ഒരു വശത്ത് ബോളിവുഡ് താരനിശകളെ ഉന്മത്തമാക്കിയ 'ഡേര്‍ട്ടി ബിസിനസിന്റെ' ഇരുണ്ട വഴികള്‍ തിരഞ്ഞ, ഉന്നതര്‍ക്കു മുന്നില്‍ മുട്ടുമടക്കാത്ത നീതിയുക്തനായ ഉദ്യോഗസ്ഥന്‍, ലഹരി മാഫിയകളുടെ പേടിസ്വപ്‌നം അങ്ങനെ ഒരുകാലത്ത് ഏറെ ഹീറോ പരിവേഷം ലഭിച്ചിരുന്ന മുൻ എൻസിബി തലവൻ സമീർ വാങ്കഡെ. മറുവശത്ത്, ബോളിവുഡ് ബാദ്ഷായുടെ മകൻ, ആര്യൻ ഖാൻ!

To advertise here,

കോർഡേലിയ ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയിൽ തുടങ്ങി, ജയിലിൻ്റെ ഇരുണ്ട ഇടനാഴികൾ താണ്ടി, കോടതിമുറികളിൽ അലയടിച്ച ആ പോരാട്ടത്തിന് പുതിയൊരു വഴിത്തിരിവ്. ഇത്തവണ പോർക്കളം നെറ്റ്ഫ്ലിക്സ് സ്ക്രീനുകളാണ്! ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന വെബ് സീരീസിലൂടെയാണ് പുതിയ യുദ്ധത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ സീരീസ് തന്നെയും ലഹരിവിരുദ്ധ ഏജൻസികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് വാങ്കഡെ, ആര്യൻ ഖാൻ, ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, അവരുടെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നെറ്റ്ഫ്ലിക്സ് എന്നിവർക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

തന്റെ സൽപ്പേരിനെ മനഃപൂർവം ഇകഴ്ത്തിക്കാട്ടാനാണ് ഈ സീരീസ് നിർമ്മിച്ചതെന്ന് സമീർ വാങ്കഡെ ആരോപിക്കുന്നു. "തെറ്റായതും ദുരുദ്ദേശ്യപരവും അപകീർത്തികരവുമായ" രീതിയിലാണ് സീരീസിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നതെന്നും, ഇത് ലഹരിവിരുദ്ധ ഏജൻസികളിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കാരണമാകുമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും ബോംബെ ഹൈക്കോടതിയുടെയും എൻഡിപിഎസ് പ്രത്യേക കോടതിയുടെയും പരിഗണനയിലിരിക്കെ, ഇത്തരമൊരു സീരീസ് പുറത്തിറക്കിയത് നിയമനടപടികളെ സ്വാധീനിക്കാനാണെന്നും വാങ്കഡെ അവകാശപ്പെടുന്നു.

സീരീസിലെ വിവാദമായ ചില രംഗങ്ങളാണ് വാങ്കഡെയുടെ പരാതിക്ക് പ്രധാന കാരണം. വാങ്കഡെയോട് സാമ്യമുള്ള കഥാപാത്രം: ഒരു എപ്പിസോഡിൽ, വാങ്കഡെയോട് രൂപസാദൃശ്യമുള്ള ഒരു ഉദ്യോഗസ്ഥൻ പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ടയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 'എൻസിജി' എന്ന ഏജൻസിയുടെ ഭാഗമാണ് താനെന്ന് ഈ കഥാപാത്രം പറയുന്നു. ലഹരി ഉപയോഗിക്കുന്ന ബോളിവുഡ് ബന്ധമില്ലാത്ത ഒരാളെ കണ്ടിട്ടും അവഗണിക്കുന്ന ഉദ്യോഗസ്ഥൻ, മദ്യം മാത്രം കഴിക്കുന്ന ബോളിവുഡ് താരത്തെ അറസ്റ്റ് ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

മറ്റൊരു രംഗത്തിൽ, ഒരു കഥാപാത്രം ദേശീയ മുദ്രാവാക്യമായ 'സത്യമേവ ജയതേ' എന്ന് പറഞ്ഞതിന് ശേഷം അശ്ലീല ആംഗ്യം കാണിക്കുന്നുണ്ട്. ഇത് 1971-ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്ന നിയമത്തിന്റെ ലംഘനമാണെന്ന് വാങ്കഡെ ചൂണ്ടിക്കാട്ടുന്നു. ഈ രംഗം ദേശീയ വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീരീസ് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനും നേരെ അധിക്ഷേപങ്ങളും ഭീഷണികളും വർധിച്ചതായും വാങ്കഡെ പരാതിയിൽ പറയുന്നു.
കേസിൽ വാങ്കഡെ പ്രധാനമായും ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. മാനനഷ്ടമായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക ലഭിക്കുകയാണെങ്കിൽ, അത് ടാറ്റ മെമ്മോറിയൽ കാൻസർ ഹോസ്പിറ്റലിലെ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സീരിസിൻ്റെ പ്രദർശനം തടയണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. വിവാദമായ രംഗങ്ങൾ സീരീസിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യണമെന്നും വാങ്കഡെ ആവശ്യപ്പെടുന്നു.
2021 ഒക്ടോബറിലാണ് സമീർ വാങ്കഡെയും ആര്യൻ ഖാനും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. മുംബൈ തീരത്ത് കോർഡീലിയ എന്ന ആഡംബര കപ്പലിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ, അന്നത്തെ മുംബൈ എൻസിബി സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ആര്യൻ ഖാനെയും മറ്റ് ആറുപേരെയും അറസ്റ്റ് ചെയ്തു. ഈ കേസിൽ ആര്യൻ ഖാന് ഒരു മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു.പിന്നീട്, തെളിവുകളുടെ അഭാവം മൂലം ആര്യൻ ഖാനെതിരായ എല്ലാ ആരോപണങ്ങളിൽ നിന്നും എൻസിബിയുടെ മറ്റൊരു സംഘം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. വാങ്കഡെയുടെ അന്വേഷണത്തിൽ പിഴവുകളുണ്ടായെന്നും പുതിയ അന്വേഷണസംഘം വിമർശിച്ചിരുന്നു.
ആര്യൻ ഖാൻ കേസിന് പിന്നാലെ സമീർ വാങ്കഡെയും നിയമനടപടികൾ നേരിടേണ്ടി വന്നു. കേസിൽ നിന്ന് ആര്യൻ ഖാനെ ഒഴിവാക്കുന്നതിനായി ഷാരൂഖ് ഖാന്റെ കുടുംബത്തിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് സിബിഐ വാങ്കഡെയ്ക്കെതിരെ കേസെടുത്തു. ഇതിൽ 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങി എന്നും സിബിഐ ആരോപിച്ചിരുന്നു. എന്നാൽ വാങ്കഡെ ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. ഈ കേസിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കുന്നതിനായി ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ വാങ്കഡെ ബോംബെ ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

ഈ സീരീസിന്റെ റിലീസും തുടർന്നുള്ള നിയമനടപടികളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ ആരാധകർ ആര്യൻ ഖാനെ പിന്തുണയ്ക്കുകയും, അദ്ദേഹത്തെ കേസിൽ കുടുക്കിയതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അതേസമയം, മറ്റൊരു വിഭാഗം വാങ്കഡെയാണ് ശരി എന്ന പക്ഷമുള്ളവരാണ്.