കറുകച്ചാൽ: റബ്ബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ റബ്ബർത്തൈക്കൊപ്പം കമുകും കാപ്പിയും ഇടംപിടിക്കുന്നു. റബ്ബർത്തൈകൾക്കൊപ്പം ഇടവിളയായാണ് ഇവ കൃഷിചെയ്യുന്നത്. മറ്റുവിളകളെ അപേക്ഷിച്ച് കുറഞ്ഞ പരിചരണവും മെച്ചപ്പെട്ട വരുമാനവും കിട്ടുന്നതിനാലാണ് കാപ്പിയും കമുകും പരീക്ഷിക്കുന്നത്. ഏകവിളയെ ആശ്രയിക്കുന്നത് പലപ്പോഴും നഷ്ടം സമ്മാനിക്കുമെന്ന അറിവും.

To advertise here,

ചെറിയ അളവിലുള്ള സ്ഥലങ്ങളിൽപ്പോലും കമുക്‌ സുഗമമായി കൃഷിചെയ്യാം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ പ്രമുഖ എസ്റ്റേറ്റുകളിലെല്ലാം മൂന്നുവർഷത്തോളമായി കാപ്പിത്തൈകൾ നടുണ്ട്. റബ്ബർത്തൈകൾ പരിചരിക്കുമ്പോൾ ഇവയ്‌ക്കും സ്വാഭാവികമായി ഗുണംകിട്ടും. രണ്ടര വർഷത്തിനുള്ളിൽ ആദായവും കിട്ടും. ടാപ്പ് ചെയ്യുന്ന മരങ്ങൾക്കിടയിലും കാപ്പി നടാൻ കഴിയുന്നതിനാൽ വരുമാനം ഇരട്ടി. റബ്ബർ പൂർണമായി ഉപേക്ഷിച്ച് കാപ്പി, കമുക്‌ കൃഷിയിലേക്ക് മാറിയ കർഷകരും നിരവധിയാണ്. പറത്താനം, പൂഞ്ഞാർ, കൂട്ടിക്കൽ തുടങ്ങിയ മലയോര മേഖലകളിലെല്ലാം റബ്ബർ ഉപേക്ഷിച്ച് നിരവധിപേരാണ് കമുകും കാപ്പിയും കൃഷിചെയ്യുന്നത്. ഒരുകിലോ കാപ്പിക്കുരുവിന് 200 രൂപയിലധികവും കൊട്ടപ്പാക്കിന് 270 രൂപയും ഇപ്പോൾ വിലയുണ്ട്. മഴക്കാലം തുടങ്ങിയതോടെ തൈകൾ നടാനുള്ള തിരക്കിലാണ് കർഷകർ. ഇന്റർമംഗള ഇനത്തിൽപ്പെട്ട കമുകിൻതൈകളാണ് കൂടുതലായും വിൽക്കുന്നത്. ചുരുങ്ങിയ പരിചരണവും രോഗപ്രതിരോധശേഷിയുമുള്ള ഇനമാണ്. മോഹിത്‌നഗർ, കാസർകോടൻ തുടങ്ങിയ ഇനങ്ങൾക്കും ആവശ്യക്കാരുണ്ട്.

മൂന്നുവർഷം മുതൽ ഇത് കായ്‌ച്ചുതുടങ്ങും. 30 രൂപയാണ് തൈകളുടെ വില. ചന്ദ്രഗിരി, സി ഇന്റു ആർ ഇനത്തിൽപ്പെട്ട കാപ്പിത്തൈകൾക്കും പ്രിയമേറെയാണ്. രണ്ടരവർഷം കഴിയുമ്പോൾ ഇത് കായ്ച്ചുതുടങ്ങും. ഓരോ വർഷവും ആദായം വർധിക്കും. റബ്ബർബോർഡ് അടക്കമുള്ളവർ ഇടവിളക്കൃഷികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.