പുല്പള്ളി : ഒരു നാടിന്റെ നന്മയുടെപ്രകാശമാണ് അമ്മിണിയമ്മയുടെ വീട്ടിൽ തെളിഞ്ഞുകാണുന്നത്. വൈദ്യുതീകരിക്കാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ അമ്മിണിയമ്മയുടെ വീട് വൈദ്യുതീകരിച്ച് നൽകിയിരിക്കുകയാണ് പെരിക്കല്ലൂർ പൗരസമിതി. മരക്കടവ് പഞ്ഞിമുക്കിലെ ഇടക്കാട്ടുപറമ്പിൽ അമ്മിണിയമ്മ വെളിച്ചമെത്താത്ത വീട്ടിൽ വർഷങ്ങളായി തനിച്ചാണ് താമസം. പഴയ വീട്ടിൽ വയറിങ് നടത്തി വൈദ്യുതി കണക്‌ഷൻ എടുക്കാൻ അമ്മിണിയമ്മയെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിയുന്ന അമ്മിണിയമ്മയുടെ ദുരവസ്ഥയെക്കുറിച്ച് ഗ്രാമപ്പഞ്ചായത്തംഗം ജിഷാ സെബാസ്റ്റ്യനിൽനിന്ന് പറഞ്ഞറിഞ്ഞാണ് പെരിക്കല്ലൂർ പൗരസമിതിയുടെ പ്രവർത്തകർ ഇവരുടെ വീട്ടിലെത്തുന്നത്.
അമ്മിണിയമ്മയുടെ അവസ്ഥ നേരിട്ടുകണ്ട് ബോധ്യമായ പൗരസമിതി പ്രവർത്തകർ ഇവരുടെ വീട്ടിൽ വയറിങ് നടത്തി, വൈദ്യുതി കണക്‌ഷൻ എടുക്കുകൊടുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനാവശ്യമായ പണം പൗരസമിതിയുടെ പ്രവർത്തകർ ചേർന്നുകണ്ടെത്തി. പൗരസമിതിയുടെ പ്രവർത്തകരായ ഡെനീഷ് ലൂക്കോസും കിഷോർ ലൂയിസും സൗജന്യമായി വയറിങ് ജോലികൾ ചെയ്തുനൽകി. കെ.എസ്.ഇ.ബി. പാടിച്ചിറ സെക്‌ഷൻ ഓഫീസിലെ സബ് എൻജിനിയർ കെ.ജി. വേണുവും ഓവർസീയർ പി.ടി. സാബുവും ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതോടെ, അമ്മിണിയമ്മയുടെ വീട്ടിലേക്ക് വൈദ്യുതി കണക്‌ഷനെത്തി. പൗരസമിതി പ്രസിഡന്റ് ജി.ജി. ഗിരീഷ്‌കുമാർ, ട്രഷറർ ഡാമിൻ ജോസഫ്, ഗ്രാമപ്പഞ്ചായത്തംഗം ജിഷാ സെബാസ്റ്റ്യൻ, കെ.എസ്.ഇ.ബി. ജീവനക്കാരായ എം.ജി. ജനീവ്, കെ.എസ്. സന്തോഷ്, സജി ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
Published: 02 Nov 2026, 02:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented