ഇന്ത്യന്‍ താരം സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും ഒരേ ടീമില്‍ ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ്. രണ്ടാമത് കെ.സി.എല്‍ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിലാണ് ഇരുവരും ഒരേ ജേഴ്സിയണിയുക. സഞ്ജുവിനേയും സാലിയേയും കൊച്ചി ബ്ലൂ ടൈഗേഴ്സ് താരലേലത്തില്‍ പിടിച്ചതോടെയാണ് ഇതിനുള്ള അവസരം ഒരുങ്ങിയത്.

To advertise here,

സാലി സാംസണിനെ അടിസ്ഥാന വിലയായ 75,000 രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തം പാളയത്തിലെത്തിച്ചത്. മൂന്ന് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സഞ്ജുവിന് കിട്ടിയതാകട്ടെ 26.80 ലക്ഷം രൂപയും. കെ.സി.എല്ലിലെ ഏറ്റവും വിലയേറിയ താരമായും ഇതോടെ സഞ്ജു മാറി.

കെസിഎല്ലിന്റെ ആദ്യ സീസണില്‍ സഞ്ജു കളിച്ചിരുന്നില്ല. സാലിയാകട്ടെ കഴിഞ്ഞ സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു. ഓള്‍റൗണ്ടറായ സാലി അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐ.പി.എല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷംമുതല്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് കെസിഎല്‍ അഥവാ കേരളാ ക്രിക്കറ്റ് ലീഗ്. കൊച്ചി ബ്ലൂ ടൈഗേഴ്സസിന് പുറമേ ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിനുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

ഓഗസ്റ്റ് 21ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കും.