ഒടുവില്‍ വാര്‍സോ മൃഗശാലയിലെ ഇത്തിരിക്കുഞ്ഞന്‍ മാനിന് പേരിട്ടു, പ്രലിങ്ക അഥവാ പ്രലൈന്‍ എന്ന പേരിലാവും ഈ മാന്‍കുഞ്ഞ് ഇനി അറിയപ്പെടുക. ഫെയ്സ്ബുക്കിലൂടെ ലഭിച്ച 1300 നിര്‍ദേശങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടിക്കൊണ്ടാണ് പ്രലിങ്ക എന്ന പേര് മൃഗശാല അധികൃതര്‍ തിരഞ്ഞെടുത്തത്. ജൂലൈ മാസത്തിലാണ് കടുത്ത വംശനാശഭീഷണി നേരിടുന്ന സൗത്തേണ്‍ പുഡു ഇനത്തില്‍പെട്ട പെണ്‍മാന്‍കുഞ്ഞ് പോളണ്ടിലെ വാര്‍സോ മൃഗശാലയില്‍ ജനിച്ചത്. ഈ വര്‍ഷം ജനിച്ച എല്ലാ മൃഗങ്ങള്‍ക്കും പി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് നല്‍കണമെന്നായിരുന്നു തീരുമാനം. അങ്ങനെ പതിവില്‍ നിന്ന് വ്യത്യസ്തമായി മാന്‍ കുഞ്ഞിന് വെറൈറ്റി പേര് നല്‍കാനുള്ള അവസരം സൂ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്‍കി. ഫെയ്സ്ബുക്കിലൂടെ പരസ്യം ചെയ്തു. ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്. പേര് സജസ്റ്റ് ചെയ്തതില്‍ നമ്മള്‍ മലയാളികളും പിന്നിലായിരുന്നില്ല. പീക്കിരി, പാറു, പിറവി, തുടങ്ങി പങ്കജാക്ഷി എന്ന പേര് പോലും നിര്‍ദേശങ്ങളിലുണ്ടായിരുന്നു. ഒടുവില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നാല് പേരുകള്‍ വോട്ടിനിട്ടാണ് പ്രലിങ്ക അഥവാ പ്രലൈന്‍ എന്ന പേര് സെലക്ട് ചെയ്തത്. പ്രാഗ്, പുനിയ, പിറവി എന്നിവയായിരുന്നു ഫൈനല്‍ മത്സരത്തിനുണ്ടായിരുന്ന മറ്റ് പേരുകള്‍. പ്രലിങ്ക ഇംഗ്ലീഷില്‍ പ്രലൈന്‍ എന്നും അറിയപ്പെടും. 

To advertise here,

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ മാന്‍ വിഭാഗമാണ് സൗത്തേണ്‍ പുഡു. ചിലിയുടേയും അര്‍ജന്റീനയുടേയും വനപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന പുഡുവിന് വെറും 46 സെ.മീ ഉയരവും 15 കി.ഗ്രാം ഭാരവുമാണ് പരമാവധിയുണ്ടാവുക. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നവയാണ് പൊതുവേ ഈ മാന്‍ കുഞ്ഞുകള്‍. തുറന്ന പ്രദേശത്ത് ഇവയെ കാണുന്നത് പോലും വളരെ അപൂര്‍വമാണ്.