണ്ണറിഞ്ഞ് കൃഷി ചെയ്യുന്ന പരമ്പരാഗത രീതിയിൽനിന്നു മാറി വിളകളുടെ വളർച്ചാ വിവരശേഖരണത്തിലൂന്നി കൃഷി ചെയ്യുന്ന രീതി പ്രാവർത്തികമാക്കാനാണ് ശ്രമിച്ചത്. മിക്കപ്പോഴും എൻജിനീയറിങ് പ്രോജക്റ്റുകൾ പേപ്പറുകളിൽ അവസാനിക്കുമ്പോൾ, ചുറ്റുമുള്ള കർഷകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് ദേവൻ തിരിച്ചറിഞ്ഞു. കാലാവസ്ഥാ വ്യതിയാനം കർഷകരെ എങ്ങനെ ബാധിക്കുന്നുവെന്നും സസ്യങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടവും തിരിച്ചറിഞ്ഞുള്ള കൃഷിയാണ് പ്രധാനമെന്നും മനസ്സിലാക്കിയ അദ്ദേഹം അതിനുവേണ്ടി ഒരു ഡ്രോൺ പ്രോജക്ട് തയ്യാറാക്കി.

വെല്ലുവിളികളിൽ തളരാതെ മുന്നോട്ട്

2020-ലെ കോവിഡ് കാലത്താണ് കമ്പനി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത്. ലോകം മുഴുവൻ നിശ്ചലമായപ്പോൾ ദേവൻ തന്റെ സമയം റിസർച്ചിനും ഡ്രോൺ വികസിപ്പിക്കൽ പ്രവർത്തനങ്ങൾക്കുമായി മാറ്റി വെച്ചു. നിരന്തരമായ പരീക്ഷണങ്ങൾ നടത്തി. ഏറ്റവും വലിയ വെല്ലുവിളി മൂലധനം കണ്ടെത്തുകയായിരുന്നു. ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് ആയതുകൊണ്ട് തന്നെ വലിയ റിസ്ക് ഉണ്ടെന്ന് പറഞ്ഞ് ആലപ്പുഴയിലെയും ചേർത്തലയിലെയും ഒട്ടുമിക്ക ബാങ്കുകളും കൈവിട്ടു. എല്ലാ വാതിലുകളിലും മുട്ടി. ഒടുവിൽ കൊച്ചിയിലെ വാഴക്കാലയിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ സ്റ്റാർട്ടപ്പ് ഇനിഷ്യേറ്റീവ് വഴി ഇവർ അക്കൗണ്ട് എടുത്തു. ദിവസവും ബാങ്കിൽ ചെന്ന് മാനേജർമാരെ കാണുകയും സംസാരിക്കുകയും ചെയ്തുക്കൊണ്ടിരുന്ന ദേവന്റെ സ്ഥിരോത്സാഹം വിജയിച്ചു. ഏഴു മാസത്തെ കാത്തിരിപ്പിനൊടുവിൽ 20 ലക്ഷം രൂപയുടെ ലോൺ ലഭിച്ചു. ആ തുക കൊണ്ട് സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി. സഹോദരി ദേവികയും ഒപ്പം കൂടിയതോടെ ആത്മവിശ്വാസവും ഇരട്ടിച്ചു.

നിരീഷും ഫിയയും: കൃഷിയിലെ പുതിയ കൂട്ടുകാർ

രണ്ട് തരത്തിലുള്ള ഡ്രോണുകളാണ് ഫ്യൂസലേജ് വികസിപ്പിച്ചത്. ഒന്ന് കൃഷിയിടത്തിലെ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും സഹായിക്കുമ്പോൾ, രണ്ടാമത്തേത് കൃത്യമായ അളവിൽ വളവും കീടനാശിനികളും തളിക്കാനുള്ളതാണ്. ഡാറ്റാ ബേസ്ഡ് അപ്രോച്ചിലൂടെ സസ്യങ്ങൾക്ക് ആവശ്യമുള്ളത് മാത്രം നൽകുക വഴി കൃഷി കൂടുതൽ ലാഭകരമാക്കാൻ സാധിക്കുമെന്ന് ഇവർ തെളിയിച്ചു. മണ്ണൂത്തി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ വാലിഡേഷൻ കൂടി ലഭിച്ചതോടെ ഇതൊരു സ്റ്റാർട്ടപ്പായി രജിസ്റ്റർ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചു.

ഡ്രോൺ ഉപയോഗിച്ചുള്ള കൃഷിരീതി വഴി അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. 'നിരീഷ്', 'ഫിയ' എന്നാണ് ഡ്രോണുകൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. 'നിരീഷ്' ഡ്രോൺ കൃഷിയിടത്തിലൂടെ പറന്ന് വിളകൾ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും ആ വിവരങ്ങൾ വിശകലനം ചെയ്ത് ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ 'ഫിയ' ഡ്രോണിലേക്ക് കൈമാറുന്നതോടെ, അത് കൃത്യമായി പ്രശ്നബാധിത പ്രദേശങ്ങളിൽ മാത്രം വളമോ കീടനാശിനിയോ തളിക്കുന്നു.

ഭാരം കുറഞ്ഞ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന നിരീഷ് ഡ്രോണിന്റെ ആകെ ഭാരം 2 കിലോഗ്രാം മാത്രമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 35 മിനിറ്റ് വരെ തുടർച്ചയായി പറക്കാൻ സാധിക്കും. കൺമുമ്പിൽനിന്ന് (Line of Sight) 5 കിലോ മീറ്റർ ദൂരപരിധി വരെ ഇതിന് പ്രവർത്തിക്കാനാകും. മണിക്കൂറിൽ 25 കിലോ മീറ്റർ വേഗതയുള്ള കാറ്റിലും സുസ്ഥിരമായി പറക്കാൻ നിരീഷിന് കഴിയും.

മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വിളകളിലെ മാറ്റങ്ങൾ കണ്ടെത്താൻ നിരീഷിലെ മൾട്ടിസ്പെക്ട്രൽ സെൻസറുകൾക്ക് സാധിക്കും. ഈ സെൻസറുകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത ക്ലൗഡ് സംവിധാനത്തിലൂടെ വിശകലനം ചെയ്ത് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. ഇതുവഴി ചെടികൾ നേരിടുന്ന സമ്മർദം, കീടബാധ, പോഷകങ്ങളുടെ കുറവ് എന്നിവ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നു. നിരീഷ് ഡ്രോൺ കണ്ടെത്തുന്ന വിവരങ്ങൾ വെറുമൊരു റിപ്പോർട്ടിൽ ഒതുങ്ങുന്നില്ല. ഈ വിവരങ്ങൾ വയർലെസ് ആയി ഫിയ ക്യുഡി10 എന്ന സ്പ്രേയിങ് ഡ്രോണിലേക്ക് തത്സമയം കൈമാറുന്നു.

ഈ സംയോജിത പ്രവർത്തനം വഴി മരുന്നുകളുടെയും രാസവളങ്ങളുടെയും അമിത ഉപയോഗം ഒഴിവാക്കാനും പ്രവർത്തന ചെലവും സമയവും ഗണ്യമായി കുറയ്ക്കാനും കർഷകർക്ക് സാധിക്കുന്നു. സാധാരണ ഗതിയിൽ മുഴുവൻ കൃഷിയിടത്തിലും കീടനാശിനി തളിക്കുന്നതിന് പകരം ഡ്രോണുകൾ ഉപയോഗിച്ച് ആവശ്യമായ സ്ഥലത്ത് മാത്രം മരുന്ന് നൽകുന്നതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാം. ഏഴ് മിനിറ്റിനുള്ളിൽ ഒരു ഏക്കർ കൃഷിഭൂമി കവർ ചെയ്യാൻ ഈ ഡ്രോണുകൾക്ക് സാധിക്കും. ഇതുവഴി കർഷകർക്ക് 70% വരെ അധിക ഉത്പാദനവും കൃഷി ചെലവിൽ 35% കുറവും ലഭിക്കുന്നുണ്ടെന്ന് ദേവൻ ചന്ദ്രശേഖരൻ പറയുന്നു.

കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നു

കൃഷിക്കായി മണ്ണ് ആവർത്തിച്ച് ഉഴുതുമ്പോൾ മണ്ണിനുള്ളിൽ സംഭരിച്ചിരുന്ന ഓർഗാനിക് കാർബൺ വായുവുമായി സമ്പർക്കത്തിൽ വരുകയും അത് കാർബൺ ഡയോക്സൈഡായി (CO₂) അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. യൂറിയ, ഡിഎപി പോലുള്ള നൈട്രജൻ വളങ്ങൾ മണ്ണിൽ ചേർക്കുമ്പോൾ അവയുടെ രാസപരിവർത്തനപ്രക്രിയകളിലൂടെ നൈട്രസ് ഓക്സൈഡ് എന്ന ഹരിതഗൃഹവാതകം പുറത്തുവരുന്നു. വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളിൽ ഓക്സിജൻ ഇല്ലാത്ത സാഹചര്യത്തിൽ ജൈവവസ്തുക്കൾ വിഘടിക്കുമ്പോൾ മീഥേൻ (CH₄) ഉൽപ്പാദിപ്പിക്കപ്പെടുന്നത് കാർഷിക മേഖലയിലെ മറ്റൊരു പ്രധാന കാർബൺ പുറന്തള്ളലാണ്. വിളവെടുപ്പിന് ശേഷം നെൽവൈക്കോൽ പോലുള്ള വിളാവശിഷ്ടങ്ങൾ കത്തിക്കുന്നത് നേരിട്ട് കാർബൺ ഡയോക്സൈഡും ബ്ലാക്ക് കാർബണും അന്തരീക്ഷത്തിലേക്ക് വിടുകയും മണ്ണിന്റെ കാർബൺ സംഭരണശേഷി കുറയ്ക്കുകയും ചെയ്യുന്നു. ട്രാക്ടർ, പമ്പ്‌സെറ്റ് പോലുള്ള കാർഷിക യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങളും കൃഷിയെ കാലാവസ്ഥാ മാറ്റവുമായി ബന്ധിപ്പിക്കുന്ന മറ്റൊരു നിർണായക ഘടകമാണ്. ഇങ്ങനെ കൃഷി ഭക്ഷ്യോത്പാദനത്തിന്റെ അടിസ്ഥാനമാകുന്നതിനൊപ്പം തന്നെ ശരിയായ രീതികൾ സ്വീകരിക്കാത്തപക്ഷം അന്തരീക്ഷ കാർബൺ വർധനവിലേക്കുള്ള ഒരു പ്രധാന പങ്കാളിയായി മാറുന്നു.

എന്നാൽ, ഫ്യൂസലേജിന്റെ ഡ്രോൺ ടെക്നോളജി പ്രയോജനപ്പെടുത്തുന്നതിലൂടെ ഹെക്ടറിന് 51.45 കിലോഗ്രാം കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഫെസിലിറ്റി ഫോർ ലോ കാർബൺ ടെക്നോളജി ഡിവലപ്മെന്റ് (Facility For Low Carbon Technology Deployment) കണ്ടെത്തിയിട്ടുണ്ട്. വളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നത് വഴി മീഥേൻ പുറന്തള്ളുന്നത് വലിയ തോതിൽ കുറഞ്ഞു. സയന്റിഫിക് അപ്രോച്ചിലൂടെ ചെടികളിലെ 'ചെനപ്പ്' 50 മുതൽ 60 വരെയായി വർധിച്ചതായും ഇലകളുടെ എണ്ണം കൂടുന്നത് കാർബൺ കൺസെപ്ഷൻ വർധിപ്പിക്കാൻ സഹായിക്കുന്നുവെന്നും പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.

ഫ്യൂസലേ ഫ്ലയിങ് ക്ലബ്

ആദ്യകാലത്ത് ഇറക്കിയ 25 ഡ്രോണുകളും കർഷകർക്ക് ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് തകർന്നു വീണ അനുഭവത്തി നിന്നാണ് കൃത്യമായ പരിശീലനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ഇത് മറിക്കടക്കുന്നതിന് കർഷകർക്ക് പരിശീലനം നൽകുന്നതിനായി നല്ല സാങ്കേതിക വിദഗ്ധരെ കണ്ടെത്തുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഇതിനായി 'ഫ്യൂസലേ ഫ്ലയിങ് ക്ലബ്' എന്ന പേരിൽ ഒരു ട്രെയിനിങ് വിങ് ആരംഭിച്ചു. കർഷകർക്ക് ഡ്രോണുകളുടെ ശരിയായ പ്രയോഗം മനസ്സിലാക്കി നൽകുന്നതിനും കൃത്യമായ പരിശീലനം ഉറപ്പാക്കുന്നതിനും ഫ്യൂസലേ ഫ്ലയിങ് ക്ലബിലൂടെ സാധിക്കുന്നുവെന്ന് ദേവൻ പറയുന്നു. തുടക്കത്തിൽ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ കർഷകർക്ക് മടിയുണ്ടായിരുന്നു. ഇത് മറികടക്കാൻ ഫ്രീ സർവീസുകൾ നൽകി. ഒരു ദിവസം കൊണ്ട് ചെയ്യുന്ന ജോലി വെറും 8 മുതൽ 15 മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കർഷകരെ ബോധ്യപ്പെടുത്തി. കേരളത്തിൽ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ ഫ്യൂസലേജിൻ‍റെ സേവനം ഇപ്പോൾ ലഭ്യമാണ്.

