ഈ വാച്ച് കണ്ടില്ലേ, കാര്യമായ എന്തോ ഒരു പ്രശ്‌നം ഇതിനില്ലേ? മൂന്നിന്റെ സ്ഥാനത്ത് ഒമ്പത്, ഒമ്പതിന്റെ സ്ഥാനത്ത് മൂന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തെ ട്രോളി സ്വിസ് വാച്ച് കമ്പനിയായ 'സ്വാച്ച്' പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ വാച്ചാണിത്. 'വാട്ട് ഈഫ് താരിഫ്‌സ്' എന്നാണ് തലതിരിഞ്ഞ ഈ വാച്ചിനിട്ട പേര്. 

To advertise here,

സ്വിറ്റ്സര്‍ലന്‍ഡിനുമേല്‍ ട്രംപ് ചുമത്തിയ 39 ശതമാനം ഉയര്‍ന്നതീരുവയെ പരിഹാസരൂപേണ വിമര്‍ശിക്കുകയാണ് സ്വാച്ച്. 39 ശതമാനം തീരുവയെ സൂചിപ്പിച്ചുകൊണ്ട്, സാധാരണ വാച്ചില്‍ ഒമ്പത് വരേണ്ടയിടത്ത് മൂന്നിനേയും മൂന്ന്  വരേണ്ടയിടത്ത് ഒമ്പതിനേയും പരസ്പരം സ്ഥാനംമാറ്റിയാണ് സ്വാച്ചിന്റെ പരിഹാസം. 

ഏതായാലും വാച്ചിന് വലിയ ഡിമാന്റുള്ളതിനാല്‍ ഉത്പാദനം കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. സ്വിറ്റ്സര്‍ലന്‍ഡില്‍ മാത്രമേ ഈ വാച്ച് വാങ്ങാന്‍ കിട്ടൂ. 139 സ്വിസ് ഫ്രാങ്കാണ് വില, അതായത് ഏകദേശം 15000 രൂപ. തീരുവ കുറയ്ക്കുകയോ യുഎസും സ്വിറ്റ്സര്‍ലന്‍ഡും വ്യാപാരക്കരാറിലെത്തുകയോ ചെയ്യുന്ന മുറയ്ക്ക് ഈ മോഡലിന്റെ വില്‍പ്പന നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തീരുവ വിഷയം ഇതുവരെ പരിഹരിക്കാനാക്കാനാത്ത സ്വിസ് സര്‍ക്കാരിനെ ഉണര്‍ത്താന്‍ നടപടി സഹായിക്കുമെന്നാണ് കമ്പനിയുടെ നിലപാട്.