കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അതിഥി അച്യുതിന് ഇതു സ്വപ്ന സാക്ഷാത്കാരം. ഉപജീവനത്തിനായി പലയിടങ്ങളില്‍ അലയേണ്ടി വന്ന അതിഥി അച്യുത് ഇനി ആധുനിക സജ്ജീകരണങ്ങളോടെയുള്ള മീന്‍വില്പന കേന്ദ്രത്തിന്റെ ഉടമ.

മത്സ്യ മേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക കൂടിയാണ് അതിഥി. കൂടുമത്സ്യ കൃഷി, ബയോഫ്‌ളോക് കൃഷി എന്നിവയില്‍ വിളവെടുത്ത പിടയ്ക്കുന്ന മീനുകള്‍ ജീവനോടെ അതിഥിയുടെ മീന്‍സ്റ്റാളില്‍ ലഭിക്കും.

സ്ഥിര വരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താന്‍ അതിഥി അച്യുതിന് കൈത്താങ്ങായത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആര്‍.ഐ.). ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാല്‍ ജോലി ലഭിക്കാനുള്ള പ്രയാസം, തൊഴിലിടങ്ങളിലെ മറ്റു പ്രശ്‌നങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടിയ എളമക്കര സ്വദേശിയായ അതിഥിയുടെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു സംരംഭം എന്നത്.

വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, മോളി കണ്ണമാലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജീവനുള്ള മീനുകള്‍ക്കൊപ്പം, കടല്‍മത്സ്യങ്ങളും ഇവിടെ ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ച് പായ്ക്കറ്റുകളില്‍ സീല്‍ ചെയ്ത മത്സ്യങ്ങള്‍ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നല്‍കും.

സി.എം.എഫ്.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ. മധു വില്പന കേന്ദ്രത്തിന്റെ താക്കോല്‍ അതിഥിക്ക് കൈമാറി.

ഫ്രീസര്‍, മീനുകളെ ജീവനോടെ നിലനിര്‍ത്താനുള്ള സജ്ജീകരണം, മുറിച്ചു നല്‍കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികള്‍, കൂളര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മീന്‍വില്പന കേന്ദ്രമാണ് വെണ്ണല മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപ ചെലവിട്ട് സി.എം.എഫ്.ആര്‍.ഐ ഒരുക്കിയത്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണിത്.

Content Highlights; Adithi Achuth the country's first transgender entrepreneur in the fisheries sector