ടൈ കേരളയുടെ മികച്ച സംരഭകനുള്ള ഈ വർഷത്തെ അവാർഡ് ദേവനാണ് ലഭിച്ചത്. അതുപോലെ കേരള സർക്കാരിന്റെ മികച്ച അഗ്രി സ്റ്റാർട്ടപ്പ് അവാർഡ്, യൂത്ത് ഐക്കൺ അവാർഡ്, ഐടി ഡിപ്പാർട്ട്‌മെന്റിന്റെ ഇ-ഗവേണൻസ് അവാർഡ് എന്നിവയും ഫോബ്സിന്റെ '30 അണ്ടർ 30' അംഗീകാരവും ദേവനെ തേടിയെത്തി. 30 വയസിന് താഴെയുള്ള വ്യക്തികൾ വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന അസാധാരണമായ സംഭാവനകളും നവീകരണങ്ങളും അംഗീകരിക്കുന്നതിനായി ഫോബ്സ് മാസിക പ്രതിവർഷം പുറത്തിറക്കുന്ന ആഗോള ബഹുമതിപ്പട്ടികയാണ് ഇത്. 450-ലധികം ഡ്രോണുകൾ ഇന്ത്യയിലുടനീളം വിതരണം ചെയ്ത ഇവർ ഇപ്പോൾ ആഫ്രിക്കയിലേക്കും കയറ്റുമതി ആരംഭിച്ചിട്ടുണ്ട്.

ഭാവി ലക്ഷ്യങ്ങൾ

അസം, മിസോറാം പോലുള്ള ഉയരം കൂടിയ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന കപ്പാസിറ്റി കൂടിയ ഡ്രോണുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കമ്പനി. കൃഷിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ പ്രതിരോധം, ദുരന്തനിവാരണം എന്നീ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. കൊച്ചി ഷിപ്പ്‌യാർഡ്, എൻപിഒഎൽ, ഡിആർഡിഒ എന്നിവരുമായി ചേർന്ന് തദ്ദേശീയമായ ഡ്രോൺ സാങ്കേതികവിദ്യകൾ ഇവർ വികസിപ്പിക്കുന്നു. പ്രതിരോധ മേഖലയ്ക്കായി ഭാരം വഹിക്കാൻ ശേഷിയുള്ള പേലോഡ് ഡ്രോണുകളും ഇവർ നിർമ്മിക്കുന്നുണ്ട്

മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകന് താങ്ങായി ഡ്രോണുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിരുന്നെത്തുന്ന ഈ കാലഘട്ടം, ഇന്ത്യൻ കാർഷിക രംഗത്തെ പുതിയൊരു സുവർണ്ണ യുഗത്തിലേക്ക് നയിക്കുകയാണ്. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള കാർഷികമേഖലയിലെ വിപ്ലവകരമായ മാറ്റം കർഷകർക്ക് താങ്ങും കരുത്തുമാകുകയാണ്. കൃഷിയിടത്തിലെ ഓരോ പുൽനാമ്പിന്റെയും ആവശ്യം കൃത്യമായി മനസ്സിലാക്കി കാർഷിക രംഗത്തെ സമൃദ്ധിയിലേക്ക് നയിക്കുന്നതിനും പ്രകൃതിയെ അറിഞ്ഞ് കൃഷി ചെയ്യുന്നതിനും ഡ്രോൺ സാങ്കേതിക വിദ്യ കർഷകരെ പ്രാപ്തരാക്കുന്നു.

(ഡ്രോണുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: 7012937807)