പ്രായത്തെ വെല്ലുന്ന കാർഷിക താൽപര്യത്തിലൂടെ ശ്രദ്ധേയനാവുകയാണ് മൂന്നാം ക്ലാസുകാരനായ വർഷൻ. അച്ഛൻ ശിവാനന്ദന്റെ പാൽവിൽപന ജോലിയുടെ ഭാഗമായുള്ള പശുപരിപാലനത്തിൽ സജീവ പങ്കാളിയാണ് വർഷൻ. അടുത്തിടെ നടന്ന കർഷക ദിനത്തിൽ ആലങ്ങാട് കൃഷിഭവൻ മികച്ച കുട്ടിക്കർഷകനായി വർഷനെ ആദരിച്ചിരുന്നു.

To advertise here,

വർഷന്റെ ഓമനകളാണ് കറുത്തമ്മയും കുമ്പിയും. അച്ഛൻ ശിവാനന്ദൻ പശുക്കളെ പരിപാലിക്കുന്നത് കണ്ടുപഠിച്ചാണ് വർഷനും അച്ഛനൊപ്പം തൊഴുത്തിൽ കൂടാൻ തുടങ്ങിയത്. വീട്ടിലെ പശുക്കളെ കറക്കുന്ന കാര്യത്തിലും പുല്ല് നൽകുന്നതിലും വർഷൻ സജീവമാണ്.

അച്ഛനും വല്യച്ഛനും മറ്റ് പശുക്കളെ കറക്കുമ്പോൾ, തന്റെ അരുമയായ കറുത്തമ്മയെ വർഷൻ തന്നെയാണ് കറക്കുക. പുല്ലരിഞ്ഞു കൊടുത്തും, പാൽ കറന്നും അച്ഛനൊപ്പം തൊഴുത്തിൽ ലോഹ്യം കൂടാൻ വർഷൻ എപ്പോഴും ഉണ്ടാകും. സ്കൂൾ വിട്ടുവന്നാലും, പഠനം കഴിഞ്ഞുള്ള സമയത്തും വർഷൻ തന്റെ പശുക്കളോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്.

പശുക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും താൻ ചെറിയ പ്രായത്തിൽ തന്നെ കണ്ടുപഠിച്ചു എന്നും, തനിക്ക് കറക്കാനും പുല്ലു കൊടുക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും സാധിക്കുമെന്നും വർഷൻ ഉറപ്പിച്ചു പറയുന്നു.