മഹാരാഷ്ട്രയിൽ നിന്ന് തിരൂരിലേക്ക് 28 മണിക്കൂർ കൊണ്ട് പറന്നെത്തി ഒരു പ്രാവ്. തിരൂർ സ്വദേശി ഷാനവാസിന്റെ റേസിംഗ് ഹോമർ പ്രാവാണ് 1000 കിലോമീറ്റർ പറന്ന്പ്രാവ് പറത്തൽ മത്സരത്തിൽ വിജയിയായത്. 79 പ്രാവുകൾക്കൊപ്പം പറന്നാണ് റേസിംഗ് ഹോമർ വിജയിച്ചത്. മഹാരാഷ്ട്രയിലെ ഥാനെയിൽ നിന്ന് പറത്തിവിട്ട പ്രാവുകൾ ഉടമ വീട്ടിൽ തിരിച്ചെത്തും മുൻപേ വീടണഞ്ഞു.

To advertise here,

മലബാർ റേസിങ് പീജിയൻ ക്ലബ്ബും കേരള റേസിങ് പീജിയൻ ക്ലബ്ബും സംയുക്തമായാണ് പ്രാവ് പറത്തൽ മത്സരം നടത്തിയത്. ഥാനെയിൽ നിന്നും 56 കിലോമീറ്റർ അകലെ കുഡൂസിൽ നിന്ന് ഫെബ്രുവരി 19ന് രാവിലെ 8 മണിക്കാണ് മറ്റു 79 പ്രാവുകൾക്കൊപ്പം റേസിംഗ് ഹോമറും പറക്കാൻ തുടങ്ങിയത്. ഫെബ്രുവരി 20ന് പകൽ 11.58ന് തിരൂരിലെത്തി.

മത്സരത്തിനു മുൻപ് പ്രാവുകളെ ക്ലബ് ഓഫിസിൽ എത്തിച്ച് ടാഗിങ് നടത്തും. തിരിച്ചെത്തുന്ന പ്രാവിന്റെ ടാഗിലെ രഹസ്യനമ്പർ സംഘാടകരുടെ മൊബൈൽ ആപ്പിലേക്കു നൽകണം. അങ്ങനെയാണ് വിജയികളെ നിർണയിക്കുന്നത്.

ഥാനെയിൽ നിന്ന് ആരംഭിച്ച മത്സരത്തിൽ ഇക്കുറി 1001 കിലോമീറ്റർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഷാനവാസിന്റെ പ്രാവുകൾക്കാണ്. മൂന്നാമതെത്തിയത് താനാളൂർ സ്വദേശിയുടെയും നാലാമത് മങ്കട സ്വദേശിയുടെയും പ്രാവുകളാണ്.