
അഴീക്കോട്(കണ്ണൂർ): അഴീക്കോട്ട് വീടിനുപിറകിൽ സ്ഥാപിച്ച കൂടിന്റെ പൂട്ട് തകർത്ത് 36 പ്രാവുകളെ കൊന്ന നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്നിലെ കെ.സുനിലിന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച കൂട്ടിൽ കയറിയാണ് പ്രാവുകളെ കഴുത്തറത്ത് കൊന്നത്.
ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. സുനിലിന്റെ മകൻ സി.അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വൽ, അനുവിന്ദ് എന്നിവർ ചേർന്നാണ് പ്രാവുകളെ വളർത്തുന്നത്. ഫാൻസി പ്രാവുകൾ, മത്സര പ്രാവുകൾ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതിൽ 36 എണ്ണത്തെയാണ് കൊന്നുതള്ളിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലിൽ വലിച്ചെറിയുകയായിരുന്നു. സുനിലിന്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും തൊട്ടടുത്ത വയലിലുമായി കണ്ടത്. ഉടൻ മകനെ വിളിച്ചറിയിക്കുകയായിരുന്നു.
എട്ടുവർഷം മുൻപാണ് പ്രാവുകളെ വളർത്താൻ തുടങ്ങിയത്. ആവശ്യക്കാർക്ക് വിൽക്കുകയും നാട്ടിൽ പ്രാവുകളെ മത്സരിപ്പിക്കുകയും ചെയ്യുന്നതാണ് സുഹൃത്തുക്കളുടെ പ്രധാന വിനോദം. ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്പനയെ സംബന്ധിച്ച് വാക്തർക്കം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രാവുകളെ കൊന്നതെന്ന് സംശയിക്കുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതെന്ത് ക്രൂരത... മനസ് മരവിപ്പിക്കുന്ന കാഴ്ച...
കണ്ണൂർ: കൂട്ടുകാർചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ച. അഴീക്കോട് മീൻകുന്ന് സ്വദേശികളായ അനുരാജും ഉജ്ജ്വലും അനുവിന്ദും വളർത്തുന്ന പ്രാവുകളാണ് ക്രൂരതയ്ക്ക് ഇരയായത്. വലിയ കൂട്ടിൽ പ്രത്യേകം അറകളിലായി 50-ഓളം പ്രാവുകളാണ് ഉണ്ടായിരുന്നത്.
കൂടിന്റെ വാതിൽ തകർത്തത് കാരണം രാവിലെയോടെ പത്തോളം പ്രാവുകൾ പറന്നുപോയി. പേടിച്ചരണ്ട അവയൊന്നും തിരിച്ച് കൂട്ടിൽ കയറുന്നില്ല. എട്ട് ജോഡികളും 20 കുഞ്ഞുങ്ങളുമാണ് കൊടുംക്രൂരതയിൽ പിടഞ്ഞുചത്തത്. ആക്രമണത്തിൽ രണ്ട് പ്രാവുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
കൂട്ടിലും പുറത്തും വലയിലുമായിട്ടാണ് പ്രാവുകളെ ചത്തനിലയിൽ കണ്ടെത്തിയത്. പ്രാവുകളുടെ തൂവലും തലയും മുട്ടയും രക്തവും പരിസരത്ത് ചിതറിക്കിടക്കുന്നുണ്ട്. തലയറ്റ പ്രാവുകളിൽ ചിലതിനെ കുറുനരിയും തെരുവുനായയും തിന്നു. വയലിലും കൂടിന് പരിസരത്തും ചിതറിക്കിടക്കുന്ന പ്രാവുകളെ പ്ലാസ്റ്റിക് ചാക്കിലാക്കുമ്പോൾ അടുത്ത ബന്ധുവിന്റെ ചിതയ്ക്ക് തീ കൊളുത്തുന്ന വികാരമായിരുന്നുവെന്ന് ഉജ്ജ്വൽ കണ്ണീരോടെ പറഞ്ഞു.
പ്രാവുകളോടുള്ള ഇഷ്ടമാണ് മൂവരെയും സുഹൃത്തുക്കളാക്കിയത്. പഠിക്കുന്ന കാലത്ത് നാല് പ്രാവുകളെ വാങ്ങി വളർത്തി തുടങ്ങിയതാണ് ഇവർ. ആവശ്യക്കാർക്ക് വിറ്റും പ്രാവുപറത്തൽ മത്സരത്തിൽ പങ്കെടുത്തും ചെറിയ വരുമാനവും ഇവർ കണ്ടെത്തുന്നുണ്ട്.
വാഹനകമ്പനിയിലും വർക്ക്ഷോപ്പുകളിലുമായി ജോലിയുണ്ടെങ്കിലും പ്രാവുകളോടൊപ്പമാണ് ഏറെ സമയവും. അനുരാഗിന്റെ വീട്ടുപറമ്പിന്റെ ഒരു ഭാഗത്ത് കല്ലും ഇരുമ്പുവലയും ഷീറ്റും ഉപയോഗിച്ച് നിർമിച്ച കൂട്ടിലാണ് പ്രാവുകളെ വളർത്തിയത്. തൊട്ടടുത്ത് വിശാലമായ വയലാണ്. ഫുട്‌ബോൾ കളി കഴിഞ്ഞാൽ നേരെ പ്രാവിന്റെ പരിചരണമാണ്. പ്രാവുകളെ ഉയരത്തിൽ പറക്കാനും കൂട് തുറന്നുവിട്ടാൽ സന്ധ്യയോടെ കൃത്യമായി തിരിച്ചെത്താനും പരിശീലിപ്പിച്ചു.
ഇതിനിടയിൽ നാട്ടിലുള്ള യുവാവ് കഴിഞ്ഞദിവസം മൂന്ന് പ്രാവുകളെ വിൽക്കാൻ ഏൽപ്പിച്ചിരുന്നതായി അനുരാജ് പറഞ്ഞു. അവയെ വിറ്റെങ്കിലും അതുമായി ബന്ധപ്പെട്ട് തർക്കവും അടിപിടിയും നടന്നതായി ഉജ്ജ്വൽ പറഞ്ഞു. തുടർന്നാണ് പ്രാവുകളെ ചത്തനിലയിൽ കണ്ടെത്തിയത്. വളപട്ടണം പോലീസ് കേസന്വേഷിക്കുന്നു.
Content Highlights: 36 pet pigeons, including fancy and racing breeds, were killed in Azhikode, Kannur., The cage was broken into, and the birds were found with their necks slit., Owners suspect the act is retaliation for a recent dispute over a pigeon sale., Valapattanam police have launched an investigation into the incident.
Published: 26 Feb 2026, 07:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented