
രാത്രി പന്ത്രണ്ടിന് അടുത്ത സമയം.
കൊച്ചിയിലെ ഒരു ചെറിയ ഫ്ലാറ്റിൽ, ഒരു യുവാവ് ഒറ്റയ്ക്ക് പാസ്ത പാകം ചെയ്യുകയാണ്. അടുക്കളയിൽ മങ്ങിയ മഞ്ഞവെളിച്ചം. ഫോണിൽ പഴയ പ്രണയഗാനം. ജനലിന് പുറത്തു മഴ.
പാചകം കഴിഞ്ഞ് അവൻ ഒരു ഫോട്ടോ എടുക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലേക്ക് ഒരു ഫോട്ടോ പോസ്റ്റ്... ഒരു വരി മാത്രം:
“Trying to make ordinary days feel beautiful.”
ഇത് ഒരാളുടെ മാത്രം കഥയല്ല. ഇന്ന് നഗരങ്ങളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന യുവാക്കൾക്കിടയിൽ വളർന്നുവരുന്ന പുതിയ ജീവിതശൈലിയാണ്. ഒരിക്കൽ ജീവിതം വലിയ ലക്ഷ്യങ്ങളിലേക്കുള്ള ഓട്ടമായിരുന്നു. ഇപ്പോൾ ചില യുവാക്കൾക്ക് ജീവിതം ചെറിയ നിമിഷങ്ങളിലേക്കുള്ള മടക്കയാത്രയാണ്.
ഒറ്റയ്ക്ക് കാപ്പി ഉണ്ടാക്കുന്നത്.
മഴയിൽ കുടയില്ലാതെ നടക്കുന്നത്.
പഴയ പുസ്തകക്കടയിൽ സമയം ചെലവിടുന്നത്.
ഒരു ദിവസത്തെ ചിന്തകൾ ഡയറിയിൽ കുറിക്കുന്നത്.
സൂര്യാസ്തമയം കാണാൻ സമയം കണ്ടെത്തുന്നത്.
ഇതൊന്നും വലിയ നേട്ടങ്ങളാണെന്ന് പറയുന്നില്ല. പക്ഷേ, ഇന്ന് പല യുവാക്കളും ഈ ചെറിയ കാര്യങ്ങളെ തന്നെ മനോഹരമാക്കാൻ പഠിക്കുകയാണ്.
റൊമാന്റിസൈസ് യുവർ ലൈഫ്
എന്താണ് ഈ റൊമാന്റിസൈസിങ്? ഇത് പ്രണയത്തെക്കുറിച്ചുള്ള കാര്യമല്ല. സോഷ്യൽ മീഡിയയിൽ ഇന്ന് ഏറെ കാണുന്ന ഒരു വാചകമാണ് ഇത്. ഇതിനർത്ഥം സിനിമകളിൽ കാണുന്ന പോലെ ലക്ഷ്വറി ജീവിതം നയിക്കുക എന്നതല്ല. മറിച്ച്, സ്വന്തമായിട്ടുള്ള സാധാരണ ജീവിതത്തെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ്.
ഒരു കഫേയിൽ ഒറ്റയ്ക്ക് ഇരുന്ന് പുസ്തകം വായിക്കുന്നത്, മഴക്കാലത്ത് പ്ലേലിസ്റ്റ് വെച്ച് ജനലരികിൽ ഇരിക്കുക, രാവിലെ വരുന്ന ഇളം സൂര്യവെളിച്ചം മുറിയിലേക്ക് വീഴുന്നത് ശ്രദ്ധിക്കുക, സ്വന്തമായി സമ്മാനം നൽകുക എന്നതൊക്കെ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളുടെ കൂട്ടത്തിൽ പെടുന്നു. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ, ഈ ചെറിയ നിമിഷങ്ങൾ പോലും ചിലർക്ക് വലിയ ആശ്വാസമാണ്.
വിജയത്തേക്കാൾ സമാധാനത്തിന് പ്രാധാന്യം
ഇന്നത്തെ ചില യുവാക്കൾ വിജയത്തേക്കാൾ സമാധാനം അന്വേഷിച്ചാണ് നീങ്ങുന്നത്. ‘ഒരു ദിവസം മുഴുവൻ പ്രൊഡക്ടീവ് ആയില്ലെങ്കിലും, ഞാൻ നന്നായി ഭക്ഷണം പാചകം ചെയ്തു. മഴ ആസ്വദിച്ചു. സുഹൃത്തിനോട് സംസാരിച്ചു. ഇതൊക്കെ മതി’-എന്നൊരു ചിന്ത പതിയേ പതിയേ വളർന്ന് വരുന്നു.
