പനമരം: പള്ളിക്കുന്ന് ടൗണിൽ നാട്ടുകാർ പണിത താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിക്കാനുള്ള പൊതുമരാമത്ത് അധികൃതരുടെ നോട്ടീസിനെതിരേ പള്ളിക്കുന്ന് പൗരസമിതി റിലേ സത്യാഗ്രഹം തുടങ്ങി. കാത്തിരിപ്പുകേന്ദ്രം നിലനിർത്തണമെന്നും സൗകര്യങ്ങളോടുകൂടിയ പുതിയ കാത്തിരിപ്പുകേന്ദ്രം പഞ്ചായത്ത് നിർമിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

To advertise here,

പള്ളിക്കുന്ന് ടൗണിലെ ഏകബസ് കാത്തിരിപ്പുകേന്ദ്രം അഞ്ചുവർഷംമുൻപ്‌ സ്വകാര്യവ്യക്തി നൽകിയ പരാതിയെത്തുടർന്ന് പൊതുമരാമത്ത് അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. രണ്ടുവർഷംമുൻപ്‌ മനുഷ്യാവകാശ കമ്മിഷൻ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കണമെന്ന് നിർദേശം നൽകിയിട്ടും അത് പാലിക്കപ്പെട്ടിരുന്നില്ല.

ഇതോടെയാണ് പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്ത് ബസ് കാത്തിരിപ്പുകേന്ദ്രം പണിതത്. എന്നാൽ ഇത് കൈയേറ്റമാണെന്ന് ആരോപിച്ച് പൊളിച്ചുനീക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത് കൈയേറ്റമല്ലെന്നും അളന്നുതിട്ടപ്പെടുത്താതെയുള്ള നോട്ടീസ് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെമുതൽതന്നെ സ്ത്രീകളും വയോധികരും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ ആളുകൾ സത്യാഗ്രഹത്തിൽ പങ്കെടുത്തു.