വിദേശ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. മറികടന്നതാകട്ടെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനെ. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡില്‍ നടന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് ബുംറയുടെ പുതിയ റെക്കോര്‍ഡ്. വിദേശ പിച്ചുകളിലെ ബുംറയുടെ 13-ാം അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഇതിന് വേണ്ടിവന്നതാകട്ടെ വെറും 35 ടെസ്റ്റുകള്‍ മാത്രം. 66 ടെസ്റ്റുകളില്‍ നിന്നായിരുന്നു കപില്‍ ദേവ് 12 തവണ ഈ നേട്ടം സ്വന്തമാക്കിയത്. 

To advertise here,

അഞ്ച് വിക്കറ്റ് നേട്ടത്തോടെ ലോര്‍ഡ്സിലെ ഓണേഴ്സ് ബോര്‍ഡില്‍ പേര് ചേര്‍ക്കപ്പെടുന്ന 15-ാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുംറയ്ക്ക് സ്വന്തമായി. സെഞ്ചുറി കുറിക്കുകയോ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവക്കുകയോ ചെയ്യുന്ന താരങ്ങളാണ് ഓണേഴ്‌സ് ബോര്‍ഡില്‍ ഇടംപിടിക്കുക. 2014ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ലോര്‍ഡ്‌സ് ഓണേഴ്‌സ് ബോര്‍ഡില്‍ പേരെഴുതി ചേര്‍ക്കുന്നത്. 

ഈ നേട്ടത്തിന് പുറമേ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ബൗളര്‍ കൂടിയായി ബുംറ മാറി. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനൊപ്പമാണ് ബുംറ ഈ നേട്ടം പങ്കുവെയ്ക്കുന്നത്. ഇരുവരും ഇംഗ്ലണ്ടില്‍ നാലു തവണ വീതം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ്. അഞ്ചു തവണ ഈ നേട്ടത്തിലെത്തിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്.