ക്രിസ്റ്റ്യാനോ അന്ന് കരഞ്ഞുപറഞ്ഞു, 'അയാളിനി ഒരു കളിയും നിയന്ത്രിക്കരുത്'
കർത്താവിനെന്താണ് കളിയിൽ കാര്യമെന്ന് ചോദിക്കാം. കളി കൈവിടുമ്പോൾ കർത്താവിനെയും യൂദാസിനെയും മാത്രമല്ല, ചെകുത്താനെപ്പോലും കൂട്ടുപിടിച്ചെന്നുവരും. അങ്ങനെ കറപുരണ്ട കുറേ കളികളുണ്ട് ഫുട്‌ബോളിൽ. ലോകകപ്പിലുമുണ്ട് അങ്ങനെ കുറേ ഫൗൾപ്ലേകൾ.
നാസി തേർവാഴ്ചയ്ക്കും യുദ്ധക്കുറ്റവിചാരണയ്ക്കും പേരുകേട്ട ജർമനിയിലെ ന്യൂറംബർഗിന്, ഫുട്‌ബോൾ അങ്ങനെയൊരു കളങ്കം കൂടി ചാർത്തിക്കൊടുത്തിട്ടുണ്ട് ചരിത്രത്തിൽ. പോർച്ചുഗലും ഡച്ച്പടയും മുഖാമുഖം വന്ന 2006ലെ ആ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിന്, ഇന്ന് ചരിത്രത്തിൽ ഖ്യാതി കളിസൗന്ദര്യത്തിന്റെയോ പോരാട്ടവീറിന്റെയോ പേരിലല്ല. സ്‌പോർട്‌സ്മാൻ സ്പിരിറ്റും കളിമര്യാദകളും മറന്നതിന്റെ പേരിലാണ്. ഒരു ഇതിഹാസത്തിന്റെ കണ്ണീരിന്റെ പേരിലാണ്. താളവും ശ്രുതിയും തെറ്റി കളിയുടെ കടിഞ്ഞാൺ കൈവിട്ടപോയ ഒരു പഴയ സംഗീതാധ്യാപകനായിരുന്നു ആ കറപുരണ്ട കളിയിലെ വില്ലൻ. റഷ്യക്കാരൻ റഫറി വാലന്റി വാന്റിനോവിച്ച് ഇവാനോവ്. അയാൾ ആ ഒരൊറ്റ ദിവസം പുറത്തെടുത്ത ഇരുപത് കാർഡുകളുടെ പേരിലാണ് ഇന്നും ആ കളിയുടെ ദുഷ്‌കീർത്തി.
ഫുട്‌ബോൾലോകം ഈ പോരാട്ടത്തെ ബാറ്റിൽ ഓഫ് ന്യൂറംബർഗെന്ന് വിശേഷിപ്പിച്ചു. ലയണൽ മെസ്സിയും ക്രിസ്റ്റിയനോ റൊണാൾഡോയും അരങ്ങേറ്റം കൊണ്ട് ശുഭാരംഭം കുറിച്ച്, സിദാൻ-മാറ്റരാസി പോരിന്റെ ആന്റിക്ലൈമാക്‌സിൽ പര്യവസാനിച്ച ലോകകപ്പിലെ ഏറ്റവും ശ്രദ്ധേമായ ആ പ്രീക്വാർട്ടർ പോരിന് ന്യൂറംബർഗിലെ കൂട്ടക്കുരുതിയെന്നുമുണ്ട് അപഖ്യാതി.
ചരിത്രം ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ആ പ്രീക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുംവരെ, കളത്തിലും പുറത്തും ചോരചിന്താൻ മാത്രം വൈരമുണ്ടായിരുന്നില്ല പോർച്ചുഗലിനും ഡച്ചുകാർക്കുമിടയിൽ. തീർത്തും സമാധാനപരമായിരുന്നു രണ്ട് വർഷം മുൻപ് ഇവരുടെ യൂറോസെമി. അന്ന് കളിച്ച പതിനാറ് പേര് തന്നെയാണ് ലോകകപ്പിലും മുഖാമുഖം നിന്നതും. ന്യൂറംബർഗിൽ, പക്ഷേ, എല്ലാം ക്ഷണനേരം കൊണ്ട് തകിടം മറിഞ്ഞു. വിദ്വേഷമാണ് അന്ന് കിക്കോഫ് വിസിൽ മുതൽ നിറഞ്ഞുകളിച്ചത്. ഡച്ചുകാരൻ മാർക്ക് വാൻ ബൊമ്മലിനായിരുന്നു ആദ്യ കാർഡ്. രണ്ടാം മിനിറ്റിൽ. അടുത്തത്, നരഭോജിയെന്ന അപരനാമം പേറുന്ന, ഡിഫൻഡർ ഖാലിദ് ബൂലാറൂസിന്റെ ഊഴം. അതും, അരങ്ങേറ്റക്കാരൻ ക്രിസ്റ്റിയാനോയെ, കണ്ണിൽ ചോരയില്ലാതെ ചവിട്ടി വീഴ്ത്തിയതിന്. കരഞ്ഞുകൊണ്ടാണന്ന് അരങ്ങേറ്റ ലോകകപ്പ് കളിച്ച ഇരുപത്തിയൊന്നുകാരൻ ക്രിസ്റ്റിയാനോ കളംവിട്ടത്. പോകുന്ന പോക്കിൽ കരച്ചിലടക്കാൻ പാടുപെട്ട് ക്രിസ്റ്റിയാനോ പറഞ്ഞു: ഇത് ആകസ്മികമല്ല, ബോധപുർവമായ ഫൗളാണ്. ഇതുവരെ ഞാൻ നേരിട്ട ഫൗളുകൾ പോലെയല്ല ഇത്. അയാൾ ഇനി ഒരു ലോകകപ്പും നിയന്ത്രിക്കരുത്.
കളി കൈയാങ്കളിയിലേയ്ക്ക് വഴിതെറ്റിയതോടെ കടിഞ്ഞാൺ റഫറിയുടെ കൈയിൽ നിന്നും വഴുതി. ഇവാനോവ് കാർഡുകൾ ചാട്ടവാറാക്കി. മഞ്ഞയും ചുവപ്പും മാറി മാറി പ്രയോഗിച്ചു. ഒന്നും വിലപ്പോയില്ല. പോർച്ചുഗലിന്റെ കോസ്റ്റിനയാണ് ആദ്യം ചുവപ്പു കണ്ടത്. പിന്നെ ക്രിസ്റ്റിയാനോയെ ചവിട്ടിമടക്കിയ ബൂലാറൂസ്. അടുത്തത് ജിയാവാനി വാൻ ബ്രോങ്കോസ്റ്റ്. നാലാമതായി ഡെക്കോ. ചുവപ്പു കാർഡിൽ അത് ലോകകപ്പിൽ പുതിയ കളങ്കിത റെക്കോഡായി. എന്നാൽ, കാർഡ് വാങ്ങി പുറത്തായവർ ഡെക്കോയും ബുലാറൂസും ബ്രോങ്കോസ്റ്റും പുറത്ത് ഒന്നിച്ചിരുന്ന് വെടിവെട്ടം പറയുന്നത് ക്യാമറക്കാർ സമർഥമായി പകർത്തി. കമന്റേറ്റർ ഗാരി ബ്ലൂം അതിനൊരു പേരും കൊടുത്തു. ബാഡ് ബോയ്‌സ് കോർണർ.
നാലു ചുവപ്പിലും മെരുങ്ങിയില്ല കളി. കളത്തിൽ ബാക്കിവന്ന ബാഡ് ബോയ്‌സ് ഫൗൾപ്ലേ തുടരുക തന്നെ ചെയ്തു. റിക്കോർഡോ, നൂനോ, മാനീഷ്, ഫിഗോ, പെറ്റിറ്റ്, ബൊമ്മൽ, സ്‌നൈഡർ, വാൻഡെർവാട്ട്... മഞ്ഞ കാർഡിന്റെ പെരുമഴയായിരുന്നു പിന്നീടും. ഒൻപതു പേരെയും വെച്ചാണ് ഇരുകൂട്ടരും തൊണ്ണൂറു മിനിറ്റ് കളിച്ചൊപ്പിച്ചത്. ഏതെങ്കിലുമൊരു ടീമിൽ രണ്ടു പേർ കൂടി ചുവപ്പു കണ്ടിരുന്നെങ്കിൽ കളി തന്നെ റദ്ദാക്കപ്പെടുകയെന്ന അപൂർവദുരന്തത്തിന് കൂടി സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു ന്യൂറംബർഗിന്. ഭാഗ്യം. വാൻ ബൊമ്മലിനെ തലകൊണ്ടിടിച്ച ഫിഗോയോട് ഇവാനോവ് വഴിവിട്ട് അൽപം കരുണ കാട്ടി. ശിക്ഷ മഞ്ഞയിൽ ഒതുങ്ങി. അതിന് ഡച്ചുകാരുടെ പഴി ഏറെ കേൾക്കേണ്ടിവന്നുവെന്നത് മറ്റൊരു കഥ. ആ ഇടി നമ്മൾ പിന്നെയും കണ്ടു. നാണക്കേടിൽ കലാശിച്ച ഇറ്റലി-ഫ്രാൻസ് കലാശപ്പോരിൽ. കപ്പുയർത്തി നിൽക്കുന്ന ഫാബിയോ കാന്നവാരോയേക്കാൾ ചിത്രത്തിലും ചരിത്രത്തിലും പതിഞ്ഞത് മാറ്റരാസിയുടെ നെഞ്ചിൻകൂട് തകർത്ത സിദാന്റെ ഇടിതന്നെ. ഫൈനലിലെ ദുരന്തത്തിന്റെ സൂചന പ്രീക്വാർട്ടറിലേ കണ്ടുവെന്ന് സാരം.
കൈവിട്ട ഈ കളിക്ക് കോച്ചുകളുടെ മൗനാനുവാദമുണ്ടായിരുന്നോ എന്നുമുണ്ട് സംശയം. ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കാൻ ഫിഗോ ക്രിസ്തുവല്ല എന്ന പോർച്ചുഗലിന്റെ ബ്രസീലുകാരൻ കോച്ച് സൂത്രശാലിയായ സ്‌കോളാരിയുടെ വിഖ്യാത ന്യായീകരണം ഈ സംശയം ബലപ്പെടുത്തി.
എന്തായാലും പ്രമുഖർ പലരും കളത്തിന് പുറത്തിരുന്നിട്ടും പോർച്ചുഗൽ പ്രീക്വാർട്ടറും ക്വാർട്ടറും കടന്ന് സെമി വരെ പോയി. പക്ഷേ, വിവാദ നായകനായ റഫറി ഇവാനോവിന് ഫിഫ കൂച്ചുവിലങ്ങിട്ടു. നാട്ടിലേയ്ക്ക് മടക്കിഅയച്ചു. ഇവാനോവ് സത്യത്തിൽ സ്വയം കാർഡ് കാണിക്കേണ്ടിയിരുന്നുവെന്ന അന്നത്തെ ഫിഫ അധ്യക്ഷൻ സെപ് ബ്ലാറ്ററും അഭിപ്രായപ്രകടനം വലിയ കലഹത്തിനാണ് തീരികൊളുത്തിയത്. റഫറിമാർക്ക് കടുപ്പക്കാരാവാൻ തിട്ടൂരം കൊടുത്തത് ഫിഫ തന്നെയാണെന്ന് അന്ന് ബ്ലാറ്ററോട് തിരിച്ചടിച്ചത് ഇവാനോവല്ല. അച്ഛൻ വാലന്റിൻ ഇവാനോവാണ്. 1962 ലെ ലോകകപ്പിലെ നാലു ഗോളടിച്ച് ഗാരിഞ്ച്ക്കും വാവയ്ക്കുമൊപ്പം ടോപ് സ്‌കോററായ ആൾ. വിവാദം കൊഴുത്തെങ്കിലും മകൻ ഇവാനോവിന് പിന്നീട് ഒരു ലോകകപ്പിലും തലകാണിക്കാനായില്ല. മാറഡോണയുടെ ദൈവത്തിന്റെ ഗോൾ കണ്ണിൽപ്പെടാതിരുന്ന അലി ബിൻ നാസർക്കും ലൈൻസ്മാൻ ബോഗ്ദാൻ ദോഷേവിനുമൊക്കെ നേരിടേണ്ടിവന്ന അതേ വിധി.
എന്നിട്ടും, കളികൾ റഫറിമാരുടെ കൈയിൽ നിന്ന് കുതറിപ്പോവുന്നത് തുടർന്നുകൊണ്ടേയിരുന്നു, ലോകകപ്പിൽ. നാലു കൊല്ലം മുൻപ് ഖത്തറിലെ ലുസൈലിൽ ചരിത്രം ആവർത്തിക്കപ്പെട്ടു. ഇക്കുറിയും ഒരു ചേരിയിൽ ഡച്ച്‌നിര തന്നെ. ഫുട്‌ബോൾ ചരിത്രത്തിലെ അർജന്റീന-ഡച്ച് വൈരത്തിലെ മറ്റൊരു കറുത്ത ഏടായ ക്വാർട്ടർപോരാട്ടത്തിന്റെ ബലിയാട്, ഷോമാനായ സ്പാനിഷുകാരൻ റഫറി അന്റോണിയോ മാറ്റ്യോ ലാവൂസായിരുന്നു. സൗമ്യനായ മെസ്സിക്ക് പോലും നിയന്ത്രണം വിട്ട്, കൈയാങ്കളി അരങ്ങുവാണ ലുസൈലിലെ യുദ്ധത്തിൽ റെക്കോഡായ പതിനെട്ട് മഞ്ഞയും ഒരു ചുവപ്പും കാർഡാണ് അന്റോണിയോ പുറത്തെടുത്തത്. കളിക്കാർ മാത്രമല്ല, അർജന്റീനയുടെ പരിശീലകരായ ലയണൽ സ്‌കളോണിയെയും വാൾട്ടർ സാമ്വലിനെയും വെറുതെവിട്ടില്ല അന്റോണിയോ. കളിക്കാരുടെ തർക്കം അവസാന വിസിലിലും തീർന്നില്ല. വാക്കിൽ മെസ്സിക്ക് പോലും നിലവിട്ടു. അർജന്റീനയ്ക്കുവേണ്ടി ഒരുക്കിയ നാടകമെന്ന് അന്ന് ഡച്ച് കോച്ചായിരുന്നു ലൂയി വാൻഗാൽ ആരോപിച്ചു.
കളിക്കാർ പിന്നീട് എല്ലാം പൊറുത്തുമാപ്പാക്കി. പക്ഷേ, റഫറി അന്റോണിയോയ്‌ക്കെതിരേയുള്ള ആക്രമണം തുടർന്നു. കളി കൈവിടാനുള്ള കാരണം അന്റോണിയോയുടെ പ്രവൃത്തിയാണെന്ന് പരക്കെ വിമർശിക്കപ്പെട്ടു. മെസ്സിയും എമി മാർട്ടിനെസും അന്റോണിയോയ്‌ക്കെതിരേ ആയുധം രാകിമിനുക്കി. ഒടുവിൽ അന്റോണിയോയെ ഫിഫ നാട്ടിലേയ്ക്ക് മടക്കി അയച്ചു. റഫറിമാരിലെ മാവറിക്കിന് അത് അവസാന ലോകകപ്പാവുകയും ചെയ്തു.
ഇവാനോവും അന്റോണിയോയും അലി ബിൻ നാസറും മാത്രമല്ല, ഇക്വഡോറുകാരൻ ബൈറൺ മൊറേനോ, ഈജിപ്തുകാരൻ ഗമാൽ അൽ ഗാന്ധർ, ഇംഗ്ലണ്ടുകാരൻ ഗ്രഹാം പോൾ, ക്ലൈവ് തോമസ്, ഫഹദ് അൽ മിദാസി..... വിധിയിൽ പിഴച്ച് ദുർവിധി ഏറ്റുവാങ്ങിയ റഫറിമാർ നിരവധിയുണ്ട് ലോകകപ്പിന്റെ ചരിത്രത്തിൽ. ത്രസിപ്പിക്കുന്ന ക്ലാസിക് കളികളും മനംകവർന്ന സൂപ്പർ താരങ്ങളും മാത്രമല്ലല്ലോ ലോകകപ്പുകളെ സമ്പന്നമാക്കുന്നത്. ചില പിഴകളും ചില കളങ്കങ്ങളും ചില വീഴ്ചകളും കൂടിയാണ് ലോകകപ്പിനെ സമൃദ്ധമാക്കുന്നത്.
Content Highlights: Analysis of the 2006 'Battle of Nuremberg' between Portugal and the Netherlands. Examination of referee Valentin Ivanov's record-breaking card usage. Comparison with the 2022 Argentina-Netherlands quarter-final chaos. Insight into how refereeing decisions shape football history and legacy.
Published: 12 Jun 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented