പഴയ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്ധനം കിട്ടാതായിരിക്കുകയാണ്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുമാണ് പമ്പുകളില്‍ ഇന്ധനം നിരോധിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് ഏകദേശം 62 ലക്ഷം വാഹനങ്ങള്‍ക്കാണ് പണികിട്ടിയത്. ഈ വാഹനങ്ങളത്രയും ഇനി നിരത്തുകളില്‍ ഓടില്ലെന്ന് ചൂരുക്കം. സര്‍ക്കാരിന്റെ ലക്ഷ്യവും അതുതന്നെയാണ്. 

To advertise here,

പഴയ വാഹനങ്ങള്‍ മൂലമുള്ള വായു മലിനീകരണം തടയാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്. കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഡല്‍ഹിയിലെ 500ഓളം പമ്പുടമകള്‍ക്ക് സര്‍ക്കാര്‍ കര്‍ശനം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ ക്യാമറകള്‍ കാലഹരണപ്പെട്ട വാഹനങ്ങളെ തിരിച്ചറിയും. ഇതിന് പുറമേ നിയന്ത്രണം ലംഘിച്ചെത്തുന്ന പഴയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പമ്പുകളില്‍ പോലീസുകാരേയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. 

ഈ നീക്കത്തിലൂടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ വിശകലനം അനുസരിച്ച് ഡല്‍ഹിയിലെ മലിനീകരണത്തിന്റെ പകുതിയിലധികവും വാഹനങ്ങളില്‍നിന്നാണ്. അപകടകരമായ ഈ സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചത്. അതേസമയം ട്രെയല്‍ റണ്‍ പോലും നടത്താതെ പെട്ടെന്നൊരു ദിവസം ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതിനെതിരേ പെട്രോള്‍-ഡീസല്‍ ഡീലര്‍മാരുടെ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.