പുല്പള്ളി : റോഡിനു നടുവിൽ വിള്ളൽ, വശങ്ങളിൽ വലിയ പാതാളക്കുഴികളും കിടങ്ങും; വാഹനം ഒന്നരികിലേക്കിറങ്ങിയാൽ അപകടം ഉറപ്പ്. എരിയപ്പള്ളി-കതവാക്കുന്ന്-മണൽവയൽ റോഡ് അപകടാവസ്ഥയിലായിട്ടും അധികൃതരാരും കണ്ട മട്ടില്ല. പുല്പള്ളി, പൂതാടി ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്.

To advertise here,

കതവാക്കുന്നിലെ വയലിലൂടെ കടന്നുപോകുന്ന 150 മീറ്ററോളം വരുന്ന ഭാഗത്താണ് റോഡ് വലിയ അപകടാവസ്ഥയിലുള്ളത്. റോഡിന്റെ വശങ്ങളിൽ വലിയ താഴ്ചയുള്ള കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴികളിലൂടെ റോഡിനടിയിലേക്ക് മഴവെള്ളം കുത്തിയൊഴുകുന്ന സ്ഥിതിയാണ്. റോഡിന്റെ രണ്ടുവശത്തുമായി കുടിവെള്ളപൈപ്പ് ലൈനും നെറ്റ്‌വർക്ക് കേബിൾ ലൈനും സ്ഥാപിക്കുന്നതിനായി എടുത്ത കുഴികളും ഇപ്പോൾ വലിയ കിടങ്ങായി മാറിയിട്ടുണ്ട്. വാഹനങ്ങൾ സൈഡ് നൽകുന്നതിനായി റോഡരികിലേക്ക് ഇറക്കിയാൽ മണ്ണിടിഞ്ഞ് താഴ്ചയിലേക്ക് പതിക്കുമെന്നുറപ്പാണ്. അടുത്തിടെ, എതിരേവന്ന വാഹനത്തിന് അരികുനൽകാനായി റോഡരികിലേക്കിറക്കിയ സ്കൂൾ ബസ് കിടങ്ങിലകപ്പെട്ടുവെങ്കിലും ഭാഗ്യംകൊണ്ടാണ് താഴ്ചയിലേക്കു മറിയാതെ രക്ഷപ്പെട്ടത്. ഭാരവാഹനങ്ങൾ പോകുമ്പോൾ റോഡ് കൂടുതൽ ഇടിയാനും സാധ്യതയുണ്ട്. തുടർച്ചയായി ശക്തമായ മഴയുണ്ടായാൽ ഈ റോഡ് പാടേ തകരും. റോഡിന്റെ അപകടാവസ്ഥ ജനപ്രതിനിധികളെ ഉൾപ്പെടെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.

ടാറിങ് ഇളകിമാറി റോഡിലുടനീളം വലിയ കുണ്ടും കുഴികളുമായി തീർന്നിരിക്കുകയാണ്. അഞ്ച് ആദിവാസി ഉന്നതികളടക്കം നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന സഞ്ചാരപാതയായിട്ടും അധികാരികൾ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കേണിച്ചിറ, കല്പറ്റ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. അപകടാവസ്ഥയിലായ കതവാക്കുന്നിലെ വയൽഭാഗത്ത്, റോഡിന് ഇരുവശവും സംരക്ഷണഭിത്തികെട്ടാൻതന്നെ വലിയ തുക ചെലവുവരും. തദ്ദേശസ്ഥാപനങ്ങളുടെ പരിമിതമായ ഫണ്ട് ഉപയോഗിച്ച് ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാകില്ല. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് വീതികൂട്ടി അത്യാധുനികരീതിയിൽ ടാർചെയ്ത് നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം

പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുത്ത് അത്യാധുനികരീതിയിൽ നവീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പരിമിതമായ ഫണ്ട് ഉപയോഗിച്ചുകൊണ്ട് സംരക്ഷണ ഭിത്തികെട്ടി ഈ റോഡ് നിർമിക്കാൻ സാധിക്കില്ല. അഞ്ച് ആദിവാസി ഉന്നതികളടക്കം നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്.

കെ.ഡി. ചന്ദ്രൻ കുർമുള്ളാനിയിൽ

അപകടാവസ്ഥ പരിഹരിക്കണം

റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തര നടപടി സ്വീകരിക്കണം. വാഹനങ്ങൾ റോഡരികിലെ കുഴികളിൽപ്പെട്ട് വലിയ അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. നാട്ടുകാർ ജാഗ്രതപാലിക്കുന്നതുകൊണ്ടുമാത്രമാണ് ഇതുവരെ കാര്യമായ അപകടങ്ങളൊന്നുമുണ്ടാവാതെ പോയത്. ശക്തമായ മഴ പെയ്താൽ റോഡ് ഇനിയും തകരും. അതിന് മുൻപ് അധികൃതർ ഉണർന്ന് പ്രവർത്തിക്കണം

നന്ദനൻ പട്ടർമലയിൽ

ഗതാഗതം സുഗമമാക്കണം

ഈ റോഡ് കടന്നുപോകുന്നതിൽ എല്ലക്കൊല്ലി വനഭാഗത്ത് 350 മീറ്ററോളം ദൂരം സോളിങ് മാത്രമേയുള്ളൂ.

ജനപ്രതിനിധികൾ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് ടാറിങ്ങോ, ഇന്റർലോക്കോ ചെയ്ത് ഗതാഗതം സുഗമമാക്കണം. ജില്ലാ ആസ്ഥാനമായ കല്പറ്റയിലേക്കടക്കം എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്.

രാഘവൻ കാര്യമ്പാതി

ദുരിതം പരിഹരിക്കണം

റോഡിന്റെ വശങ്ങളിൽ വലിയ കുഴിയും കിടങ്ങുകളുമുള്ളതിനാൽ കാൽനടക്കാരാണ് വലിയ ദുരിതമനുഭവിക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർക്ക് റോഡരികിലേക്ക് ഇറങ്ങിനിൽക്കാനുള്ള സൗകര്യമില്ല. സ്കൂൾവിദ്യാർഥികളടക്കം നിരവധിപേർ നിത്യവും യാത്രചെയ്യുന്ന വഴിയാണിത്. എത്രയുംവേഗം ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കണം.

മിനി ഷാജി, ചക്കുങ്ങൽപ്പടിയിൽ