കേണിച്ചിറ: സംസ്ഥാനത്തെ പാലുത്പാദനത്തിന്റെ ശരിയായ കണക്ക് ലഭ്യമാകാൻ സമഗ്ര ക്ഷീരസർവേ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിലവിലെ കണക്കുകൾ പ്രകാരം 10.79 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഒരുദിവസം ഉത്പാദിപ്പിക്കുന്നത്. എന്നാൽ, മിൽമയിൽ ലഭിക്കുന്ന പാലിന്റെ കണക്കുമാത്രം അടിസ്ഥാനമാക്കിയുള്ള വിവരമാണിത്. എന്നാൽ, കർഷകർ ഫാമുകളിൽനിന്നും വീടുകളിൽനിന്നും വിൽക്കുന്ന പാലിന്റെയും പ്രാഥമിക സഹകരണസംഘങ്ങൾ വഴി വിൽക്കുന്ന പാലിന്റെയും കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര സർവേ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

To advertise here,

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങളുടെയും നേതൃത്വത്തിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഏറ്റവുമധികം പാലുത്പാദനം നടക്കുന്ന രണ്ടാമത്തെ ജില്ല വയനാടാണ്. പാലക്കാട് ജില്ലയിൽ 2.75 ലക്ഷം ലിറ്റർ പാലും വയനാട്ടിൽ രണ്ടരലക്ഷം ലിറ്റർ പാലും പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്.

ഉത്പാദനശേഷി വർധിപ്പിക്കാൻ കർഷകരെ സഹായിക്കുന്ന സമഗ്രപദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. തീറ്റപ്പുൽക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കി. കന്നുകാലികൾക്ക് ഡിജിറ്റൽ ടാഗ് ഘടിപ്പിക്കുന്നതിന് ഡിജിറ്റൽ സർവകലാശാലയുമായി ചേർന്ന് ആവിഷ്കരിച്ച പദ്ധതി വിവിധ ജില്ലകളിൽ നടപ്പാക്കിവരുന്നു. മൊബൈൽ ക്ലിനിക്കുകൾ ഏതുസമയത്തും കർഷകരുടെ വീടുകളിലെത്തി വളർത്തുമൃഗങ്ങൾക്ക് സേവനം നൽകുന്ന സംവിധാനവും വിവിധ താലൂക്കുകളിൽ നിലവിൽവന്നിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഇൻഷുറൻസിനും കിടാരിവളർത്തലിനും കന്നുകുട്ടിപരിപാലനത്തിനും സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ സഹായം നൽകുന്നു. ക്ഷീരസംഘം ജീവനക്കാരുടെ മക്കൾക്ക് മിൽമയിൽ വരുന്ന ഒഴിവുകളിൽ ജോലിനൽകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ ഏറ്റവുമധികം പാലുത്പാദിപ്പിച്ച കർഷകർക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണംചെയ്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, എംആർസിഎംപിയു ഡയറക്ടർ റോസിലി തോമസ്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഉഷ തമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, വാകേരി ക്ഷീരസംഘം പ്രസിഡന്റ് കെ.എം. ജോസ് തുടങ്ങിയവർ പങ്കെടുത്തു.