എതിരെ നിൽക്കുന്നവരുടെ മനസ് വായിച്ചെടുക്കാൻ കഴിവുള്ള ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവാണ് ഹോർഗെ വില്ലഫാനെസ്. തനിക്ക് ലഭിക്കുന്ന കേസുകൾ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ മുന്നിലേയ്ക്ക് ഒരു കുഴപ്പം പിടിച്ച കേസ് എത്തുകയാണ്, ഡിറ്റക്റ്റിവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നൊരു കേസ്. ഹോർഗെയുടെ കേസ് അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ഫാന്റസിയുടെ മെമ്പൊടിയോടെ അവതരിപ്പിക്കുന്ന അർജന്റീനിയൻ ചിത്രമാണ് 'സതേൺ സ്റ്റോം '. 

To advertise here,

പണമിടപാടുകളും ആളുകളെ പിന്തുടർന്ന് രഹസ്യങ്ങൾ ചോർത്തലും ഒക്കെയാണ് ഹോർഗെയുടെ പ്രധാന കേസുകൾ. എന്നാൽ, തനിക്ക് സ്ഥിരം വരുന്നത് പോലുള്ള ഒരു കേസ് തന്നെ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കുകയാണ്. എഡ്ഗാർഗോ ഡിലീക്ക്, ഡാനിയേൽ കസബ് എന്നിവർ ചേർന്നൊരുക്കിയ 'സതേൺ സ്റ്റോം'  ഗ്രാഫിക്കൽ നോവലിന്റെ ചലച്ചിത്രാവിഷ്കാരം കൂടിയാണ്.

എൽവിറ എന്ന ഡാൻസ് കൊറിയോഗ്രാഫറുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ സംശയരോഗിയായ ഭർത്താവാണ് ഡിറ്റക്ടീവിനെ സമീപിക്കുന്നത്. സാധാരണ കേസ് പോലെ  എൽവിറയെ സമീപിച്ച ഹോർഗെ തനിക്ക് തെറ്റുപറ്റിയെന്ന് വൈകിയാണ് മനസ്സിലാക്കുന്നത്. ഡാൻസ് ജീവവായുവായി കരുതുന്ന എൽവിറ അവിചാരിതമായി ഹോർഗെയുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്, അതിന് കാരണമാകുന്നത് പ്രകൃതിക്ഷോഭവും. 

ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന എൽവിറയോട് അനുകമ്പം തോന്നുന്ന വേളയിലും അവരോട് പൂർണമായും സത്യസന്ധനാകാൻ ഡിറ്റക്റ്റീവിന് സാധിക്കുന്നില്ല. ഇത് അയാളെ ഒരുപരിധിയിലേറെ ആസ്വസ്ഥാനക്കുന്നുമുണ്ട്. തുടർന്നുണ്ടാകുന്ന സംഭവവികസങ്ങളിലൂടെയാണ് ബ്യൂണസ് ഐറിസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സഞ്ചരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് യാതൊരു മടിയുമില്ലാതെ കടന്നുകയറുന്ന ഡിറ്റക്ടീവിന്റെ അന്തരിക സംഘർഷങ്ങളും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. 

70-കാരനായ ഹോർഗെയുടെ മനസ്സിൽ ഉടലെടുക്കുന്ന കൊടുങ്കാറ്റും അദ്ദേഹത്തിന്റെ സ്വപ്നാടനത്തിലൂടെയും കഥപറഞ്ഞു പോകുന്ന ചിത്രത്തിൽ പ്രകൃതി ക്ഷോഭവും ഡാൻസും ഒക്കെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി മാറുന്നുണ്ട്. ദിവസങ്ങളോളം ക്ഷോഭിച്ച് നിൽക്കുന്ന പ്രകൃതി മനുഷ്യമനസ്സുകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നതും സംവിധായകർ കാണിച്ചുതരുന്നുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ ഉൾപ്പെടെ പ്രേക്ഷകന് സ്വന്തം യുക്തിക്ക് അനുസരിച്ച് മനസിലാക്കാനാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.