മ്യൂസിയത്തില്‍ തന്നെ വെക്കേണ്ടിവരുമോ?; നവകേരള ബസ് കട്ടപ്പുറത്ത്
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമൊട്ടാകെ സഞ്ചരിച്ച നവകേരള ബസ്. മ്യൂസിയത്തില്‍വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരുമെന്ന് ബാലന്‍ സഖാവ് പറഞ്ഞ അതേ ക്യാബിനെറ്റ് ബസ്. തുടക്കംമുതല്‍ വിവാദങ്ങളുടെ വഴിയേ മാത്രം കുതിച്ച നവകേരള ബസ് കോഴിക്കോട്ട് കട്ടപ്പുറത്താണിപ്പോള്‍. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കഴിഞ്ഞ ജൂലായ് 21നാണ് ബസ് വര്‍ക്ക് ഷോപ്പിലെത്തിച്ചത്. എന്നാല്‍ ഒരുമാസത്തിലേറെയായി പൊടിപിടിച്ചുകിടക്കുന്നതല്ലാതെ യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ഈ അവസ്ഥയില്‍ ബസ് മ്യൂസിയത്തില്‍ കാഴ്ചവസ്തുവായി തന്നെ വെക്കേണ്ടിവരുമെന്നാണ് വിമര്‍ശനം.
ആഡംബര ബസിലെ പ്രധാന സവിശേഷതയായി ഉയര്‍ത്തിക്കാട്ടിയ ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് വാഹനം വർക്ക് ഷോപ്പിലേക്ക് മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍, പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തുനിന്ന് വന്നിട്ടില്ല. എന്ന് പണി തുടങ്ങുമെന്നോ തിരികെ റോഡില്‍ ഇറക്കുമെന്നത് സംബന്ധിച്ചോ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അധികൃതര്‍ക്കോ വർക്ക് ഷോപ്പ് അധികൃതര്‍ക്കോ കൃത്യമായ അറിവില്ല. സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇറക്കിയ ബസ് നോക്കുകുത്തിയായിക്കിടക്കുന്നതാണ് അവസ്ഥ.
സര്‍ക്കാര്‍ കൊണ്ടുപിടിച്ച് നടത്തിയ നവകേരളയാത്രയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ മറ്റു സര്‍വീസുകള്‍ക്കൊന്നും ബസ് ഉപയോഗിച്ചിരുന്നില്ല. ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച ബസ് ഉപയോഗിക്കാതെ കിടന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ ചില മാറ്റങ്ങള്‍ വരുത്തി മേയ് അഞ്ചുമുതലാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസായി ബസ് ഓടിച്ചുവന്നത്. എന്നാല്‍ ക്യാബിനെറ്റ് ബസിന്റെ കണ്ടകശനി അവിടേയും തിര്‍ന്നില്ല. ആദ്യദിനങ്ങളില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍ തിരക്കായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി പുറപ്പെട്ട ബസ്, ഒറ്റ യാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇതിനിടെ ബാത്ത് റൂം ടാങ്കിനും ചോര്‍ച്ചയുണ്ടായി.
അറ്റകുറ്റപ്പണി കാത്ത് വര്‍ക്ക് ഷോപ്പില്‍ കിടക്കുന്ന ബസിന്റെ ഭാവി ഇനിയെന്താകുമെന്നതാണ് ചോദ്യം. ബാലന്‍ സഖാവ് പറഞ്ഞതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ്സിന് മൂല്യം കൂടുമോ, അതോ പ്രതിപക്ഷത്തിന്റെ കരിങ്കൊടി, കല്ലേറ്, പിന്നെ മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവര്‍ത്തനത്തെ വരെ നേരിട്ട ബസ് കട്ടപ്പുറത്ത് കിടന്ന് അകാലചരമം അടയുമോ എന്ന് കാത്തിരുന്ന് കാണാം.
Content Highlights: Navakerala bus taken to workshop for repairs
Published: 27 Aug 2024, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented