ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേള്‍ക്കുമെന്ന് ഡോ. റുവൈസ്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു റുവൈസിന്റെ പ്രതികരണം. 'എന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാ വിശേഷങ്ങളും കേള്‍ക്കും' - റുവൈസ് പറഞ്ഞു.

To advertise here,

അറസ്റ്റിലായ റുവൈസിനെ വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ 21 വരെ റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി.

ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്‌ലാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.