മുമ്പ് ഒറ്റയ്ക്ക് സിനിമ കാണാനോ റെസ്റ്റോറന്റിലേക്ക് പോകാനോ പലർക്കും മടിയുണ്ടായിരുന്നു. ഇപ്പോൾ സോളോ ഡേറ്റ്സ്, സോളോ ട്രിപ്സ്, സോളോ കഫേ ടൈം എന്നതൊക്കെ വളരെ നോർമലാണ്. ഒറ്റയ്ക്കിരിക്കുക ലോൺലിനസ് അല്ല, സെൽഫ് കണക്ഷൻ ആണെന്ന് ചിലർക്കെങ്കിലും മനസിലാകുന്നുണ്ട്.
കേരളത്തിലെ ചില പുസ്തകശാലകളിലും കഫേകളിലും ഇന്ന് യുവാക്കൾ മണിക്കൂറുകളോളം സമയം ചെലവിടുന്നുണ്ട്. വേഗത്തിൽ എന്നതിനേക്കാൾ മന്ദഗതിയിൽ ജീവിതം ആസ്വദിക്കാൻ പലർക്കും സാധിക്കുന്നുണ്ട്. അതുപോലെ ജേണലിങ്ങും ഇന്നു സാധാരണമാണ്. ഡെയിലി പ്ലാനർ എന്നതിനുപരി ‘ഇന്ന് എന്താണ് തോന്നിയത്?’ എന്ന് എഴുതാനുള്ള പേഴ്സണൽ സ്പേസായി ഇത് മാറി.
സോഷ്യൽ മീഡിയയുടെ സ്വാധീനം ഈ കാര്യത്തിൽ ഉണ്ടെന്നത് സത്യമാണ്. എന്നാൽ, മുഴുവനായുമല്ല. ഏസ്തെറ്റിക്സ്, സോഫ്റ്റ് ലൈഫ് വീഡിയോസ്, സ്ലോ ലിവിങ് റീൽസ് എന്നിവയെല്ലാം പലരെയും ചെറിയ സന്തോഷങ്ങൾ ശ്രദ്ധിക്കാൻ പഠിപ്പിച്ചു.
ഈ ഒരു ലൈഫ്സ്റ്റൈൽ ട്രെൻഡ് ആകുന്നതിലുപരി പലപ്പോഴും ഒരു നിശബ്ദ വിപ്ലവമായി മാറുന്നു. ‘എപ്പോഴും ബിസി ആയിരിക്കണം’ എന്ന ചിന്തയ്ക്കെതിരെ,’ഞാൻ കാര്യങ്ങൾ പതുക്കെ ചെയ്യുന്നത് നോർമലാണ്’ എന്ന് പറഞ്ഞ് കൊണ്ട് പുതുതലമുറ മുന്നോട്ട് വരുന്നു.
ഒറ്റയ്ക്കുള്ള പാചകവും വൈകാരികമായ പാകപ്പെടുത്തലുകളും
ലോക്ക്ഡൗണിന് ശേഷമാണ് ഇതൊരു കൾച്ചർ എന്ന രീതിയിൽ ഉയർന്ന് വന്നത്. വീട്ടിൽനിന്ന് മാറി താമസിക്കുന്ന വിദ്യാർത്ഥികളും ജോലി ചെയ്യുന്ന യുവാക്കളും പാചകത്തെ എവിടെയും അതിജീവിക്കാനുള്ള സ്കിൽ എന്നതിനേക്കാൾ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമെന്നതായി മാറി. യൂട്യൂബ് റെസിപ്പി നോക്കി മിഡ്നൈറ്റ് ക്രേവിങ്ങ്സ് പൂർത്തികരിക്കുന്നതും ഞായാറാഴ്ച പുതിയ വിഭവങ്ങൾ തയ്യാറാക്കുന്നതുമൊക്കെ കേൾക്കുമ്പോൾ ചെറിയ കാര്യമാണ്. പക്ഷേ, ചിലർക്കിത് ഭക്ഷണം മാത്രം അല്ല; ‘ഞാൻ എന്നെ തന്നെ നോക്കിക്കൊള്ളുന്നു’ എന്ന സ്വയംപര്യാപ്തതയുടെ മുഴങ്ങുന്ന ശബ്ദമാണ്.
മഴയും ആസ്വാദനവും വൈകാരിക അടുപ്പവും
മഴയ്ക്ക് എന്നും ഒരു ഇമോഷണൽ കണക്ഷനുണ്ട്. ഇന്നത്തെ യുവാക്കൾ മഴയെ മറ്റൊരു രീതിയിൽ ആസ്വദിക്കാൻ പഠിച്ചിരിക്കുന്നു. മഴയിൽ നടക്കുന്നതും ജനലരികിലിരുന്ന് പാട്ടുകൾ കേൾക്കുന്നതും രാത്രിയിലുള്ള ചായക്കട വിസിറ്റുമെല്ലാം ഒരു സോഷ്യൽ മീഡിയ ഏസ്തറ്റിക്സ് പോലെ തോന്നുമെങ്കിലും ജീവിതത്തിൽ പലപ്പോഴും പോസ് ചെയ്യാനുള്ള ആഗ്രഹത്തിന്റെ അതായത് എന്തിനോ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽനിന്നുള്ള ഒളിച്ചോട്ടമാണ്.
ബുക്ക് സ്റ്റോറുകളും കഫേകളും വൈകാരികമായ ഇടങ്ങളായി മാറുന്നു. ജോലി ചെയ്യാനും വായിക്കാനും നിശബ്ദരായി ഇരിക്കാനും കാര്യങ്ങൾ നീരീക്ഷിക്കാനും ഇത്തരം ഇടങ്ങൾ അനുയോജ്യമാണ്. വീട്, ഓഫീസ് എന്നതിലുപരി സ്വന്തമായി ചെലവിടാൻ ഇടം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്.
ഇത് പലപ്പോഴും പ്രിവിലേജായി മാറുന്നുണ്ട്. അതൊരു പ്രധാന വിമർശനമാണ്. റൊമാന്റിസൈസ് ചെയ്യുന്ന ജീവിതം കണ്ടെത്താൻ പണം, സമയം, ഇമോഷണൽ സ്പേസ് എന്നിവ ഉണ്ടാകണമെന്നില്ല. ദൈനംദിന ജീവിതം കഷ്ടപ്പെട്ട് തള്ളി നീക്കുന്നവർക്ക് ഇത് വളരെ അൺറിയലിസ്റ്റിക്കായി തോന്നും. പക്ഷേ ,ചിന്തിക്കേണ്ടത് ചെറിയ സന്തോഷങ്ങൾ കണ്ടെത്താനുള്ള ശ്രമം മനുഷ്യർക്കെപ്പോഴും ആവശ്യമുള്ളതാണെന്നാണ്.
ജീവിതം എല്ലായ്പ്പോഴും വലിയ സംഭവവികാസങ്ങളുടെ വേദിയല്ല. മിക്ക ദിവസങ്ങളും വെറും സാധാരണ ദിവസങ്ങളാണ്. പക്ഷേ, ആ സാധാരണ ദിവസങ്ങളിൽ പോലും- മഴയുടെ ശബ്ദം കേൾക്കാൻ, സ്വന്തമായി ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ, സ്വസ്ഥമായി ഒരു പുസ്തകം വായിക്കാൻ ചില യുവാക്കൾ പഠിച്ചുകഴിഞ്ഞു. അതുകൊണ്ടാകാം ഇന്ന് പലർക്കും സന്തോഷം വലിയ സ്വപ്നങ്ങളിൽ അല്ലാതെ, ചെറിയ നിമിഷങ്ങളിൽ കണ്ടെത്താൻ കഴിയുന്നത്.
Content Highlights: Redefining success: Shifting focus from productivity to peace and mental well-being., The rise of solo living: Embracing solo dates, trips, and self-connection., Romanticizing the ordinary: Finding beauty in cooking, reading, and rainy days., The role of digital aesthetics: How social media promotes mindfulness and slow living., Addressing the privilege gap in lifestyle trends.
Published: 26 May 2026, 12:10 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented