ചിറ്റിലഞ്ചേരി (പാലക്കാട്): മുതൽമുടക്കിയാൽ അടുത്തദിവസം വരുമാനം ലഭിക്കുന്ന തൊഴിലെന്ന രീതിയിൽ പ്രളയത്തിനും കോവിഡിനുംശേഷം ക്ഷീരമേഖല കുതിക്കുകയായിരുന്നു. പാലുത്‌പാദനത്തിൽ സ്വയംപര്യാപ്തയിലെത്തുമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു അത്. എന്നാൽ, തീറ്റച്ചെലവ് വർധിക്കുകയും അതിനനുസൃതമായി വില ലഭിക്കാതെ വരികയും ചെയ്തതോടെ കർഷകർ മടുത്ത് പിന്മാറുന്നതാണ് സമീപകാല പ്രവണത.

To advertise here,

പാൽവില ലിറ്ററിന് 56 മുതൽ 60 രൂപവരെ ലഭിച്ചിട്ടും കർഷകന് ഒരുലിറ്ററിന് ശരാശരി 45 രൂപയിൽ താഴെമാത്രമാണ് ഇപ്പോഴും വില ലഭിക്കുന്നത്. വരുമാനത്തിന്റെ 80 ശതമാനവും തീറ്റച്ചെലവിനായി മാറ്റിവെയ്ക്കേണ്ടി വരുന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.

സംസ്ഥാനത്ത് 2021-2022 സാമ്പത്തികവർഷം പ്രതിദിനം 21.19 ലക്ഷം ലിറ്ററായിരുന്നു പ്രതിദിന പാലുത്‌പാദനം. ഇത് 2022-23-ൽ 20.15 ലക്ഷം ലിറ്ററായും 2023-24-ൽ 18.6 ലക്ഷം ലിറ്ററായും 2024-25-ൽ 16.95 ലക്ഷം ലിറ്ററായും കുറഞ്ഞതായി ക്ഷീരവികസന വകുപ്പിന്റെ കണക്കുകൾ പറയുന്നു. നാലുവർഷംകൊണ്ട് സംസ്ഥാനത്ത് പ്രതിദിന പാലുത്‌പാദനത്തിൽ 4.25 ലക്ഷം ലിറ്ററിന്റെ കുറവാണുണ്ടായിട്ടുള്ളത്. കോവിഡിനുശേഷം പുതുതായി ക്ഷീരമേഖലയിലേക്ക് എത്തിയ മിക്കകർഷകരും ഈ തൊഴിൽ ഉപേക്ഷിക്കുകയും ചെയ്തു.

ഉത്‌പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത ക്ഷീരസംഘങ്ങളിൽ 250-ലധികം എണ്ണം പ്രവർത്തനം നിർത്തി. സംസ്ഥാനത്ത് പ്രതിദിന വിൽപ്പനയ്ക്ക് ആവശ്യമായ 10 ലക്ഷം ലിറ്റർ പാൽ ഇപ്പോഴും അയൽസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുകയാണ്.

പദ്ധതികളുണ്ട്, നടപ്പായില്ല

ക്ഷീരകർഷകരെ സഹായിക്കുന്നതിനായി ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണവകുപ്പും ത്രിതല പഞ്ചായത്തുകളിൽ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. ത്രിതല പഞ്ചായത്തുകൾ വഴി പാലിന് ലിറ്ററിന് മൂന്നുരൂപപ്രകാരം വർഷം മുഴുവൻ മിൽക്ക് ഇൻസെന്റീവ് നൽകുമെന്ന പ്രഖ്യാപനവും പൂർണമായും നടപ്പായില്ല. ചില ഗ്രാമപ്പഞ്ചായത്തുകൾ കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ക്ഷീരവികസനവകുപ്പ് മിൽക്ക് ഷെഡ് പദ്ധതിപ്രകാരം പശുവളർത്തുന്നതിന് നൽകിവന്നിരുന്ന സഹായവും വെട്ടിക്കുറച്ചു.