മാനന്തവാടി: തൃശ്ശിലേരിയിലെ കുമ്പളാട്ടുകുന്നേൽ മാത്യു കുടയില്ലാതെ നടക്കാൻതുടങ്ങിയിട്ട് കൊല്ലം 49 കഴിഞ്ഞു. എവിടേക്കെങ്കിലും ഇറങ്ങിയാൽ ചെറിയമഴയാണെങ്കിൽ നനയും. ടൗണിലുംമറ്റുമെത്തിയാൽ കടവരാന്തയിലൂടെയും മറ്റും നടക്കും. ഒരുഗതിയുമില്ലെങ്കിൽ ഓട്ടോറിക്ഷപിടിക്കും. എന്നാലും കുടവാങ്ങില്ല, ചൂടില്ല... ഈ തീരുമാനത്തിനുപിന്നിലൊരു കഥയുണ്ട്. അത് ഓർത്തെടുക്കുമ്പോൾ മാത്യുവിന്റെ കണ്ണുകൾ ഇപ്പോഴും നനയും.

To advertise here,

1975 ജൂലായ് 22-നാണ് കുടചൂടില്ലെന്ന പ്രതിജ്ഞയെടുത്തത്. അന്നത്തെ മഴക്കാലത്ത് മാത്യുവിന്‌ നഷ്ടപ്പെട്ടത് ഏഴുകുടകൾ.

“ഇക്കാലത്ത് കുടവാങ്ങാൻ പൈസയില്ലെന്ന് ആരെങ്കിലുംപറഞ്ഞാൽ ആളുകൾ ചിരിക്കും. ഭാര്യ എൽസി സാക്ഷരതാക്ലാസെടുക്കാറുണ്ടായിരുന്നു. വീട്ടിൽനിന്നിറങ്ങണമെങ്കിൽ കുടവേണം. ഒന്നും രണ്ടും തവണ കുടകൊണ്ടുപോയി കളഞ്ഞു. പിന്നീട്, ഭാര്യയുടെ അച്ഛൻ രണ്ടുതവണയായി അവൾക്കു വാങ്ങിക്കൊടുത്ത കുടയും ഞാൻ കൊണ്ടുപോയിക്കളഞ്ഞു.

കുടയില്ലാതെ വീട്ടിൽവരാൻ പറ്റാഞ്ഞിട്ട് അരിവാങ്ങാൻവെച്ച പൈസയെടുത്ത് കുടവാങ്ങിയിരുന്നു. ഗർഭിണിയായ ഭാര്യയും ഞാനും രണ്ടുമക്കളും അന്നുരാത്രി കിഴങ്ങ്‌ കിളച്ചെടുത്ത് പുഴുങ്ങിയാണ് കഴിച്ചത്.

ഭാര്യയുടെ അരഞ്ഞാണം വിറ്റുകിട്ടിയ പണവുമായി സ്വർണം പുതുക്കിവെക്കാൻ കാട്ടിക്കുളം ഗ്രാമീൺ ബാങ്കിൽപ്പോയി. അങ്ങനെലഭിച്ച തുകയിൽനിന്നൊരു കുടകൂടിവാങ്ങി. തിരിച്ചിറങ്ങിയപ്പോൾ കുട കാണാനില്ല. അന്ന് സൂര്യഭഗവാനെനോക്കി ചെയ്ത സത്യമാണ് കുടചൂടില്ലെന്ന്. അത് മരിക്കുംവരെ അങ്ങനെയായിരിക്കും...”-തന്റെ കുടവിരുദ്ധപ്രതിജ്ഞയിൽ വീട്ടുവീഴ്ചയില്ലെന്ന് മാത്യു വ്യക്തമാക്കുന്നു.

ഭാര്യ എൽസി എലിപ്പനിബാധിച്ചു മരിച്ചു. പിന്നീട് ചെന്നലോടുള്ള ക്ലാരമ്മയെ വിവാഹംചെയ്തു. ക്ലാരമ്മയ്ക്കൊപ്പം തൃശ്ശിലേരി പള്ളിക്കവലയിലുള്ള വീട്ടിലാണ് ഇപ്പോൾ താമസം. എല്ലാദിവസവും കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യണമെന്ന നിർബന്ധവും മാത്യുവിനുണ്ട്. തൃശ്ശിലേരിയിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങിയതുമുതൽ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായും ഇദ്ദേഹം പ്രവർത്തിക്കുന്നു.