ഫലവർഗവിളകളിൽ ഇന്ത്യയിൽ ഉല്പാദനത്തിൽ ഒന്നാം സ്ഥാനമാണ് വാഴയ്ക്കുള്ളത്.  രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും വാഴപ്പഴം വിപണനം വഴി ലഭിക്കുന്ന പ്രോത്സാഹനം വിലമതിക്കാത്തതാണ്. അമൂല്യമായ വിവിധ അവശ്യമൂലകങ്ങളുടെയും ധാതുലവണങ്ങളുടെയും, അതിലുപരി അന്നജത്തിന്റെയും പ്രോട്ടീന്റെയും നല്ലൊരു കലവറയുമാണ് വാഴപ്പഴം.

To advertise here,

മനോഹരമായ വാഴപ്പഴത്തിന്റെ ശോഭ നശിപ്പിക്കുന്ന വിവിധ പ്രശ്നങ്ങളാണ് വാഴകൃഷിയെ ബാധിക്കാറുളളത്.  കാലാവസ്ഥാ വ്യതിയാനം മൂലമുളള വിളനാശം ഒരു പരിധിവരെ കർഷകർ വിള പരിപാലനത്തിലെ ക്രമീകരണത്തിലൂടെ പ്രതിരോധിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും, അപ്രതീക്ഷിതമായ കീടാക്രമണങ്ങൾ കർഷകരുടെ ചങ്കിടിപ്പ് കൂട്ടാറുണ്ട്.  ഷഡ്പദ കീടങ്ങളും മണ്ഡരികളും ശത്രു നിമാവിരകളും ആഫ്രിക്കൻ ഒച്ചുകളും ഈ ശത്രുഗണങ്ങളിൽപ്പെടുന്നു.

മുകളിൽ പരാമർശിച്ച കീടാക്രമണങ്ങൾ മിക്കതും കുലകൾ മൂപ്പെത്തുന്നതിന് മുമ്പ് വാഴയെ ബാധിക്കുമെന്നതിനാൽ സമയബന്ധിതമായ തോട്ടങ്ങളുടെ നിരീക്ഷണത്തിലൂടെയും കീടനാശിനി പ്രയോഗങ്ങളിലൂടെയും കുലകളിലും പഴങ്ങളിലും ദോഷം വരാതെ വിളവെടുക്കാൻ സാധിക്കുന്നു. എന്നാൽ, കായ്കൾ മൂപ്പെത്താറാകുമ്പോൾ ഉണ്ടാകുന്ന കീട-രോഗ ആക്രമണങ്ങൾ തീർത്തും അപകടകരമാണ്. വിളവെടുക്കാറായ മൂപ്പെത്തിയ കുലകളെ ബാധിക്കുന്ന കീടങ്ങളിൽ കർഷകർ ഇതുവരെ കായീച്ചകളെയും പഴയീച്ചകളെയും മീലിമുട്ടകളും അപൂർവമായി കായ്തുരപ്പൻ പുഴുക്കളെയുമാണ് കണ്ടിരുന്നത്. ഇവയുടെ ആക്രമണം കുലകളിൽ മൂപ്പധികമായി തൊലി വിണ്ടുകീറിയ പഴങ്ങളിലോ അല്ലെങ്കിൽ തോട്ടങ്ങളിലെ ചില കുലകളിൽ ഒതുങ്ങി നിൽക്കുന്നതോ ആയിരുന്നു.

എന്നാൽ 2015 മുതൽ തുടങ്ങിയ വാഴയിലെ കീടങ്ങളുടെ സർവ്വേകളിൽ (ICAR-AICRP (Fruits) നിന്ന് കേരളത്തിലെ വിവിധ തോട്ടങ്ങളിൽ നിന്നും, V.F.P.C.K വിപണികളിൽ നിന്നും കായ്കളുടെ തൊലിപ്പുറത്ത് തുരുമ്പ് ബാധിച്ചപോലെ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടു.   പിന്നീടത് കാലാവസ്ഥ വ്യതിയാനത്തിന്റെ  അനുകൂല ഘടകങ്ങൾ കാരണം കൂടുന്നതായും മനസ്സിലാക്കുകയും ‘ഫ്ലവർ ത്രിപ്സ്’ (Flower Thrips) എന്ന ആംഗലേയ നാമത്തിൽ അറിയപ്പെടുന്ന കായ്പ്പേനുകളാണ് ഇവയ്ക്ക് കാരണമെന്ന് കണ്ടുപിടിക്കുകയും ചെയ്തു.  

placeholder
‘ഫ്ലവർ ത്രിപ്സ്’ (Flower Thrips) | ഫോട്ടോ: ഡോ. ഗവാസ് രാഗേഷ്

ആഗോളാടിസ്ഥാനത്തിൽ വാഴകൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലും ത്രിപ്സുകളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇവയുടെ ആക്രമണത്തിന്റെ വിവിധ തീവ്രതകൾ ശ്രദ്ധയിൽവരികയും നിയന്ത്രണ മാർഗങ്ങൾക്കായുളള ഗവേഷണങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ  നടത്തുകയും ചെയ്തിരുന്നു.  

ജീവിതചക്രം:- വാഴക്കുലകളിലും പൂവുകളിലും നിക്ഷേപിക്കുന്ന മുട്ടകളിൽനിന്ന് വിരിഞ്ഞിറങ്ങുന്ന ഇളംദശയിലെ മഞ്ഞനിറമുളള പ്രാണികൾ (Nymphs)  വദന ഭാഗങ്ങൾ ഉപയോഗിച്ച് കായ്കളുടെ പുറംതൊലി കരണ്ട് ഊറിവരുന്ന സസ്യദ്രവങ്ങൾ കുടിച്ച് വലുതാവുകയും പിന്നീട് മണ്ണിലേക്കിറങ്ങി സമാധിയാവുകയും അതിനുശേഷം മുതിർന്ന പേനുകൾ പുറത്തുവന്ന് ആക്രമണം പരത്തുകയും ചെയ്യുന്നു. 10-16 ദിവസം കൊണ്ട് ജീവിതചക്രം പൂർത്തീകരിക്കുന്നു.

വിളകൾ: കായ്പ്പേനുകൾ പ്രധാനമായും വാഴ, മാവ് എന്നീ വിളകളെ ബാധിക്കുമെങ്കിലും ഇവ കൂടാതെ ഓറഞ്ച്, തക്കാളി, പട്ടാണിപയർ എന്നിവയെയും, കളകളെയും അലങ്കാര ചെടികളെയും ആക്രമിക്കുന്നു.

ഇനങ്ങൾ:  പൂവൻ, മൊന്തൻ, ഗ്രാന്റ് നേയ്ൻ, സബാ, രസകദളി എന്നീ വാഴയിനങ്ങളിൽ  ത്രിപ്സ്കളുടെ ആക്രമണം രേഖപ്പെടുത്തിയിട്ടുണ്ട്.  നേന്ത്രൻ ഇനങ്ങളിൽ ആദ്യമായാണ് ഇത് കണ്ടുപിടിച്ചിരിക്കുന്നത്.

placeholder
പൂവൻ, മൊന്തൻ, നേന്ത്രൻ ഇനങ്ങളിൽ ത്രിപ്സ്കളുടെ ആക്രമണം

ആക്രമണ ലക്ഷണങ്ങൾ: ‘വാഴയുടെ തുരുമ്പ്’ (Banana rust) ആക്രമണ ലക്ഷണം ഈ കീടങ്ങളുടെ പ്രത്യേകതയാണ്.  വാഴയുടെ മൂപ്പെത്തിയ കായ്കളിൽ കാണുന്ന ഇളംദശയിലെ കായ്പ്പേനുകളും (nymphs) അവയുടെ മുതിർന്ന കീടങ്ങളും പൂങ്കുലയിൽ ഒളിച്ചിരുന്നാണ് ആക്രമണം തുടങ്ങുന്നത്. കരണ്ട് തിന്നുന്ന വദനഭാഗങ്ങൾ ഉപയോഗിച്ച് കായുടെ തൊലികളിൽ മുറിവുകൾ ഉണ്ടാക്കുകയും അതിൽനിന്ന് ഊറിവരുന്ന സ്രവങ്ങൾ ആഹരിച്ച് ഇവ പെറ്റുപെരുകുകയും ചെയ്യുന്നു. കായ്കളുടെ പുറംതൊലിയിൽ ഇവയുണ്ടാക്കുന്ന മുറിവുകൾ തുടക്കത്തിൽ നീണ്ട മുറിവുകളായി കാണുകയും, പിന്നീട് മുറിവുകൾ പരുപരുത്തപാടുകളായിമാറുകയും തുരുമ്പിക്കുകയും തുടർന്ന് വിളളലുകൾ ഉണ്ടാവുകയും ചെയ്യുന്നു . കായ്കളുടെ പുറത്ത് വ്യാപകമായി കാണുന്ന ഈ ആക്രമണ ലക്ഷണങ്ങൾ കാരണം കായ്കളുടെ ഭംഗി നഷ്ടപ്പെടുകയും കുലകൾക്ക് പ്രതീക്ഷിച്ച വില ലഭിക്കാതെ പോവുകയും ചെയ്യുന്നു.  കണ്ണിലെ കൃഷ്ണമണിപ്പോലെ സൂക്ഷിച്ചു വളർത്തിയ വാഴക്കുലകളിൽ അവസാന നിമിഷങ്ങളിൽ ഉണ്ടാകുന്ന ‘അഭംഗി’ തൊലിപ്പുറത്ത് മാത്രം ഒതുങ്ങിനിൽക്കുന്നു.

placeholder
കായ്കൾ തുരുമ്പിച്ച നിലയിൽ: ഫോട്ടോ: ഡോ. ഗവാസ് രാഗേഷ്

ആക്രമണ തീവ്രത:- തോട്ടങ്ങളിൽ ഫ്ലവർ് ത്രിപ്സുകൾ വാഴകളിൽനിന്ന് മറ്റു വാഴകളിലേക്ക് പരന്നാണ് ആക്രമണം രൂക്ഷമാകുന്നത്.  ഒരു തോട്ടത്തിൽ ഇവയുടെ ആക്രമണം ചില വാഴകളിൽ ഒതുങ്ങി നിൽക്കാറാണുളളതെങ്കിലും (5-10%), അനുകൂലമായ സാഹചര്യങ്ങളിൽ വളരെ വേഗം ജീവിതചക്രം പൂർത്തീകരിച്ച് ഇവ പെറ്റുപെരുകി തോട്ടത്തിലെ മുഴുവൻ വാഴകളെയും ആക്രമിക്കുന്നു.  മധ്യ കേരളത്തിലെ, പ്രത്യേകിച്ച് തൃശൂരിലെ ചില തോട്ടങ്ങളിൽ 65% വാഴക്കുലകളിലും ആക്രമണം രൂക്ഷമായി ബാധിച്ചതായി കണ്ടു (ചിത്രം-6).

നിയന്ത്രണ മാർഗങ്ങൾ 

മൂപ്പെത്തിയ കുലകളിൽ അവസാന ഘട്ടങ്ങളിലോ ആക്രമണം രൂക്ഷമായിട്ടോ കീടനാശിനി അധിഷ്ഠിത നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നത് കായ്പ്പേനുകളുടെ ആക്രമണ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയില്ല.  അതിനാൽ താഴെപറയുന്ന മാർഗങ്ങൾ കൃത്യമായി സ്വീകരിക്കേണ്ടതാണ്.

  • തോട്ടങ്ങൾ സമയാസമയങ്ങളിൽ നിരീക്ഷിച്ച് ആക്രമണത്തിന്റെ ആദ്യലക്ഷണങ്ങൾ മനസ്സിലാക്കുക.
  • കളനിയന്ത്രണം കൃത്യസമയങ്ങളിൽ ചെയ്യുക.
  • കുല വിരിഞ്ഞു തുടങ്ങുന്ന സമയത്ത് നേർപ്പിച്ച കഞ്ഞിവെളളം തളിച്ചു കൊടുക്കുക.
  • വെർട്ടിസീലിയം ലെക്കാനി (ലെക്കാനിസീലിയം ലെക്കാനി) എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിലെന്ന തോതിൽ കുലകളിൽ 20 ദിവസം ഇടവേളകളിൽ മൂന്നുതവണ തളിച്ചുകൊടുക്കുക.
  • കുലവിരിഞ്ഞു തുടങ്ങുമ്പോൾ പോളി പ്രൊപ്പിലീൻ കവറുകൾ കൊണ്ട് പൊതിഞ്ഞു കൊടുക്കുന്നത് കീടാക്രമണം തടയാൻ സഹായിക്കുന്നു.

ഫലവർഗങ്ങളുടെ അഖിലേന്ത്യാ ഏകോപന ഗവേഷണ പദ്ധതിയുടെ (ICAR-AICRP (Fruits) ഭാഗമായി ഉരുതിരിച്ചെടുത്ത താഴെപ്പറയുന്ന നിയന്ത്രണ മാർഗങ്ങൾ കായ്പ്പേനുകളെ പൂർണമായും നിയന്ത്രിക്കാൻ സഹായിക്കും.   

  • വേപ്പെണ്ണ 5 മില്ലി ഒരു ലിറ്റർ വെളളത്തിലേയ്ക്ക് എന്ന തോതിൽ തയ്യാറാക്കിയ ലായനിയുടെ 2 മില്ലി ഒരു പൂങ്കുലയ്ക്ക് എന്ന തോതിൽ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചു കൊടുക്കുക.
  • ക്ലോർ പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി  ഒരു ലിറ്റർ വെളളത്തിന് (0.05% വീര്യത്തിൽ) എന്ന തോതിൽ തയ്യാറാക്കിയ ലായനി ആദ്യ പടല വിരിഞ്ഞിറങ്ങുന്ന സമയത്തും എല്ലാ പടലകളും വിരിഞ്ഞുകഴിഞ്ഞും രണ്ടു തവണയായി തളിക്കുന്നത് കായ്പ്പേനുകളെ നിയന്ത്രിക്കുന്നതിന് ഉത്തമമാണ്.
  • ക്ലോർപൈറിഫോസ് 2.5 മില്ലി ഒരു ലിറ്റർ വെളളത്തിന് (0.05% വീര്യത്തിൽ) എന്ന തോതിൽ തയ്യാറാക്കിയ ലായനി വാഴയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് ത്രിപ്സിന്റെ സമാധിദശകളെ ഒഴിവാക്കുന്നതിന് സഹായിക്കുന്നു.  ഇതുവഴി കായ്പ്പേനുകൾ പരക്കുന്നത് തടയാൻ സാധിക്കും.
  • തൈയാമെതോക്സാം 2 ഗ്രാം പത്ത് ലിറ്റർ വെളളത്തിനെന്ന തോതിൽ ആദ്യ പടല വിരിഞ്ഞിറങ്ങുമ്പോൾ തളിക്കുന്നതും ഉത്തമമാണ്.
  • മിത്ര കുമിളായ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെളളത്തിന് എന്ന തോതിൽ വാഴ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് വഴി ത്രിപ്സുകളുടെ സമാധി ദശ ഒഴിവാക്കാൻ സഹായിക്കും.

മേൽസൂചിപ്പിച്ച കീടനാശിനികൾ ശുപാർശ പ്രകാരമുളള സമയങ്ങളിൽ കൃത്യതയോടെ ചെയ്താൽ കീടനാശിനി അവശിഷ്ടങ്ങൾ പഴങ്ങളിൽ കാണില്ലെന്ന് കീടനാശിനി വിഷാവശിഷ്ട പഠനത്തിലൂടെ (Pesticide Residue Analysis) തെളിഞ്ഞിട്ടുണ്ട്. അതിലുപരി അനാവശ്യമായ കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും കുലകൾക്ക് അർഹിക്കുന്ന വില നേടാനും കർഷകർക്ക് സാധിക്കും.

(കണ്ണാറ വാഴ ​ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture