ഡ്രൈവിങ് ലൈസന്‍സിനായുള്ള ലേണേഴ്‌സ് ടെസ്റ്റില്‍ കാര്യമായ മാറ്റംവരുത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ചോദ്യങ്ങളുടെ എണ്ണം കൂട്ടിയതാണ് ആദ്യത്തെ മാറ്റം. നിലവിലെ 20 ചോദ്യങ്ങള്‍ക്ക് പകരം ലേണേഴ്‌സ് ടെസ്റ്റില്‍ ഇനി 30 ചോദ്യങ്ങളുണ്ടാകും. 30ല്‍ 18 ചോദ്യങ്ങള്‍ ശരിയാക്കിയാല്‍ ലേണേഴ്‌സ് പാസാകം. നേരത്തെ ചോദ്യങ്ങള്‍ 20 ആയിരുന്നപ്പോള്‍ പാസാകാന്‍ വേണ്ടത് 12 ശരിയുത്തരങ്ങളായിരുന്നു. ഓരോ ഉത്തരങ്ങളും മാര്‍ക്ക് ചെയ്യാനുള്ള സമയപരിധിയും കൂട്ടി. ഇനിമുതല്‍ ഒരുചോദ്യത്തിന് 30 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കിയാല്‍ മതി. നേരത്തെ ഇത് 15 സെക്കന്‍ഡ് ആയിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍വരും. 

To advertise here,

പരിശീലനത്തിനും മോക്ക് ടെസ്റ്റിനുമായി 'എംവിഡി ലീഡ്‌സ്' എന്ന പേരില്‍ പുതിയ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ലേണേഴ്‌സ് ടെസ്റ്റിനുള്ള സിലബസ് ആപ്പില്‍ ലഭിക്കും. ആപ്പിലെ റോഡ് സേഫ്റ്റി ടെസ്റ്റ് പാസാകുന്നവര്‍ക്ക് റോഡ്‌സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റിന് മുന്‍പ് നടത്തുന്ന നിര്‍ബന്ധിത റോഡ് സേഫ്റ്റി ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതില്ല. പിന്നീട് നേരേ റോഡ് ടെസ്റ്റിലേക്ക് പോയാല്‍ മതി. ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്കും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ലീഡ്‌സ് ആപ്പ് വഴി ഇവരും ടെസ്റ്റ് പാസാവണം. മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ക്കും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.