K-Pop, K-Drama, K Beauty; ലോകത്തെ ലഹരിപിടിപ്പിക്കുന്ന കൊറിയൻ തരംഗത്തിന് പിന്നിൽ | Inside Out
ലോകമെങ്ങും ഇത് കൊറിയൻ തരംഗത്തിന്റെ കാലമാണ്. ബി.ടി.എസ്സും സ്‌ക്വിഡ് ഗെയിമും ത്രില്ലറുകളും കിംചി രുചികളും അലയടിക്കുന്ന ദക്ഷിണകൊറിയൻ സംസ്‌കാരം. വ്യവസായരംഗത്ത് സാംസങ്ങും എൽജിയും കിയയും ഹ്യൂണ്ടായിയും ചേർന്ന് നയിച്ച സാമ്പത്തിക വിപ്ലവത്തിന്റെ സുവർണകാലത്തിന് ഇടയ്ക്ക് ബ്രേക്ക് വന്നപ്പോൾ വിനോദ വ്യവസായത്തിലൂടെയും കോസ്മെറ്റിക്, പ്ലാസ്റ്റിക് സർജറികളുടെ ലോക തലസ്ഥാനമായി കൊറിയ അതിവേഗം മാറി. കേരളത്തിലെ പോലെ അവിടെയും എല്ലാം കെയിലാണ്. k pope, k movies, k drama, k beauty അങ്ങനെ എല്ലാം. കൊറിയക്കാർക്ക് പ്രായം പറഞ്ഞാൽ വയസ്സ് ഒന്ന് കൂടുതലാണ്, ഫാനിട്ട് കിടന്നുറങ്ങാൻ മടിക്കുന്ന ജനങ്ങൾ, ചുവപ്പുമഷിയും 4 എന്ന അക്കവും നിർഭാഗ്യമായി കാണുന്നവർ. മനുഷ്യവാസം തന്നെ ഇല്ലാതായി പോകുമോ എന്ന് ഭയപ്പെടുന്ന ദക്ഷിണ കൊറിയയുടെ വളർച്ചയുടെ കഥയും ലോകമെങ്ങും ന്യൂജെൻ ലഹരിയായി പടരുന്ന അവരുടെ കെ തരംഗവുമാണ് ഈ ലക്കം ഇൻസൈഡ് ഒട്ടിലുള്ളത്.
വർഷം 1994. ഹോളിവുഡ് സിനിമകൾക്ക് ദക്ഷിണ കൊറിയയിലേക്ക് എൻട്രി കിട്ടിയ കാലം. ലോകമെങ്ങും തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച ജുറാസിക് പാർക്ക് സിനിമ ദക്ഷിണ കൊറിയയിൽ കാശുവാരി. ആ ഒറ്റ ചിത്രം നേടിയ വരുമാനം ഹ്യൂണ്ടായി കമ്പനി ലോകമെങ്ങുമായി 15 ലക്ഷം കാറുകൾ വിറ്റ് കിട്ടിയതിലും അധികമായിരുന്നു. അത് ചൂണ്ടിക്കാട്ടി വിനോദ-മാധ്യമ വ്യവസായത്തിന്റെ സാധ്യത വിശദീകരിച്ച് പ്രസിഡന്റ് കിം യോങ് സാമിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ തരംഗത്തിന്റെ തുടക്കം. ഹാല്ലയു എന്നാണ് ലോകം ഭരിക്കുന്ന കൊറിയൻ തരംഗത്തെ പൊതുവെ പറയുന്നത്. സിനിമകളും ഡ്രാമകളുമായിരുന്നു ആദ്യം കൊറിയക്ക് പുറത്ത് സ്വീകരിക്കപ്പെട്ടത്. പിന്നെ സംഗീതവും രുചിയും. മൊബൈൽ യുഗത്തിൽ ഓൺലൈൻ ഗെയിമുകളായി ട്രെൻഡിങ്. സ്ട്രീമിങ് യുഗത്തിൽ ഇന്ന് കൊറിയൻ എന്റർടെയ്ന്റ്മെന്റാണ് മാർക്കറ്റ് ലീഡർ. ബിടിഎസ്സിന് ഉള്ളത്ര ആരാധകർ മറ്റെന്തിനെങ്കിലുമുണ്ടാവുമോ. 2020 ൽ ബിടിഎസ് സിംഗിൾ ഡൈനാമിറ്റ് മാത്രം 140 കോടി ഡോളർ കൊറിയൻ സമ്പദ് വ്യവസ്ഥയ്ക്ക് നൽകി. 2019 ൽ ബൊയി ബാൻഡിന്റെ സംഗീത പരിപാടിക്കായി 187,000 വിദേശ ടൂറിസ്റ്റുകൾ സോളിലെത്തി. അതുവഴി 790 മില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകി. ഹോളിവുഡ് നിലവാരത്തിൽ ബിഗ് ബജറ്റിൽ ആദ്യമായി നിർമ്മിച്ച ചിത്രം ശിരിയായിരുന്നു. സാംസങ്ങായിരുന്നു നിർമാതാക്കൾ. കൊറിയയുടെ ആദ്യത്തെ ബ്ലോക്ബസ്റ്റർ. കൊറിയൻ വിനോദപരിപാടികൾക്ക് ഇന്നിപ്പോൾ 22 കോടിയോളം ആരാധകരുണ്ടെന്നാണ് കണക്ക്. അതായത് ആ രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിട്ടി. കൊറിയൻ ഇഷ്ടം മലയാളിയിൽ ആദ്യം കയറിപ്പറ്റിയത് സിനിമകളെക്കാൾ മുന്നെ ഒരുപക്ഷേ ഗന്നം സ്‌റ്റൈലിലൂടെയാകും. അവിടുന്നിങ്ങോട്ടുള്ള അമ്പരപ്പിക്കുന്ന വളർച്ച ഊഹിക്കാവുന്നതിലുമപ്പുറമാണ്. ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ് ഫ്ളിക്സ് ദക്ഷിണ കൊറിയൻ വിപണിയിൽ 300 കോടി ഡോളറാണ് ഇറക്കാൻ പോകുന്നത്. സ്‌ക്വിഡ് ഗെയിം മാത്രം അവർക്ക് നൽകിയ ലാഭം അത്രവലുതാണ്. നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരിപാടി സ്‌ക്വിഡ് ഗെയിമാണ്.
സാറ്റലൈറ്റ് ചാനലുകളുടെ വരവാണ് വഴിത്തിരിവായത്. ഇന്റർനെറ്റിന്റെ വരവോടെ ദക്ഷിണ കൊറിയ അടിമുടി മാറി. വിപണി തുറന്നു. അതിവേഗം കൊറിയൻസ് 5 ജിക്കാരായി. ചൈനയും കടന്ന് ഏഷ്യ കീഴടക്കി മലയാളിയിലേക്ക് പോലും വിത്തിട്ട ഗ്ലോബൽ ഹിറ്റ് ഗന്നം സ്റ്റൈലായിരുന്നു. 500 കോടി വ്യൂവ് കിട്ടിയ വീഡിയോ. ഗ്ലോബൽ ഹിറ്റാകാൻ ഭാഷ പ്രശ്നമല്ലെന്ന് തെളിയിച്ച വീഡിയോ. യൂട്യൂബും മ്യൂസിക് സ്ട്രീമിങ് പ്ലാന്റ്ഫോമുകളായ സ്പോട്ടിഫൈയും ഒടിടിയും അടക്കി ഭരിക്കുന്ന വിനോദവ്യവസായത്തിന്റെ കേന്ദ്രമാകാൻ അധികകാലമൊന്നും വേണ്ടി വന്നില്ല. ബാൻഡുകളായ ബിടിഎസ്സും ബ്ലാക്പിങ്കും കെ ബ്രാൻഡും അറിയാത്തവരില്ല. ബിടിഎസ്സുകാരെ കാണാൻ നമ്മുടെ നാട്ടിൽ നിന്ന് പോലും ആരാധന മൂത്ത് ട്രെയിൻകയറിയ വാർത്തകൾ പോലും കേൾക്കുന്നു. അതിവേഗം പടരുന്ന നവസംസ്‌കാരം. കൾച്ചർ സൂപ്പർപവറായുള്ള വളർച്ച, അഭിരുചികൾക്കനുസരിച്ച് ട്രെൻഡുകൾ അവർ മാറ്റിപ്പിടിക്കും. ഹിപ് ഹോക്കും റോക്കും ജാസ്സും ഡിസ്‌കോയും എല്ലാം മിക്സ് ചെയ്ത് നമ്മൾ പ്രിയൻ ടച്ച് എന്ന് നാം പറയുമ്പോലെ കെ പോപ്പ് ബ്ലെൻഡിങ്. പാരസൈറ്റിലൂടെ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ വരെ ദക്ഷിണ കൊറിയയിലെത്തി. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ഇതര സിനിമയായിരുന്നു അത്. 2024 ൽ ഹാൻ കാങ്ങിലൂടെ സാഹിത്യ നൊബേലിലും ദക്ഷിണ കൊറിയൻ മേൽവിലാസമായി.
2021 ന് ശേഷം അവിടുത്തെ ഭക്ഷണവും ആഗോളതലത്തിൽ ഹിറ്റാണ്. 2019 ൽ കൊറിയയുടെ കൾച്ചറൽ കയറ്റുമതി കംപ്യൂട്ടർ ഗെയിംസ്, കൺസേർട്സ് കോസ്മെറ്റിക്സ് എല്ലാംകൂടി ഏകദേശം 3500 കോടി ഡോളറിന്റേതായിരുന്നെങ്കിൽ ഇതിൽ ബിടിഎസ്സിന്റെ വിഹിതം മാത്രം 350 കോടി ഡോളറാണ്. ദക്ഷിണ കൊറിയ സന്ദർശിച്ച ടൂറിസ്റ്റുകളിൽ ഏഴ് ശതമാനവും ഈ ഒരൊറ്റ ബാൻഡിന്റെ പേരിലാണ് അവിടേക്ക് പോയത്. ഇപ്പോൾ അത് വളർന്ന് ബിടിഎസ് ആർമിയായി. ആരാധകലക്ഷങ്ങൾ ലോകത്ത് പലഭാഗത്തും സംഘടിതഗ്രൂപ്പായി സമ്മർദ ശക്തിയായും സന്നദ്ധപ്രവർത്തനങ്ങൾ പോലും നടത്തുന്നു. ചില രാഷ്ട്രീയപാർട്ടികളെക്കാൾ ശക്തരും സംഘടിതരുമാണ് ബിടിഎസ് ആർമി.
ഒരുവശത്ത് വിനോദരംഗം കാശുവാരുമ്പോൾ കോസ്മെറ്റിക്സ്, പ്ലാസ്റ്റിക് സർജറി മേഖലയിൽ ഇന്നവർ ഗ്ലോബൽ ലീഡറാണ്. കെ ബ്യൂട്ടി വ്യവസായ കയറ്റുമതി 1000 കോടി ഡോളർ കടന്നു. കെ പോപ്പിനെയും കെ ഡ്രാമകളെയും പിൻപറ്റിവന്ന ബൂം. ചൈനയാണ് ദക്ഷിണ കൊറിയൻ കോസ്മെറ്റിക്സിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ. തൊട്ടുപിന്നിൽ അമേരിക്കയും ജപ്പാനും. 2014ന് ശേഷമാണ് ഈ കുതിപ്പ്. അന്ന് 180 കോടി ഡോളറിന്റേതായിരുന്നെങ്കിൽ ഇന്ന് 1000 കോടി ഡോളർ കവിഞ്ഞു. ബയോ ഹെൽത്ത് സെക്ടറും കുതിക്കുന്നു 22.5 ശതമാനം വളർന്ന് 600 കോടി ഡോളർ കവിഞ്ഞു. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി കൂടുതലായും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. പ്ലാസ്റ്റിക് സർജറിരംഗത്ത് ലോകത്ത് ഒന്നാമതാണ് കൊറിയ. 250 കോടി ഡോളറിന്റെ ബിസിനസ്. കൊറിയൻ സൗന്ദര്യ ആരാധകർ ലോകമെങ്ങുമുണ്ട്. എട്ട് ലക്ഷം പേരാണ് മെഡിക്കൽ സേവനം തേടി ഒരു വർഷം രാജ്യത്തെത്തുന്നത്. ഡെർമറ്റോളജി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് സർജറിയാണ്. വരുന്നവരിൽ നാലിലൊന്നും പ്ലാസ്റ്റിക് സർജറിക്കാണ്.
നീണ്ടകാലത്തെ യുദ്ധത്തിന് ശേഷം കൊറിയകൾ തമ്മിൽ പിരിയുമ്പോൾ 1950 കളിൽ ഭൂമിയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു ദക്ഷിണ കൊറിയ. കേവലം 20 വർഷം കൊണ്ട് സമ്പന്ന രാജ്യമായി വികസിച്ചു. ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലമർന്ന രണ്ട് ദശാബ്ദം. 90 കളിൽ ജനാധിപത്യത്തിന്റെ കാറ്റ് പിന്നെയും വസന്തം തീർത്തു. മിറക്കിൾ ഓൺ ദി ഹാൻ റിവർ. കൊറിയൻ സാമ്പത്തിക വളർച്ചയുടെ കാലഘട്ടത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാതിയിൽ വൻ വികസന കുതിച്ചുച്ചാട്ടം. 1988 ൽ സോൾ ഒളിമ്പിക്സ്, 2002 ൽ ജപ്പാനൊപ്പം ലോക കപ്പ് ഫുട്ബോൾ ആതിഥേയത്വം. സോൾ, ബുസാൻ, ഇഞ്ചിയോൺ എല്ലാം വൻ നഗരങ്ങളായി. മറുവശത്ത് സർക്കാർ പിന്തുണയിൽ കുടുംബ ബിസിനസ്സിൽ കോർപറേറ്റ് ഭീമന്മാരുടെ ആവിർഭാവം. അതിൽ പ്രധാനികൾ സാംസങ്. അവരുടെ ഉത്പന്നമില്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിലും ചുരുക്കമാണ്. മൊബൈൽ, ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിങ്ങനെ നീളുന്ന വമ്പൻ ബ്രാൻഡ്. അതിനപ്പുറം നമുക്കറിയാത്ത പല ബിസിനസ്സും അവർക്കുണ്ട്. കെമിക്കൽ വ്യവസായം, ഫൈനാൻസ്, ഹോട്ടൽ കൺസ്ട്രക്ഷൻ മുതൽ ആശുപത്രികൾ, ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി അങ്ങനെ പട്ടിക നീളും. മലേഷ്യയിലെ പട്രോണസ് ടവറും തായ്പേയിലെ പാലവും ദുബായിലെ ബുർജ് ഖലീഫ വരെ നിർമിച്ചത് സാംസങ്ങാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളിൽ ഒന്നും സാംസങ്ങാണ്. കാർ നിർമാണത്തിൽ ലോകത്ത് ആറാം സ്ഥാനത്ത് അവരാണ്. രാജ്യത്തിന്റെ ആകെ ജിഡിപിയുടെ 22 ശതമാനത്തോളം വരും സാംസങ്ങിന്റെ സംഭാവന. കുറച്ചുകൂടി പറഞ്ഞാൽ രാജ്യത്തിന്റെ പുരോഗതിയുടെ നല്ലൊരു പങ്കും സാംസങ്ങിന്റെ സംഭാവനയാണ്. കഴിഞ്ഞ വർഷം ഹ്യൂണ്ടായിയുടെ പ്രവർത്തന ലാഭം 1130 കോടി ഡോളറാണ്. ലാഭത്തിൽ സാംസങ്ങിനെ പോലും മറികടന്നു. കിയയുടേത് 800 കോടി ഡോളറിന് മേലെയാണ്. ലോകത്തെ ഏറ്റവും വലിയ കപ്പൽ നിർമാതാക്കൾ ഹ്യൂണ്ടായി ഹെവി ഇൻഡസ്ട്രീസാണ്. അതിൽ ഏഴാമതാണ് സാംസങ്. ദക്ഷിണ കൊറിയയിലെ എസ്.കെ എനർജിയുടേതാണ് മൂന്നാമത്തെ വലിയ എണ്ണ റിഫൈനറി. മറ്റൊരു വമ്പൻ ബ്രാൻഡ് എൽജിയാണ്.
ഇനി ദക്ഷിണ കൊറിയക്കാരുടെ മാത്രം ചില പ്രത്യേകതകൾ നോക്കാം. വയസ്സ് കണക്കാക്കുന്ന രീതി അവിടെ വ്യത്യസ്തമാണ്. ജനിക്കുമ്പോൾ ഒരു വയസ്സായിട്ടാണ് കണക്കാക്കുക. അടുത്ത പുതുവർഷം വരുമ്പോൾ ഒരുവയസ്സ് കൂടുന്നു. ഫലത്തിൽ ഒന്നോ രണ്ടോ വയസ്സ് മറ്റ് രാജ്യക്കാരെക്കാൾ കൂടുതലായിരിക്കും. കാരണം പലതാണ്. ഒമ്പത് മാസം അമ്മയുടെ ഉദരത്തിലായതിനാൽ ഒരു വയസ്സ് അങ്ങനെ കണക്കാക്കുന്നു. നമ്മളിൽ പലരും കൃത്യമായി ബ്ലഡ് ഗ്രൂപ്പ് ഓർത്തുവെക്കണമെന്നില്ല. കൊറിയക്കാർ അത് കൃത്യമായി ഓർത്തുവെക്കും. ജീവിത പങ്കാളിയുടെ കാര്യത്തിലും ഡേറ്റിങ്ങിനും ബ്ലഡ് ഗ്രൂപ്പ് ഒരു കടമ്പയാണെന്ന് ചുരുക്കം. ഹോട്ടലുകളിൽ കഴിച്ചുകഴിഞ്ഞാൽ ടിപ്പ് കൊടുക്കുന്ന രീതി എവിടെയുമുണ്ട്. ദക്ഷിണ കൊറിയക്കാർക്കിടയിൽ ആ രീതി ഇല്ല. കരുതലില്ലാത്തതുകൊണ്ടല്ല. അത് അപമാനിക്കലായി കരുതുന്നതുകൊണ്ടാണ്. കഴിച്ചാൽ ബിൽ തുക കൃത്യമായി കൊടുത്താൽ മതി ഒരു രൂപ പോലും കൂടുതൽ വേണ്ട. ഇരുപതാം നൂറ്റാണ്ടിൽ കൊറിയൻ ഉപദ്വീപിന്റെ ആദ്യത്തെ ഭൂപടം വരച്ചത് കടുവയുടെ ആകൃതിയിലാണ്. അടച്ചിട്ട മുറിയിൽ ഫാനിട്ട് കിടുന്നുറങ്ങുന്നതിനെ കൊറിയക്കാർ പൊതുവേ പേടിക്കുന്നു. ഒരുതരം ഫോബിയ. ഇലക്ട്രിക് ഫാൻ ഒരു മരണഭയമാണ്. ടൈമർ ഉള്ള ഫാനുകളാണ് ഉപയോഗിക്കുന്നത്. അരമണിക്കൂറോ ഒരുമണിക്കൂറോ ഒക്കെ കഴിയുമ്പോൾ ഫാൻ ഓഫ് ആകും. പേടിയൊഴിവാക്കാനുള്ള ടൈമർ. പരിചയമുള്ള ആളെ കുറച്ചുനാളിന് ശേഷം കണ്ടാൽ നമ്മുടെ രീതിയിൽ എന്തൊക്കെയുണ്ട് വിശേഷം, എന്താ വിശേഷം എന്നൊക്കെയാകും ചോദിക്കുക. അതായത് how are you. കൊറിയക്കാർ ചോദിക്കുക have you eaten rice എന്നാകും. ഔപചാരിക ക്ഷേമാന്വേഷണത്തിന് കുറച്ചു കരുതൽ തോന്നും. ചുവപ്പുമഷിയുള്ള പേനകൊണ്ട് എഴുതാറില്ല പേരുകൾ. അശുഭസൂചനയാണത്. മരിച്ചവരുടെ പേര് കുടുംബരജിസ്റ്ററിലും ഔദ്യോഗിക രേഖകളിലും എഴുതുക ചുവപ്പ് മഷിയിലാണ്. ചുവപ്പ് മരണവുമായി ബന്ധപ്പെടുത്തി കാണുന്നതുകൊണ്ടാണിത്. 4 എന്ന അക്കം നിർഭാഗ്യമായിട്ടാണ് കാണുന്നത്. കെട്ടിടങ്ങളിൽ നാലാം നിലയ്ക്ക് 4 എന്നതിന് പകരം എഫ് എന്ന് പോലും രേഖപ്പെടുത്താറുണ്ട്. ലിഫ്റ്റിൽ പോലും എഫ് ആണ്.
ലോകത്ത് ഏറ്റവും സ്പീഡുള്ള ഇന്റർനെറ്റ് സേവനം നൽകുന്ന രാജ്യമാണ്. 80 ശതമാനം ജനങ്ങൾക്കും ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷനുണ്ട്. രാജ്യത്തെ ജനങ്ങളെക്കാൾ കൂടുതൽ സ്മാർട്ട് ഫോണുള്ളതായാണ് കണക്ക്. ദിവസം 12 മണിക്കൂറൊക്കെ മൊബൈലിൽ ചിലവിടുന്നു. മൂന്നിലൊരാളും തനിച്ചാണ് താമസിക്കുന്നത്. ഏകാംഗവാസികൾ 75 ലക്ഷമാണ്. കൂടുതലും യുവാക്കളും വയോജനങ്ങളുമാണ്. 70 ശതമാനം പേരും ഫുഡ് ഡെലിവറി ആപ്പിലൂടെ ഓർഡർ ചെയ്യുന്നവരാണ്. ലീ, പാർക് അല്ലെങ്കിൽ കിം കൊറിയക്കാരിൽ ഭൂരിഭാഗത്തിനും ഇതിൽ ഏതെങ്കിലും ഒന്നാണ് പേര്. അഞ്ചിലൊരാൾക്ക് കിം എന്നാണ് പേര്. സൗന്ദര്യം അതിൽ ഒരു കോംപ്രമൈസുമില്ല. പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടൽ സ്ഥിരം പരിപാടിയാണ്. അങ്ങനെ വലിയ ബിസിനസ്സായി അത് വളർന്നു
ഇതൊക്കെയാണെങ്കിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. പ്രായംചെന്ന സൂപ്പർ ഏജ്ഡ് സമൂഹമായി. ജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സിന് മേൽ പ്രായമുള്ളവരാണ്. അഞ്ച് കോടിയിൽ ഒരുകോടിയും വയോധികരെന്ന് ചുരുക്കം. ജനനനിരക്ക് അപകടകരമായി കുറഞ്ഞു. വിവാഹം വേണ്ട, കുട്ടികൾ വേണ്ട എന്ന ചിന്താഗതി, പ്രസവിക്കാനോ അമ്മമാരാകാനോ ആരും തയ്യാറാകുന്നില്ല. പോറ്റാനുള്ള ചെലവ് ഒരുവശത്ത് . കരിയർ ബ്രേക്കും എൻജോയ്മെന്റ് കുറയുന്നത്. ജനനനിരക്ക് കൂട്ടാൻ ശതകോടികൾ സബ്സിഡിയായി നൽകിയിട്ടും രക്ഷയില്ല. ജനനനിരക്ക് ലോകത്തെ ഏറ്റവും കുറവ് ദക്ഷിണ കൊറിയയിലാണ്. 2023 ൽ ഒരു സ്ത്രീ അവരുടെ ആയുസ്സിൽ ജന്മം നൽകുന്ന കുട്ടികളുടെ എണ്ണം 0.72 ശരാശരിയിൽ നിന്ന് കഴിഞ്ഞ വർഷം 0.68 ആയി കുറഞ്ഞു. സന്തുലിതാവസ്ഥ പാലിക്കപ്പെടണമെങ്കിൽ 2.1 ആകണം എന്നാണ് കണക്ക്.
ആയമാരെ ഇറക്കുമതിചെയ്തു, നികുതി ഇളവ് നൽകി, മൂന്നോ അതിൽ കൂടുതലോ കുട്ടികളുടെ പിതാവിനെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കി. ശമ്പളത്തോടുകൂടിയ പിതൃത്വ അവധി, പുതിയ മാതാപിതാക്കൾക്ക് പണമിടപാട് നടത്താനായുള്ള ബേബി വൌച്ചറുകൾ, സാമൂഹിക ക്യാമ്പയിനുകൾ തുടങ്ങിയ പദ്ധതികൾ മുന്നോട്ടുവെച്ചിട്ടും രക്ഷയില്ല. രാജ്യത്തെ ജനസംഖ്യാ വർധനവിനായി കഴിഞ്ഞ 16 വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളർ ചെലവിട്ടതായി 2022-ൽ അധികൃതർ അറിയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ 'ദേശീയ അടിയന്തരാവസ്ഥ' എന്ന പേരിൽ പുതിയ മന്ത്രാലയം രൂപീകരിക്കണമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യോൺ സുക് യോൾ നേരത്തെ പാർലമെന്റിൽ നിർദേശം മുമ്പോട്ട് വെച്ചിരുന്നു. വിവാഹ കുടിയേറ്റം സാധാരണയായി. പ്രത്യേകിച്ച് ഗ്രാമങ്ങളിലുള്ള പുരുഷന്മാർ വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിവാഹം കഴിച്ച് മടങ്ങുന്നു. അതിർത്തി കടന്നുള്ള വിവാഹം കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ 70 ശതമാനം വർധിച്ചു.
ഏറ്റവും ഒടുവിൽ ദക്ഷിണ കൊറിയ വാർത്തകളിൽ നിറഞ്ഞത് പ്രസിഡന്റ് യൂൻ സുക് യോളിലൂടെയാണ്. വീണ്ടുവിചാരമില്ലാതെ പട്ടാളനിയമം പ്രഖ്യാപിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പിൻവലിക്കുകയും ചെയ്തു. പക്ഷേ അതിന് കൊടുക്കേണ്ടി വന്നത് കനത്ത വിലയായിരുന്നു. പ്രസിഡന്റ് ദിവസങ്ങൾക്കുള്ളിൽ ഇംപീച്ച് ചെയ്യപ്പെട്ടു. അവിടെയും അവസാനിച്ചില്ല. വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. ഇനി കോടതി വ്യവഹാരങ്ങളുടെ കാലം. ഇതാദ്യമല്ല ഇംപീച്ച്മെന്റ് 10 വർഷം മുമ്പും ഇത് നടന്നു. അന്ന് പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ ഇംപീച്ച് ചെയ്ത് പുറത്താക്കി. ആലോചിക്കുക ബോട്ട് മുങ്ങി 304 പേർ മരിച്ച സംഭവം, രാജ്യത്തിന്റെ പ്രസിഡന്റിനെ പുറത്താക്കുന്നതിലേക്ക് വരെ അന്ന് നയിക്കപ്പെട്ടു. 2014 ലുണ്ടായ അപകടം രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു. അനാസ്ഥയ്ക്കെതിരെയും പ്രസിഡന്റിനെതിരായ അഴിമതിക്കുമെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി. ഒരു അനിഷ്ടസംഭവവുമുണ്ടായില്ല പ്രതിഷേധക്കാരുടെ ആയുധം മെഴുകുതിരികളായിരുന്നു. അക്രമമില്ലാതെയും അത് വിജയം കണ്ടു. മുൻ ഏകാധിപതിയുടെ മകളായ പാർക് ഗ്യൂൻ ഹൈയെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ഇന്നവർ 24 വർഷത്ത തടവ് ശിക്ഷ അനുഭവിക്കുന്നു. പലകാര്യങ്ങളിലും വ്യത്യസ്തരാണ് കൊറിയക്കാർ. എല്ലാത്തരത്തിലും ട്രെൻഡ് സെറ്റേഴ്സ്.
Inshort: South Korea's Korean Wave (Hallyu) dominates globally with K-pop, K-dramas, and K-movies like BTS, Squid Game, and Parasite. Its economy, driven by Samsung, Hyundai, and LG, thrives alongside booming K-beauty and plastic surgery industries. Netflix's big investments boost Korean entertainment, while BTS alone contributes billions to tourism. Despite technological leadership, the country faces declining birth rates and political instability, seen in President Yoon Suk-yeol's impeachment. South Korea continues to shape global trends in music, fashion, and gaming.
Content Highlights: South Korea`s K-Wave: Culture, Economy & Politics
Published: 04 Mar 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented