കുളം വൃത്തിയാക്കുന്നതിനിടെ വിരല്‍ത്തുമ്പില്‍ മീന്‍ കുത്തി. ആദ്യം സാരമാക്കിയില്ല. വേദന കൂടിയപ്പോള്‍ ചികിത്സ തേടി. ക്രമേണ കൈ മടങ്ങാതായി. കഠിനവേദനയ്‌ക്കൊപ്പം വിരലിലും കൈപ്പത്തിയിലും കുമിളകള്‍ രൂപപ്പെട്ടു. അപ്പോഴാണ് തലശ്ശേരി പൈക്കാട്ട് കുനിയില്‍ ടി.രജീഷ് എന്ന യുവാവിന് ഗ്യാസ്ഗാംഗ്രീന്‍ എന്ന അപൂര്‍വ രോഗാവസ്ഥയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആദ്യം രണ്ടുവിരലുകള്‍ മുറിച്ചുമാറ്റി. ഫലമില്ലാതായപ്പോൾ കൈപ്പത്തി നീക്കി. സത്യത്തിൽ എന്താണ് ഗ്യാസ്ഗാംഗ്രീന്‍ എന്ന അവസ്ഥ?

To advertise here,

അപൂര്‍വവും അത്യന്തം അപകടകരവുമാണ് ഗ്യാസ്ഗാംഗ്രീന്‍. ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം കാണുന്ന അണുബാധ. മണ്ണിലടക്കം കാണപ്പെടുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയകളാണ് ഈ അവസ്ഥയ്ക്ക് കാരണം. തീർത്തും മലീനമായ പരിതസ്ഥിതിയുമായി സമ്പർക്കമുണ്ടാവുമ്പോൾ മിക്കവാറും മുറിവുകളിലൂടെയാണ് ഇവ ശരീരത്തിലെത്തുന്നത്. ശരിയായി പാകം ചെയ്യാത്തതോ സൂക്ഷിച്ചിരിക്കുന്നതോ ആയ ഭക്ഷണത്തിലൂടെയും, അണുബാധയേറ്റ സൂചികൾ ഉപയോഗിക്കുന്നതിലൂടെയും ഇവ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കാം. ശരീരത്തിലെത്തുന്നതോടെ രക്തക്കുഴലുകൾ, രക്തകോശങ്ങൾ എന്നിവയെ നശിപ്പിക്കുന്ന വിഷവസ്തുക്കൾ ഇവ പുറപ്പെടുവിക്കും. ഇത് പേശി കലകളെ വേഗത്തിൽ നശിപ്പിക്കും.

അണുബാധയുടെ വേഗതയാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം. അണുബാധയേറ്റ മുറിവിൽ നിന്ന് ചുറ്റുമുള്ള കലകളിലേക്ക് 12 മുതൽ 24 മണിക്കൂറിനുള്ളിൽ അണുബാധ പടരും. ചികിത്സിച്ചില്ലെങ്കിൽ, 48 മണിക്കൂറിനുള്ളിൽ അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. കഠിനമായ വേഗത്തിൽ പടരുന്ന വേദന, വീക്കം, ചർമ്മത്തിന്റെ നിറം മാറൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിനുപുറമെ തവിട്ട്-ചുവപ്പ് നിറത്തിലുള്ള ദ്രാവകം നിറഞ്ഞ കുമിളകൾ, പനി, ദുർഗന്ധം വമിക്കുന്ന സ്രവം എന്നിവയും ഉണ്ടായേക്കാം.

ശരിയായി രക്തചംക്രമണം നടക്കാത്തവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, രക്തക്കുഴലുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഗ്യാസ് ഗാംഗ്രീൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അണുബാധയുണ്ടായ ശരീരഭാഗം മുറിച്ചുമാറ്റുക എന്നതാണ് ആദ്യം ചെയ്യുന്ന ചികിത്സ. മറ്റുഭാഗങ്ങളിലേക്ക് പെട്ടെന്ന് വ്യാപിക്കുമെന്നതിനാൽ എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്യണം. ആന്റിബയോട്ടിക്കുകളും വേദനയ്ക്കുള്ള മരുന്നുകളും ഇതിനൊപ്പം നൽകും. ചില കേസുകളിൽ ഹൈപ്പർബാറിക് ഓക്സിജൻ ചികിത്സയും നടത്തും.

Inshort: Gas gangrene is a severe bacterial infection caused by Clostridium species, spreading rapidly within 12-24 hours and potentially fatal in 48 hours if untreated. It enters through wounds, contaminated needles, or food, releasing toxins that destroy tissues. Symptoms include severe pain, swelling, skin discoloration, and foul-smelling discharge. High-risk individuals include those with poor circulation or weakened immunity. Treatment requires immediate surgery, antibiotics, and sometimes hyperbaric oxygen therapy. Quick medical intervention is critical.