ചമ്പാരൻ (ബീഹാർ): സ്ത്രീധനമായി എരുമയും മോട്ടോർ സൈക്കിളും നൽകിയില്ല എന്ന കാരണത്താൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച് ബീഹാർ കോടതി. പശ്ചിമ ചമ്പാരൻ സ്വദേശിയായ റീനാ ദേവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ സുഭാഷ് യാദവിന് ബഗഹ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

To advertise here,

2020 ജൂലൈ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീധനത്തെച്ചൊല്ലി ഇരുവർക്കിടയിലുമുണ്ടായ വാക്കേറ്റത്തിനിടെ, സുഭാഷ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതി ഭാര്യയുടെ മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് വെവ്വേറെ ചാക്കുകളിലാക്കി ഉപേക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് റീനാ ദേവിയുടെ മാതാവ് മഞ്ജു ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധനഹ പോലീസ് ആദ്യം കേസെടുത്തത്. ഒരു മോട്ടോർ സൈക്കിളും എരുമയും സ്ത്രീധനമായി നൽകണമെന്ന ആവശ്യത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരമായ തർക്കങ്ങൾ നിലനിന്നിരുന്നതായി ഇവർ പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷത്തിലാണ് സുഭാഷ് യാദവിനെ പിടികൂടിയത്.

ഐപിസി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഐപിസി 201-ാം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ദമ്പതികളുടെ രണ്ട് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിമാസം 4,000 രൂപവീതം ഓരോകുട്ടിക്കും സാമ്പത്തികസഹായം നൽകാൻ ബീഹാർ സർക്കാരിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.