ഒരുമിച്ച് യാത്രപോകുന്ന പങ്കാളികള്‍....എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം രണ്ടുവഴിക്ക് പോവുന്നു, അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. വീണ്ടും വിമാനയാത്രയില്‍ ഒന്നിക്കുന്നു. സഞ്ചാരികളായ ദമ്പതികള്‍ക്കിടയില്‍ ട്രെന്‍ഡാവുകയാണ് എയര്‍പോര്ട്ട് ഡിവോഴ്‌സ്. റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കാനല്ല, മറിച്ച് റിലേഷന്‍ഷിപ്പിനെ മെച്ചപ്പെടുത്താനുള്ള വഴിയായാണിത്.

To advertise here,

ചെക്ക്-ഇന്‍ ക്യൂകള്‍ മുതല്‍ ബാഗേജ് ക്ലെയിമുകള്‍ വരെയുള്ള സമയങ്ങള്‍ പല യാത്രക്കാര്‍ക്കും സമ്മര്‍ദ്ദവും ഉത്കണ്ഠയും നിറഞ്ഞതാണ്. എയര്‍പോര്‍ട്ടില്‍ ഇത്തരം മെന്റല്‍ സ്‌ട്രെസ് അനുഭവിക്കുന്ന സമയത്ത് പങ്കാളി ഷോപ്പിങ്ങിന് വിളിച്ചാല്‍ എങ്ങനിരിക്കും? അതുപോലെ വിമാനത്താവളത്തില്‍ വെറുതെയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളും കറങ്ങിനടക്കാന്‍ ഇഷ്ടപ്പെടുന്ന വേറൊരാളുമാണ് ഒരുമിച്ച് യാത്ര ചെയ്യുന്നതെങ്കിലോ...? അത്തരം ഇഷ്ടങ്ങളെ പങ്കാളിയെ കൂട്ടുപിടിക്കാതെ ഒറ്റയ്ക്ക് ആസ്വദിക്കുന്ന പരിപാടിയാണ് എയര്‍പോര്ട്ട് ഡിവോഴ്‌സ്. താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം ഒരുമിച്ച് അടിപൊളിയായി യാത്ര ചെയ്യാം. യാത്രയ്ക്കുമുമ്പ് ഒരു റീസെറ്റ് ബട്ടണ്‍ അമര്‍ത്തുന്നത് പോലെ.

ബ്രിട്ടീഷ് ട്രാവല്‍ കോളമിസ്റ്റായ ഹ്യൂ ഒലിവറാണ് 'എയര്‍പോര്‍ട്ട് ഡിവോഴ്‌സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നുണ്ടായ ഈ ആശയം പെട്ടെന്ന് ട്രെന്‍ഡായി മാറുകയായിരുന്നു. പങ്കാളിയുടെ ഇഷ്ടങ്ങള്‍ മനസിലാക്കാനും അവരുടെ സ്വകാര്യതയും മാനിക്കുന്നതിനുമുള്ള മാര്‍ഗം കൂടിയാണ് ഈ ട്രെന്‍ഡ്.