പറുദീസയിലെ പഴമായ വാഴയെ വിവിധ കീടങ്ങൾ സാരമായി ബാധിക്കുന്നുണ്ടെങ്കിലും അവയിൽ നീരൂറ്റി കുടിക്കുന്ന പ്രാണികൾ വേറിട്ട് നിൽക്കുന്നു. കുറുനാമ്പു രോഗം പരത്തുന്ന അഫിടുകളും വാഴയിലകളുടെ അടിയിൽ കൂട്ടത്തോടെ കാണുന്ന മിറിഡ് ചാഴികളും റേന്തപത്ര പ്രാണികളും വെള്ളീച്ചകളും ഇലപ്പേനുകളും അടങ്ങുന്ന ഈ ഗണത്തിൽ കാഴ്ചയിലെ വ്യത്യസ്തത കൊണ്ടോ അല്ലെങ്കിൽ പെട്ടെന്ന് കാണാൻ സാധിക്കാത്തതുകൊണ്ടോ മീലീമൂട്ടകൾ പലപ്പോഴും വാഴക്കർഷകരുടെ ശ്രദ്ധയിൽനിന്ന് അകന്നു പോകാറുണ്ട്.
വാഴയുടെ ഇലത്തണ്ടുകളിലും കുലകളിലും പോളകളിലും വേരുകളിലും ഒറ്റയ്ക്കോ അല്ലെങ്കിൽ കൂട്ടത്തോടെ പഞ്ഞിക്കെട്ടുകൾ പോലെ കാണുന്ന ഈ ജീവികൾ അനുകൂല കാലാവസ്ഥയിലും സുലഭമായ ആതിഥേയ സസ്യഭാഗങ്ങളുടെ സാന്നിധ്യത്തിലും എണ്ണം കൂടുകയോ അല്ലെങ്കിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുമ്പോഴോ മാത്രമാണ് കർഷകർ ശ്രദ്ധിക്കാറുള്ളത്. വാഴയിലെ കീടങ്ങളുടെ സർവ്വേകളിൽ (ICAR-AICRP (Fruits) നിന്ന് കേരളത്തിലെ വിവിധ തോട്ടങ്ങളിൽനിന്നു താഴെ വിവരിക്കുന്ന മീലിമൂട്ടകളെ കണ്ടെത്തിയിട്ടുണ്ട്.
ഫെറിസ്സിയാ വീർഗ്ഗറ്റ, പ്ലാനോകോക്കസ്, ഡിസ്‌മികോക്കസ് എന്നീ ശാസ്ത്രനാമങ്ങൾ ഉള്ള മീലിമൂട്ടകൾ വാഴയിൽ ഇലപ്പോളകളിലും കുലകളിലും കാണപ്പെടുന്നുണ്ട് . ഇലകളെയും ഇല തണ്ടുകളെയും കുലകളെയും ബാധിക്കുന്ന ഇവയെ അർബോറിയൽ മീലിമൂട്ടകൾ എന്ന് വിളിക്കുന്നു. ചില അർബോറിയൽ മീലിമൂട്ടകളെ ഉറുമ്പുകൾ പരിപാലിക്കുന്നതായും അതിന് പ്രത്യുപകാരമായി മീലിമൂട്ടകൾ അവ ഉല്പാദിപ്പിക്കുന്ന തേൻകണങ്ങൾ ഭക്ഷണമായി ഉറുമ്പുകൾക്ക് നൽകുന്നതായും ശാസ്ത്ര നിരീക്ഷണങ്ങളിൽ കാണാൻ സാധിച്ചു. ഉറുമ്പുകൾ പ്രാണികളെ കൂട്ടത്തോടെ സംരക്ഷിക്കുകയും, ഇടയ്ക്കിടെ മീലിമൂട്ടകളെ പുതിയ ആതിഥേയ സസ്യങ്ങളിലേക്ക് കൊണ്ടുപോയി തോട്ടങ്ങളിൽ വ്യാപിപ്പിക്കുകയും ചെയ്യുന്നു. മീലിമൂട്ടകളുടെ ആക്രമണത്താൽ തണ്ടും ഇലകളും പോളയും സാവധാനം ചീഞ്ഞുപോവുകയും മീലിമൂട്ടകൾ ഉത്പാദിപ്പിക്കുന്ന തേൻ കണങ്ങൾ (Honeydew) ചെടിയുടെ വിവിധ ഭാഗങ്ങളിൽ വീഴുകയും അതിൽ കരിമ്പൂപ്പൽ രോഗമുണ്ടായി (Sooty mould) വാഴയുടെ വളർച്ചയെയും പ്രകാശസംശ്ലേഷണത്തെയും ബാധിക്കാറുണ്ട് .


എന്നാൽ ജിയോകോക്കസ്, ഡിസ്‌മികോക്കസ് എന്നീ ശാസ്ത്ര നാമങ്ങൾ ഉള്ള വേര് മീലിമൂട്ടകൾ വാഴയുടെ വേരുകളെയും അപൂർവമായി മാണത്തെയും രൂക്ഷമായി നശിപ്പിക്കാറുണ്ട് . വാഴയ്ക്ക് വളം ഇടുന്നതിന് വേണ്ടി തടം തുറക്കുമ്പോൾ വാഴയുടെ വേരുകളിൽ വെളുത്ത പൊടി പോലെ മീലിമൂട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. വേര് മീലിമൂട്ടകളുടെ നിംഫുകളും മുതിർന്നവയും വാഴയുടെ പാർശ്വ വേരുകളിൽനിന്ന് സ്രവം വലിച്ചെടുക്കുകയും പ്രധാന വേരുമായി പാർശ്വവേരുകൾ സംഗമിക്കുന്ന സ്ഥാനത്ത് പെറ്റു പെരുകുകയും ചെയ്യുന്നു. ഇത് അത്തരം വേരുകൾ ഉണങ്ങാൻ കാരണമാകുന്നു. വേര് മീലിമൂട്ടകൾ ബാധിച്ച വേരുകൾക്ക് മണ്ണിൽനിന്ന് വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യാൻ സാധിക്കാതെ വരികയും ഇലകൾ മഞ്ഞനിറമാവുകയും ചുരുങ്ങുകയും ചെയ്യുന്നു. ആക്രമണം രൂക്ഷമാകുമ്പോൾ ഇലകൾ കരിയുകയും ചെടിയുടെ പൊതുവായ ദുർബലതയ്ക്ക് ഇത് കാരണമാവുകയും അവസാനം കുലയുടെ ഭാരം കുറയുകയും ചെയ്യുന്നു. നങ്കൂര വേരുകൾ നശിപ്പിക്കപ്പെടുന്നതിനാൽ ചെടികൾ കാറ്റിൽ മറിഞ്ഞുവീണ് രൂക്ഷമായ വിളനാശം ഉണ്ടാകുന്നു. കൃഷിയിടങ്ങളിൽ പാളയങ്കോടൻ, കൊടപ്പനില്ലക്കുന്നൻ എന്നീ ഇനങ്ങളിൽ വേര് മീലിമൂട്ടകളുടെ ആക്രമണം പൂർണ്ണമായും ഇല്ലെന്നിരിക്കെ നേന്ത്രൻ ഇനങ്ങളിൽ ഇവയുടെ ആക്രമണം വളരെ കൂടുതലാണ്.

നിയന്ത്രണ മാർഗങ്ങൾ
അർബോറിയൽ മീലിമൂട്ടകളെ നിയന്ത്രിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ ചെയ്യാവുന്നതാണ്
- മിത്രകീടമായ ക്രിപ്‌റ്റോലെമസ് മോൺട്രോസിയറി എന്ന ഓസ്‌ട്രേലിയൻ ഇരപിടിയൻ ലേഡി ബേർഡ് വണ്ട് (ആമ വണ്ട്) ഇലപ്പോളകളിലും കുലകളിലും കാണുന്ന മീലിമൂട്ടകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കാം.
- രണ്ട് ശതമാനം വേപ്പെണ്ണ എമൽഷൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്.
- ഇമിഡാക്ളോപ്രിഡ് 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ തയാമെത്തോക്സാം 2 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ഈ കീടനാശിനികളിൽ ഏതെങ്കിലും ഒന്ന് കലക്കി തളിച്ചു കൊടുക്കുന്നത് പൂർണ്ണനിയന്ത്രണത്തിന് സഹായിക്കും
വേര് മീലിമൂട്ടകളെ നിയന്ത്രിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ ചെയ്യാവുന്നതാണ്
- വാഴ നടുന്ന സമയത്ത് കുമ്മായം കുഴിയിൽ ഇട്ട് കൊടുക്കുന്നത് വേര് മീലിമൂട്ടകളുടെ ആക്രമണം കുറയ്ക്കാൻ സഹായിക്കും.
- വേപ്പിൻ പിണ്ണാക്ക് അരക്കിലോ വരെ ഒരു വാഴക്കുഴിയിൽ ചേർത്തു കൊടുക്കുന്നത് മീലി മൂട്ടകളെ നിയന്ത്രിക്കാൻ ഉത്തമമാണ്
- വെർട്ടിസീലിയം എന്ന് വിളിക്കുന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വാഴയുടെ ചുവട്ടിൽ മണ്ണ് കുതിർന്നു കിട്ടത്തക്ക രീതിയിൽ ഒഴിച്ചുകൊടുക്കുന്നത് ഏറ്റവും അനുയോജ്യമാണ്.
- വേര് മീലിമൂട്ടകളുടെ ആക്രമണം വേരുകളിൽ അതിരൂക്ഷമാവുകയാണെങ്കിൽ ക്ളോർപയറിഫോസ് 20 EC എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വാഴയുടെ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.
Content Highlights: Learn about mealybugs affecting banana plants, their causes, and effective control methods
Published: 20 May 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented