വളർത്തുനായ നക്കിയതിനു പിന്നാലെ കൈകാലുകൾ മുറിച്ചുനീക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് മൻജിത് സാംഘ എന്ന യുവതി.

അരുമ മൃഗങ്ങളെ വീട്ടിലെ അംഗങ്ങളെപ്പോലെ സ്നേഹിക്കുന്നവരുണ്ട്. വീട്ടിൽ വളർത്തുന്നതല്ലേയെന്നു കരുതി അവ കടിച്ചാലും മാന്തിയാലുമൊക്കെ നിസ്സാരമാക്കുന്നവരുമുണ്ട്. അതിന്റെ അപകടാവസ്ഥ വ്യക്തമാക്കുന്ന ഒരനുഭവമാണ് ഇപ്പോൾ യു.കെ.യിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. തന്റെ വളർത്തുനായ നക്കിയതിനു പിന്നാലെ കൈകാലുകൾ മുറിച്ചുനീക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് മൻജിത് സാംഘ എന്ന യുവതി.
2025 ജൂലായിൽ ഓഫീസിൽ നിന്നു വന്നതിനു പിന്നാലെയാണ് മൻജിത്തിന് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. അടുത്ത ദിവസം രാവിലെയായപ്പോഴേക്കും അബോധാവസ്ഥയിലാവുകയും കൈകാലുകൾ തണുത്ത് മരവിക്കുകയും ചുണ്ട് നീലനിറമാവുകയും ശ്വാസമെടുക്കാൻ പാടുപെടുകയും ചെയ്തു. ആശുപത്രിയിലെത്തിയയുടൻ മൻജിത്തിനെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയും മുട്ടിനുതാഴേക്ക് കാലുകളും കൈകളും മുറിച്ചുനീക്കുകയും ചെയ്തു. ഇതിനിടയിൽ പലതവണ ഹൃദയാഘാതമുണ്ടാവുകയും അതിനെ അതിജീവിക്കുകയും ചെയ്തു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ശരീരത്തിലുണ്ടായ ചെറിയ മുറിവിൽ നായ നക്കിയതാവും എല്ലാത്തിനും കാരണമായതെന്ന് ഡോക്ടർമാർക്ക് മനസ്സിലായത്. നായയുടെ ഉമിനീരിലൂടെ ബാക്ടീരിയ രക്തത്തിലേക്ക് കടന്നതാവാം കാരണമെന്നാണ് കരുതുന്നത്. നായ്ക്കളിലുള്ള Capnocytophaga canimorsus എന്ന ബാക്ടീരിയ മനുഷ്യരിൽ സെപ്സിസിനും മരണത്തിനും വരെ കാരണമാകുന്നതാണ്.
രോഗപ്രതിരോധസംവിധാനം ആരോഗ്യകരമായ കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കുന്ന ഗുരുതരമായ സാഹചര്യമാണ് സെപ്സിസ്. ഇത് ശരീരത്തിലുടനീളം വീക്കമുണ്ടാവാനും കാരണമാകും. ബാക്ടീരിയൽ അണുബാധകളാണ് സെപ്സിസിന്റെ പ്രധാന കാരണം. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ, മൂത്രനാളിയെ ബാധിക്കുന്ന അണുബാധ, പിത്തസഞ്ചി, കരൾ എന്നിവയിലെ അണുബാധ, അപ്പെൻഡിക്സ്, കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കുന്ന അണുബാധ, ചർമത്തിലുണ്ടാകുന്ന അണുബാധ തുടങ്ങിയവയൊക്കെ സെപ്സിസിന് കാരണമാകാം.
ചർമത്തിൽ ചുവന്നുതടിക്കുക, മൂത്രത്തിൽ കുറവോ അമിതമായ മൂത്രശങ്കയോ, ഊർജക്കുറവ്, ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, കുറഞ്ഞ രക്തസമ്മർദം, പനി, വിറയൽ, ശ്വാസതടസ്സം, വേദന തുടങ്ങിയവയാണ് സെപ്സിസിന്റെ പ്രധാനലക്ഷണങ്ങൾ.
ചികിത്സ വൈകുന്നത് രക്തസമ്മർദം പൊടുന്നനെ കുറഞ്ഞ് അവയവങ്ങളുടെ പ്രവർത്തനം തകരാറിലാവാനും ഓക്സിജന്റെ അളവ് കുറയുന്നതുമൂലം ശ്വാസതടസ്സമുണ്ടാവാനും രക്തം കട്ടപിടിക്കാനും വൃക്കയുടെ പ്രവർത്തനം നിലയ്ക്കാനുമൊക്കെ കാരണമാകും.
Content Highlights: A woman`s life changed forever after a dog lick, leading to limb amputation.
Published: 24 Feb 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented