അടിമുടി കൃഷിക്കാരനാണ് ബിജു. കൃഷിക്കാരനെന്നതിലുപരി ഒരു നല്ല കച്ചവടക്കാരനുമാണ്. കൃഷി കച്ചവടമാണെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ കര്‍ഷകനു നില നില്‍ക്കാനാവൂ എന്ന് ഉറക്കെ വിളിച്ചു പറയുന്നയാള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദമെടുത്തതിനു ശേഷം തെങ്ങിനു തടമെടുക്കാനും കുരുമുളക് വള്ളികള്‍ പടര്‍ത്തി വിടാനും മടി കൂടാതെ തീരുമാനം എടുത്തയാള്‍ കൂടിയാണ്. മണ്ടത്തരമാണ്, ബുദ്ധിമോശമാണ് എന്നൊക്കെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പറഞ്ഞപ്പോഴും കിട്ടിയ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിച്ചെന്ന് ആഴത്തില്‍ വേരൂന്നിയവനാണ്.
ബിജു നാരായണന്‍ (55) എന്ന പേര് കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിചിതമാണ്. പരമ്പരാഗത കൃഷികളായ നെല്ല്, കുരുമുളക്, നാളികേരം, പച്ചക്കറി എന്നിവയില്‍ ലാഭകരമായി കൃഷി ചെയ്യുന്നതിനൊപ്പം റംബുട്ടാന്‍, മാംഗോസ്റ്റീന്‍ എന്നീ പഴങ്ങളും കൃഷി ചെയ്ത് പുതു തലമുറ കൃഷിക്കാരുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ബിജുവിന്‍റെ കാര്‍ഷിക ജീവിതം നിരന്തരമായ പരീക്ഷണങ്ങളാല്‍ നവീകരിക്കപ്പെട്ടതാണ്. കണ്ണൂര്‍ ജില്ലയില്‍ മലയോരമേഖലയായ ഉളിക്കല്‍ സ്വദേശിയായ ബിജു നാരായണന്‍ കാര്‍ഷിക രംഗത്തെ വിജയഗാഥകളുടെ പര്യായമാവുന്നതും ഇങ്ങനെ നിരന്തരം പരീക്ഷണങ്ങള്‍ നടത്താനും അതു വിജയിപ്പിച്ചെടുക്കാനുമുള്ള അസാമാന്യമായ ഇച്ഛാശക്തിയും മടുക്കാത്ത ഉല്‍സാഹവും കൊണ്ടാണ്.

1952ല്‍ പാലായില്‍ നിന്ന് ഉളിക്കലിലേക്ക് കുടുംബവുമായി കുടിയേറിയ രാമന്‍ തമ്പിയില്‍ നിന്ന് പേരമകന്‍ ബിജു നാരായണന് കൈമാറിക്കിട്ടിയത് മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് അലിഞ്ഞു ചേരാനുള്ള സഹജവാസനയാണ്. രാമന്‍ തമ്പിയുടെ മകന്‍ ടി.ആര്‍. നാരായണന്‍ സിപിഎമ്മിന്‍റെ മലയോരമേഖലയിലെ പ്രമുഖനായ നേതാവായിരുന്നു. 17 വര്‍ഷം പടിയൂര്‍-കല്യാട് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന ടി.ആര്‍. നാരായണന്‍ മരിക്കുമ്പോള്‍ ബിജു സുള്ള്യ കെ.വി.ജി. എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. “രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും അച്ഛന്‍ നോക്കി നടത്തിയിരുന്ന കൃഷി നോക്കി നടത്തേണ്ടതുണ്ടായിരുന്നു. ചെറുപ്പം മുതല്‍ തന്നെ പണിക്കാരുടെ കൂടെയൊക്കെ നടക്കുന്നതിനാല്‍ എനിക്ക് പരിചയക്കുറവൊന്നും ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കോളജില്‍ നില്‍ക്കും. എന്നിട്ട് വീട്ടിലേക്ക് വന്ന് ജോലിക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളൊക്കെ നല്‍കിയിട്ട് തിരിച്ചു പോവും. അങ്ങനെയാണ് കൃഷിയിടത്തിലെ ജീവിതം സജീവമായി ആരംഭിക്കുന്നത്, “ ബിജു പറഞ്ഞു.
ഇടയ്ക്ക് പഠനം മുടങ്ങിയെങ്കിലും കൃഷി മുടങ്ങിയില്ല. മുടങ്ങിയ പഠനം പൂര്‍ത്തിയാക്കി എന്‍ജിനീയറിങ് ബിരുദവും നേടി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കും കയറി. മണ്ണിന്‍റെ മണമറിഞ്ഞവന് ഓഫിസില്‍ മേശയ്ക്കു പിന്നിലെ ജോലി ഒട്ടും ആവേശകരമായി തോന്നിയില്ലെന്നത് തികച്ചും സ്വാഭാവികം. എട്ടു വര്‍ഷത്തോളം പിടിച്ചു നിന്നെങ്കിലും തീര്‍ത്തും വയ്യ എന്ന ഘട്ടത്തിലെത്തിയപ്പോള്‍ വീട്ടുകാരെയും സൃഹൃത്തുക്കളെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് ബിജു ജോലി രാജിവച്ച് മുഴുവന്‍ സമയ കര്‍ഷകനാവാനുള്ള കടുത്ത തീരുമാനം എടുക്കുകയായിരുന്നു. “ വലിയ എതിര്‍പ്പായിരുന്നു എല്ലായിടത്തു നിന്നും. പക്ഷേ, ഞാന്‍ എന്‍റെ വഴി തീരുമാനിച്ചിരുന്നു.“
മുഴുവന്‍ സമയ കര്‍ഷകനായുള്ള ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. “എനിക്ക് നെല്‍കൃഷിയില്‍ നിന്നു കുറച്ചു ലാഭം കിട്ടുന്നു. അത് ഞാന്‍ കുരുമുളകില്‍ നിക്ഷേപിക്കും. അവിടെ നിന്ന് കിട്ടുന്നത് റബറില്‍ ഇറക്കുന്നു. റബറില്‍ നിന്നു കിട്ടുന്നത് മറ്റെവിടെയെങ്കിലും. കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ എനിക്ക് കാര്യമായ ലാഭമൊന്നും കിട്ടുന്നില്ലെന്ന് മനസ്സിലായി. അപ്പോഴാണ് പരീക്ഷണങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്, “ ബിജു പറഞ്ഞു.
ഇതേ സമയത്തു തന്നെയാണ് ബിജുവിന്‍റെ കുറച്ചു ചങ്ങാതിമാര്‍ വലിയ തോതില്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള ആശയവുമായി ബിജുവിനെ സമീപിക്കുന്നത്. “ പരമ്പരാഗത കൃഷി രീതിയില്‍ നിന്നു മാറിച്ചെയ്യണം എന്ന തോന്നലുണ്ടാവുന്നത് അങ്ങനെയാണ്. ഒരു കാര്‍ഷികോല്‍പ്പന്നം മാത്രം കൃഷി ചെയ്താല്‍ വിളവുണ്ടാവില്ല. മാറിമാറി സംഭവിക്കുന്ന വിലയിടിവും ഒരു ഘടകമാണ്. അങ്ങനെ വരുമ്പോള്‍ വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷി ചെയ്താല്‍ മാത്രമേ നിലനില്‍ക്കാനാവൂ എന്നു മനസ്സിലായി. 35 ഏക്കര്‍ സ്ഥലം വാങ്ങി അവിടെ കശുമാവും വാഴയും കുരുമുളകും കൃഷി ചെയ്യാന്‍ തുടങ്ങി. അതിനൊപ്പം തന്നെ മഞ്ഞള്‍, ഇഞ്ചി, കപ്പ, തേക്ക് എന്നിവയും തുടങ്ങി, “ ബിജു പറഞ്ഞു.
ബിജുവിന്‍റെ പരീക്ഷണങ്ങളുടെ കഥ തുടങ്ങുന്നത് ഇവിടെയാണ്. തുടര്‍ന്ന് പല പരീക്ഷണങ്ങളും നടത്തി. ചിലത് വിജയിക്കുകയും മറ്റു ചിലത് പാളുകയും ചെയ്തു.
“അനുഭവങ്ങള്‍ നമ്മളെ കൂടുതല്‍ ശക്തരാക്കും. അടുത്ത ഒരു വര്‍ഷം ഏതൊക്കെ വിളകള്‍ എങ്ങനെയൊക്കെ വിപണിയില്‍ സാന്നിധ്യമറിയിക്കും എന്നു പറയാന്‍ ഇപ്പോള്‍ എനിക്കു കഴിയും. ഇത് ഒരു ദിവസം കൊണ്ട് കൈവരിച്ച ശക്തിയല്ല. 35 വര്‍ഷമായി മഴയിലും വെയിലത്തും മണ്ണിലിറങ്ങി നേടിയ അറിവാണ്, “ ബിജു പറഞ്ഞു.
തുടര്‍ച്ചയായ വിജയങ്ങള്‍ക്കും ഇടയ്ക്കുള്ള ഇടര്‍ച്ചകള്‍ക്കുമെല്ലാമിടയില്‍ കിട്ടുന്ന അംഗീകാരങ്ങളും ബിജുവിനെ സംതൃപ്തനാക്കുന്നുണ്ട് . “ 2018ല്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ലോക കുരുമുളക് സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 10 പ്രതിനിധികളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൃഷി ചെയ്താലും സമൂഹം അംഗീകരിക്കും എന്നു മനസിലാക്കിത്തന്ന സംഭവമായിരുന്നു അത്. “
റംബുട്ടാന്‍ കൃഷിയില്‍ കൈവരിച്ച അവിശ്വസനീയമായ വളര്‍ച്ചയാണ് ബിജുവിന്‍റെ കാര്‍ഷിക ജീവിതത്തിലെ മറ്റൊരു തിളക്കമാര്‍ന്ന അധ്യായം. ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ വായിച്ച ലേഖനത്തില്‍ നിന്നാണ് റംബുട്ടാന്‍ കൃഷിയെക്കുറിച്ച് ബിജു ആദ്യമായി അറിയുന്നത്. എവിടെ നിന്ന് ആധികാരികമായി ഇതിനെക്കുറിച്ചുള്ള അറിവ് ലഭിക്കും എന്ന അന്വേഷണവും ആരംഭിച്ചു. അങ്ങനെയാണ് തൊടുപുഴയിലുള്ള ഒരു കര്‍ഷകനെ കാണാന്‍ പുറപ്പെടുന്നത്. “ ആദ്യമൊക്കെ അദ്ദേഹം സംസാരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചെങ്കിലും വിഷയത്തിലുള്ള എന്‍റെ താല്‍പര്യം മനസിലായതോടെ എല്ലാം വിശദമായി പറഞ്ഞു തന്നു. 12 ഏക്കര്‍ വരുന്ന സ്ഥലത്ത് റംബുട്ടാന്‍ കൃഷി ചെയ്ത രീതി കണ്ട് ഞാന്‍ അന്തം വിട്ടുപോയി. ഒരു തോട്ടം എങ്ങനെ നോക്കി നടത്തണമെന്ന് ഞാന്‍ കണ്ടുപഠിക്കുകയായിരുന്നു. അദ്ദേഹമാണ് എന്നോട് കൃഷി എന്നാല്‍ കച്ചവടമാണെന്നും നല്ല കച്ചവടക്കാരനേ വിജയിക്കൂ എന്നും പറഞ്ഞു തന്നത്, “ ബിജു പറഞ്ഞു. തൊടുപുഴയില്‍ നിന്ന് ബിജു മടങ്ങിയത് 90 റംബുട്ടാന്‍ തൈകള്‍ ഒന്നിന് 750 രൂപയ്ക്ക് വാങ്ങിച്ച് വണ്ടിയിലിട്ടുകൊണ്ടാണ്.

അതായിരുന്നു റംബുട്ടാന്‍ കൃഷിയുടെ തുടക്കം. റംബുട്ടാന്‍ വിളവ് തന്നു തുടങ്ങിയപ്പോള്‍ ആദ്യ വര്‍ഷം ഒരു കിലോയ്ക്ക് 450 രൂപ വരെ കിട്ടി. അടുത്ത വര്‍ഷമായപ്പോള്‍ വില കുറച്ചു കുറഞ്ഞു. അതിനടുത്ത വര്‍ഷമായപ്പോള്‍ ബിജുവിന്‍റെ കയ്യില്‍ നിന്ന് വാങ്ങുന്നവര്‍ 200 രൂപയാക്കി കുറച്ചു.
“അങ്ങനെയാണ് സ്വന്തമായി വിപണനം എന്ന ആശയത്തിലേക്ക് വന്നത്. ഫെയ്സ് ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളെ ആശ്രയിച്ചാണ് അത് നടത്തുന്നത്. ഇവിടെ റംബുട്ടാന്‍ വാങ്ങാനും കൃഷി കാണാന്‍ മാത്രമായി വരുന്നവരോടും അവരുടെ പോസ്റ്റുകളില്‍ എന്‍റെ കൃഷിയിടത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെടുമായിരുന്നു. “
“ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ക്വാളിറ്റി ഉണ്ടെങ്കിലും ആളുകള്‍ പണമൊന്നും നോക്കാതെ വാങ്ങും എന്ന കാര്യവും തിരിച്ചറിഞ്ഞു. ഞാനിപ്പോള്‍ 17 തരത്തിലുള്ള റംബുട്ടാന്‍ 12 ഏക്കറിലായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമെല്ലാമായി നല്ല വിപണിയാണ് റംബുട്ടാന്. “
കേരളത്തിന്‍റെ പുരോഗതിയും ജീവിത നിലവാരത്തില്‍ കൈവരിച്ച മുന്നേറ്റവുമെല്ലാം പഴ വിപണിയിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് ബിജു പറയുന്നു. ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് മാംഗോസ്റ്റീന്‍ കൃഷിയും ആരംഭിക്കുന്നത്. അതും ഇപ്പോള്‍ വളരെ നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.
തുടക്കം മുതല്‍ തന്നെ കുരുമുളക്, കശുമാവ് എന്നിവയുടെ തൈകള്‍ വില്‍ക്കുന്നതിനായി വീടിനോട് ചേര്‍ന്ന് ഒരു നഴ്സറി നടത്തിയിരുന്നു. റംബുട്ടാനും മാംഗോസ്റ്റീനുമെല്ലാം ആവശ്യക്കാര്‍ ഏറിയതോടെ നഴ്സറിയുടെ വലിപ്പവും വര്‍ധിച്ചു. ഇപ്പോള്‍ 12 ഏക്കറോളം സ്ഥലത്താണ് ബിജുവിന്‍റെ നഴ്സറി പ്രവര്‍ത്തിക്കുന്നത്. അഞ്ഞൂറോളം ഇനം പഴങ്ങളുടെ തൈകള്‍ ബിജുവിന്‍റെ നഴ്സറിയുടെ സവിശേഷതയാണ്. ഉളിക്കലില്‍ നടത്തുന്നത് കൂടാതെ എറണാകുളം ജില്ലയിലെ അമ്പലമുകളിലും 3.5 ഏക്കറില്‍ നഴ്സറി നടത്തുന്നുണ്ട് ബിജു. "ഗുണമേന്മയുള്ള ചെടികളാണെങ്കില്‍ വില കൊടുത്തു വാങ്ങാന്‍ ആളുകളുണ്ടാവും. അതാണ് ഈ മേഖലയിലെ എന്‍റെ വിജയമന്ത്രം, “ ബിജു പറയുന്നു.
മുന്‍പ് ചെയ്തിരുന്ന കശുമാവും കുരുമുളകുമെല്ലാം നെല്‍കൃഷിയുമെല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോവുന്നുണ്ട്. സ്വന്തമായും സുഹൃത്തുക്കളുടെ കൂടെ ചേര്‍ന്നും എല്ലാമായി 90 ഏക്കറിലായി പുരോഗമിക്കുകയാണ് ബിജുവിന്‍റെ കാര്‍ഷിക സംരംഭങ്ങള്‍. “ ശരിയായ സമയത്ത് കൃഷി ചെയ്യുകയും കൃത്യമായി വിപണനം നടത്തുകയും ചെയ്താല്‍ മാത്രമേ കര്‍ഷകനു കൃഷിയില്‍ നിന്നു ലാഭമുണ്ടാക്കാന്‍ കഴിയൂ. ലാഭമില്ലാതെ ഒരു സംരംഭകനു നില നില്‍ക്കാനാകില്ല. അനുഭവത്തില്‍ നിന്നാണ് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ലാഭം എന്നു പറയുന്നത് ഒരു ചീത്ത വാക്കല്ലെന്ന് ഞാന്‍ മനസിലാക്കിയെടുത്തത്, “ ബിജു പറയുന്നു.
“ ഇപ്പോള്‍ തേങ്ങയ്ക്ക് നല്ല വിപണിയാണ്. ഒരു തെങ്ങില്‍ നിന്ന് നിങ്ങള്‍ക്ക് 200 തേങ്ങ കിട്ടുമെങ്കില്‍ അത് കരിക്കാണെങ്കില്‍ 250 ആവും. കരിക്കില്‍ നിന്ന് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ അറിയുന്ന ഒരു കാര്‍ഷിക സംരംഭകന് ഈ അവസരം മുതലെടുത്ത് മികച്ച ലാഭമുണ്ടാക്കാന്‍ കഴിയും, “ ബിജു പറഞ്ഞു.
“കേരളത്തിലും പുറത്തും ഇനി വലിയ മുന്നേറ്റം ഉണ്ടാകാന്‍ പോകുന്ന ഒരു വിഭവം ചക്കയാണ്. ചക്കയെ സംബന്ധിച്ചിടത്തോളം കളയാനായി ഒന്നുമില്ല അതില്‍ എന്നത് ഒരു വലിയ മുന്‍തൂക്കമാണ്. ചക്കക്കുരുവും ചക്കവിളഞ്ഞിലും എല്ലാം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയും. അടുത്ത കാലത്തായി കാര്‍ഷിക വിപണിയില്‍ ചക്കയ്ക്ക് കൈവരുന്ന പ്രധാന്യം നോക്കിയാല്‍ ഈ തരംഗം ശക്തി പ്രാപിക്കുന്നത് മനസിലാക്കാന്‍ കഴിയും, “ ബിജു പറയുന്നു.
ജോലി മതിയാക്കി മുഴുവന്‍ സമയ കര്‍ഷകന്‍ ആവാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുമ്പോള്‍ ഒപ്പം പഠിച്ചിരുന്നവരുടെ കൂടെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന തലത്തിലേക്ക് ജീവിതം എത്തിക്കണം എന്ന ആഗ്രഹമേ ബിജുവിന് ഉണ്ടായിരുന്നുള്ളൂ. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അതെന്ന് ബിജു തിരിച്ചറിയുന്നു. ഉളിക്കല്‍ അഗ്രോ ഫാംസ് എന്ന സ്ഥാപനത്തിലൂടെ കര്‍ഷകര്‍ക്ക് വിദഗ്ധോപദേശവും നല്‍കുന്നുണ്ട്.
“ ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സി രംഗത്തും ഞങ്ങള്‍ (ഉളിക്കല്‍ അഗ്രോ ഫാംസ്) ഞങ്ങള്‍ വളരെ സജീവമാണ്. ധാരാളം ഫാം ടൂറിസം പദ്ധതികളും കൃഷിയിടമൊരുക്കല്‍ പദ്ധതികളും ഞങ്ങള്‍ വിജയകരമായി നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് 36 ഏക്കര്‍ സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഫാം ടൂറിസം പദ്ധതി ഇതിനകം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കൂടാതെ കാസര്‍കോട്, കക്കാടംപൊയില്‍, എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ ഫാം ടൂറിസം പദ്ധതികള്‍ മറ്റുള്ളവര്‍ക്കു വേണ്ടി തയാറാക്കിക്കൊടുത്തിട്ടുണ്ട്, “ ബിജു പറഞ്ഞു.
ബിജുവിന്‍റെ ഹരിതാഭമായ ജീവിതത്തിന്‍റെ വെള്ളവും വെളിച്ചവുമായി അധ്യാപികയായ ഭാര്യ സുജയും മക്കളായ അഞ്ജലിയും സഞ്ജയുമുണ്ട്.
“ ഇപ്പോള്‍ കേരളത്തില്‍ കൃഷിയിലേക്ക് ഒരുപാട് ചെറുപ്പക്കാര്‍ കടന്നു വരുന്നുണ്ട്. അവര്‍ക്ക് തലയുയര്‍ത്തി ജീവിക്കാനാവും എന്നു തെളിയിച്ച മുന്‍ഗാമികളില്‍ ഞാനും ഉള്‍പ്പെടുന്നു എന്നത് അഭിമാനമാണ്, “ ബിജു നാരായണന്‍ പറയുന്നു.
Content Highlights: Biju Narayanan, a mechanical engineer, turned to farming & now successfully cultivates rambutan
Published: 30 Jul 2025, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented