കാളികാവ്: മൂന്നാം ക്ലാസുക്കാരൻ ഫ്രീ കിക്ക് അടിച്ചു കയറിയത് വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ഫേസ്ബുക്ക് പേജിലേക്ക്. അമരമ്പലം പഞ്ചായത്തിലെ പറമ്പ ഗവ.യു.പി സ്കൂളിലെ മൂന്നാം ക്ലാസുകാരൻ്റെ ഫ്രീ കിക്ക് ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി. ചെട്ടിപ്പാടം കോളനിയിലെ കുഴിവള്ളി സുരേഷ് ബാബു ജയപ്രിയ ദമ്പതികളുടെ മകൻ നിതിനാണ് ഒരൊറ്റ ഫ്രീ കിക്കിലൂടെ ഫുട്ബോൾ ആസ്വാദകരുടെ മനം കവർന്നത്.സ്കൂളിൽ ശനിയാഴ്ച നടന്ന ടാലൻ്റ് സെർച്ച് ഫുട്ബോൾ മത്സരത്തിലാണ് നിതിൻ്റെ അതിമനോഹരമായ ഫ്രീ കിക്ക് പിറന്നത്. ഗോൾ പോസ്റ്റിന് 15 മീറ്റർ അകലെ വെച്ചാണ് ഫ്രീ കിക്ക് ലഭിച്ചത്.
കിക്ക് എടുക്കാനായി നിതിൻ എത്തിയതോടെ എതിർ ടീം പേടിച്ചു. മെസിയുടെ ജഴ്സിയിട്ടിറങ്ങിയ എതിർ ടീമിലെ ആറ് കളിക്കാരും മതിൽ കണക്കെ ബ്ലോക്ക് തീർത്തു. സുരക്ഷാ മതിലിന് പിന്നിൽ നിലയുറപ്പിച്ച ഗോൾ കീപ്പറേയും കബളിപ്പിച്ച് പന്ത് ഗോളിലേക്ക് നീങ്ങിയപ്പോൾ കളിക്കാർ മാത്രമല്ല കണ്ടു നിന്ന അധ്യാപകരും ഞെട്ടി. നിതിൻ്റെ ഫ്രീ കിക്ക് അഴക് ക്യാമറയിൽ പകർത്തിയ അധ്യാപകൻ കെ.സാജൻ പ്രചരിപ്പിച്ച ദൃശ്യമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
വീഡിയോ മന്ത്രി ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെ ഒരു ദിവസത്തിനകം ഒന്നര ലക്ഷം പേരാണ് കണ്ടത്.സഹകളിക്കാരായ രോഹിത്ത്, അഭിദേവ് എന്നിവരോട് ചേര്‍ന്ന് നിതിന്‍ നടത്തിയ ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങൾ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. മുഴുവൻ കുട്ടികളും ബൂട്ടണിഞ്ഞാണ് മത്സരത്തിൽ പങ്കെടുത്തത്. നഗ്നപാദനായിട്ടാണ് നിതിൻ കളിച്ചത്.
ഹീറോ ഓഫ് ദ മാച്ച് കൂടിയായ നിതിന് അധ്യാപകൻ ഗിരീഷ് മാരേങ്ങലത്ത് ബൂട്ട് സമ്മാനിക്കുകയും ചെയ്തു. താരമായി മാറിയ നിതിനെ തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് അനുമോദിക്കുമെന്ന് എൻ.പ്രദീപ് പറഞ്ഞു. നിതിൻ നയിക്കുന്ന മൂന്ന് എയും ബിയും തമ്മിലുള്ള ഫൈനലും തിങ്കളാഴ്ച നടക്കും. കായികാധ്യാപകൻ കെ. നിതിനാണ് നേതൃത്വം നൽകുന്നത്.
Content Highlights: three year old student viral free kick
Published: 17 Mar 2024, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented