ഇരിങ്ങണ്ണൂർ(കോഴിക്കോട്): കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഏർപ്പെടുത്തിയ ‘ഹരിതവ്യക്തി’ അംഗീകാരത്തിന് ഡോ. പി. ദിലീപ് കോട്ടേമ്പ്രം അർഹനായി. എടച്ചേരി പഞ്ചായത്തിലെ കോട്ടേമ്പ്രം സ്വദേശിയായ ഡോ. പി. ദിലീപ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ സസ്യശാസ്ത്ര അധ്യാപകനും മികച്ച പരിസ്ഥിതിപ്രവർത്തകനുമാണ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സംസ്ഥാന ഹരിതവ്യക്തി പുരസ്കാരമാണ് (സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ-പ്രത്യേകപരാമർശം) ഡോ. പി. ദിലീപിന് ലഭിച്ചത്.
ജൈവവൈവിധ്യ സംരക്ഷണത്തിൽ നൂതനാശയം പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കിയതിനാണ് പുരസ്കാരം. ഒരു ചായ ഒരു ചോല, ക്വാറിയിലും പൂവിരിയും, അങ്കണപ്പൂമഴ, അശോകവനി, മധുരവനം, ഗ്രീൻ ക്ലാസ് റൂം, ശലഭത്താര, ബാംബൂസിയ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ദിലീപ് നടത്തിയിരുന്നു. ഒരു ചായ ഒരു ചോല പദ്ധതിയിൽ ചായക്കടകളുടെമുന്നിൽ കൈകഴുകിക്കളയുന്ന വെള്ളത്തിൽനിന്ന് ഒരു ചെടിക്ക് വളരാമെന്ന ലളിതമായ ആശയമായിരുന്നു മുന്നോട്ടുവെച്ചത്. ചായകുടിക്കുന്ന ഓരോരുത്തരും അറിയാതെ ഇതിൽ പങ്കാളികളാവുന്നു. കടയുടമയുടെ സഹായത്തോടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഈ പദ്ധതിപ്രകാരം 2013 മുതൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 690 ചെടികൾ വളരുന്നുണ്ട്.
ക്വാറിയിലും പൂവിരിയും എന്നത് രാഷ്ട്രപിതാവിന്റെ 150-ആം ജന്മദിനത്തിൽ കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരിയിലെ ക്വാറിനികത്തിയ തരിശുഭൂമിയിൽ 150 വൃക്ഷത്തൈകൾ (വവ്വാലുകളും പക്ഷികളും ആശ്രയിക്കുന്ന) നട്ടുപിടിപ്പിച്ചു. അങ്കണപ്പൂമഴ പദ്ധതി കുട്ടികളിൽ നാട്ടുപൂക്കളുടെ സാമീപ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മൊകേരി പഞ്ചായത്തിലെ അങ്കണവാടിയിൽ തുടങ്ങിയ പദ്ധതിയായിരുന്നു. ബാംബൂസിയ പദ്ധതിയുടെ ഭാഗമായി 2009-ൽ മുളയുടെ 20 തരം വെറൈറ്റികൾ സുൽത്താൻബത്തേരി സെയ്‌ൻറ്. മേരീസ് കോളേജിന്റെ അങ്കണത്തിൽ നട്ടുപിടിപ്പിച്ചു. ഈ മുളങ്കാട് കോളേജ് കാംപസിൽ ഇപ്പോഴും സംരക്ഷിച്ചുവരുന്നു. 13 വർഷമായി മാതൃഭൂമി സീഡ് പദ്ധതിയുടെ ടീച്ചർ കോഡിനേറ്ററാണ്.
സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം രണ്ടുതവണയും വിശിഷ്ട ഹരിതവിദ്യാലയമായി സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദിലീപ് മാഷിലൂടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സീഡിന്റെ 2022-ലെ സംസ്ഥാന സ്പെഷ്യൽ ജൂറി പുരസ്കാരവും, 2021-ൽ മികച്ച ടീച്ചർ കോഡിനേറ്റർ അവാർഡും ലഭിച്ചിട്ടുണ്ട്. തന്റെ വിദ്യാലയത്തിൽ ഡോ. ദിലീപ് നടപ്പാക്കിയ ഗ്രീൻ ക്ലാസ് റൂം ശ്രദ്ധേയമായിരുന്നു. ഇതുകൂടാതെ, വിവിധകാംപസുകളിലും ക്ലബ്ബുകളിലും ഗ്രന്ഥാലയങ്ങളിലും മറ്റുവേദികളിലും, പുതുതലമുറയെക്കൂടി പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്കായി സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ഒട്ടേറെ ഉദ്യമങ്ങൾ നടത്തിവരുന്നുണ്ട്.
Content Highlights: biodiversity award to dr p dileep kottembram
Published: 02 Sept 2024, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented